
പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും അത് നേരെയാകില്ലെന്നാണ് പഴഞ്ചൊല്ല്. സംഗതി സത്യമാണ്. പഴഞ്ചൊല്ല് ഉണ്ടാകുന്നതിന് മുമ്പേ പട്ടിയുണ്ടായിരുന്നു. അതിന്റെ വാല് വളഞ്ഞതുമായിരുന്നു. കാലം മാറിയിട്ടും ഇന്നും ഭൂമിമലയാളത്തിലെ സകല പട്ടികളുടെയും വാല് വളഞ്ഞുതന്നെ. കോന്നി മെഡിക്കൽ കോളേജിൽ രോഗിയുടെ എക്സ് റേ മാറിപ്പോയി ചികിത്സ നടത്തിയത് കേട്ടപ്പോഴാണ് പട്ടിയും കുഴലും വാലും ഉൾപ്പെടെയള്ള കുഴപ്പങ്ങളെക്കുറിച്ച് ഒാർത്തത്. ശ്വാസംമുട്ടലിന് ചികിത്സയ്ക്കെത്തിയ പെൺകുട്ടിയുടെ എക്സ് റേയ്ക്ക് പകരം അവിടെ നൽകിയത് നട്ടെല്ലിന് വേദനയുള്ള 85 കാരിയുടെ എക്സ് റേ. ഇത് പരിശോധിച്ച ഡോക്ടർ നട്ടെല്ലിന് വളവുണ്ടെന്ന് കണ്ടെത്തി അതിനുള്ള മരുന്ന് പെൺകുട്ടിക്ക് നൽകുകയും ചെയ്തു. 85കാരിക്ക് നൽകിയത് ശ്വാസംമുട്ടലിനുള്ള ചികിത്സയാണെന്ന് ഉൗഹിക്കാം.
എക്സ് റേ മാറി നൽകിയ താത്കാലിക ജീവനക്കാരനെ സസ്പെൻഡ് ചെയ്ത് ആരോഗ്യ വകുപ്പ് തടിതപ്പി. എത്ര കുഴലിലിട്ടാലും നേരെയാകാത്ത സർക്കാർ ആശുപത്രികൾക്ക് ഇതൊക്കെ നിസാരമാണ് .
കോന്നി മെഡിക്കൽ കോളേജിൽത്തന്നെ തലതിരിഞ്ഞ ചികിത്സയുടെ എത്രയോ ഉദാഹരണങ്ങളുണ്ട്. ഒടിഞ്ഞ കൈയുമായി എത്തിയ കുട്ടിക്കിട്ട പ്ളാസ്റ്റർ അഴിച്ചപ്പോൾ എല്ല് വളഞ്ഞത് നേരെയാക്കാൻ വേറെ ആശുപത്രി തേടേണ്ടിവന്നത് രണ്ടുമാസം മുമ്പാണ്. പനിയും തുമ്മലുമായി എത്തുന്നവരെപ്പോലും കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് അവർ തങ്ങളുടെ 'വിദഗ്ദ്ധ സേവനം' നൽകും. വെറുതെ പറഞ്ഞതല്ല. മെഡിക്കൽ കോളേജിലെ രണ്ട് ജീവനക്കാർക്ക് സ്കൂട്ടറിൽ നിന്ന് വീണ് പരിക്കേറ്റപ്പോൾ അവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത മഹത്തായ ചരിത്രം ഇവിടെയുണ്ട്.
ശബരിമല മണ്ഡല തീർത്ഥാടന കാലം വരികയാണ്. ലക്ഷക്കണക്കിന് തീർത്ഥാടകരാണ് എത്തുന്നത്. വാഹനത്തിരക്കേറും അപകടങ്ങൾക്കുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ആശ്രയിക്കേണ്ടത് കോന്നി മെഡിക്കൽ കോളേജിനെയാണ്. ലക്ഷണം കണ്ടിട്ട് ഇവിടെയെത്തുന്നവരെ കോന്നി താലൂക്ക് ആശുപത്രിയിലേക്കോ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കോ മാറ്റേണ്ടി വരുമെന്നാണ് തോന്നുന്നത്. കാടിനോട് ചേർന്ന സ്ഥലത്താണ് മെഡിക്കൽ കോളേജ്. കാട്ടുപോത്തും കാട്ടുപന്നിയും ആശുപത്രിയിൽ കയറിയിട്ടുണ്ട്. അതൊക്കെ സഹിക്കാം. പക്ഷേ അവിടെ അനാസ്ഥയുടെ പട്ടിപെറ്റുകിടക്കുന്നത് ശരിയല്ലല്ലോ. മെഡിക്കൽ കോളേജ് എന്നുതന്നെയല്ലേ ആ കെട്ടിടത്തിന്റെ പേര്.
-------------------
കാടോരമായത് കൊണ്ട് കാട്ടുപോത്തും കാട്ടുപന്നിയും ആശുപത്രിയിൽ കയറിയിട്ടുണ്ട്. അതൊക്കെ സഹിക്കാം. പക്ഷേ അവിടെ അനാസ്ഥയുടെ പട്ടിപെറ്റുകിടക്കുന്നത് ശരിയല്ലല്ലോ. മെഡിക്കൽ കോളേജ് എന്നുതന്നെയല്ലേ ആ കെട്ടിടത്തിന്റെ പേര്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |