SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

പരസ്യപ്രചാരണം അവസാന ലാപ്പിൽ ഇവിടെ തിരക്കിലാണ് ഭർത്താക്കന്മാർ

കൊല്ലം: പരസ്യ പ്രചാരണത്തിന് അഞ്ചുദിവസം മാത്രം ശേഷി​ക്കെ അവസാന ലാപ്പിലേക്ക് മുന്നണികൾ കുതിക്കുമ്പോൾ ഭാര്യമാർ മത്സരിക്കുന്ന മണ്ഡലങ്ങളിൽ കൂടുതൽ ടെൻഷനിലായത് ഭർത്താക്കന്മാർ. അതുകൊണ്ട് തന്നെ വിജയം ഉറപ്പാക്കാൻ പ്രചാരണരംഗത്ത് ഇവർ മുൻനിരയിൽ തന്നെയുണ്ട്. ഒരുവശത്ത് മണ്ഡലത്തിലെ വോട്ടർമാരെ തൃപ്തിപ്പെടുത്താനുള്ള ഓട്ടം, മറുവശത്ത് ചുട്ടുപൊള്ളുന്ന ചൂടിൽ സ്ഥാനാർത്ഥിയുടെ ആരോഗ്യകാര്യങ്ങളിലുള്ള ഉത്തരവാദിത്തം. വീടുകൾ കയറിയുള്ള വോട്ട് അഭ്യർത്ഥന മുതൽ പര്യടനത്തിന്റെ സമയക്രമം തീരുമാനിക്കുന്നത് വരെ, നിഴലായി ഇവർ നൽകുന്ന പിന്തുണ സ്ഥാനാർത്ഥിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

​പലരും ഔദ്യോഗിക ജോലിയിൽ നിന്ന് അവധിയെടുത്തും സ്വന്തം ബിസിനസ് തിരക്കുകൾ മാറ്റിവച്ചുമാണ് രാപ്പകൽ അദ്ധ്വാനിക്കുന്നത്. കുടുംബനാഥൻ എന്നതിലുപരി, ഒരു രാഷ്ട്രീയ സഹപ്രവർത്തകനെപ്പോലെ മണ്ഡലത്തിലെ ഓരോ പ്രശ്നങ്ങളും പഠിച്ചും പരാതികൾ ശ്രദ്ധാപൂർവം കേട്ടുമാണ് ഇവർ പ്രചാരണത്തിൽ ഒപ്പം മുന്നേറുന്നത്. പുലർച്ചെ വോട്ടുതേടി ഇറങ്ങുന്നത് മുതൽ രാത്രി വൈകി അടുത്ത ദിവസത്തെ പരിപാടികൾ ആസൂത്രണം ചെയ്യുന്നതുവരെ നീളുന്നതാണ് ഇവരുടെ ഓരോ ദിവസവും.

​തുണയായി തണലായി ഒപ്പം
 മണ്ഡലത്തിലെ സാഹചര്യങ്ങൾ മനസിലാക്കി ഭർത്താവ് നൽകുന്ന പിന്തുണ സ്ഥാനാ‌ർത്ഥികൾക്ക് വലിയ ആശ്വാസമാണ്

 അപ്രതീക്ഷിത സംഭവവികാസങ്ങളെയും വിമർശനങ്ങളെയും അതിജീവിക്കാൻ ഭർത്താക്കന്മാരുടെ സാന്നിദ്ധ്യം സഹായിക്കും

 വീടിന്റെ ചുമതലയും വീട്ടുജോലിയും കുട്ടികളുടെ കാര്യങ്ങളുമൊക്കെ ഭർത്താക്കന്മാർ ഏറ്റെടുത്തു

 ​രാഷ്ട്രീയത്തിനപ്പുറം പരസ്പരമുള്ള കരുതലിന്റെയും ഐക്യത്തിന്റെയും കാഴ്ച ഈ തിരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും മനോഹരമായ ചിത്രം കൂടിയാണ്

 ​സ്ഥാനാർത്ഥികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതും പോസ്റ്ററുകളും നോട്ടീസുകളും ഡിസൈൻ ചെയ്യിപ്പിക്കുന്നതും വിതരണ ചുമതലകൾ ഏകോപിപ്പിക്കുന്നതും ഭർത്താക്കന്മാരാണ്

ഉത്തരവാദിത്തങ്ങൾ പൂർണമായും പാർട്ടിക്കാണെങ്കിലും പ്രാദേശിക സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണത്തിൽ സജീവമാണ്. ജോലിത്തിരക്ക് പ്രചാരണത്തിന് തടസമാകാതെ ബാലൻസ് ചെയ്താണ് പോകുന്നത്.

ജി.അനന്തൻ തമ്പി,

(കൊട്ടാരക്കര എൻ.ഡി.എ സ്ഥാനാർത്ഥി ആർ.രശ്മിയുടെ ഭർത്താവ്)

190 ബൂത്തുകളുടെയും പ്രവർത്തനങ്ങൾ ഏകോപിച്ച് പ്രചാരണ രംഗത്ത് സജീവമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പൂർണമായും തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് പിന്നിലാണ്. -

അഡ്വ.എസ്.കൃഷ്ണകുമാർ,

ഡി.സി.സി ജനറൽ സെക്രട്ടറി, തിരുവനന്തപുരം (കൊല്ലം യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണയുടെ ഭർത്താവ്)

ആരോഗ്യപ്രശ്നങ്ങൾ കാരണം ചടയമംഗലത്തെ പ്രചാരണത്തിൽ സജീവമല്ല. എന്നാൽ കൊല്ലത്തെ കുടുംബയോഗങ്ങളിൽ പങ്കെടുക്കാറുണ്ട്. കൊല്ലത്താണ് കൂടുതലായും സജീവമായി നിൽക്കുന്നത്.

ഡി.സുകേശൻ, (ചടയമംഗലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെ.ചിഞ്ചുറാണിയുടെ ഭർത്താവ്)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL