SignIn
Kerala Kaumudi Online
Thursday, 27 August 2026 1.57 AM IST

കൊട്ടാരക്കര ബൈപ്പാസ്... ഭരണം മാറി​യപ്പോൾ അലൈൻമെന്റ് തർക്കം!

കൊട്ടാരക്കര: കൊട്ടാരക്കര നഗരത്തിലെ ഗതാഗത കുരുക്കഴിക്കാൻ, കെ.എൻ.ബാലഗോപാൽ എം.എൽ.എ മന്ത്രിയായിരിക്കെ വിഭാവനം ചെയ്ത 'കൊട്ടാരക്കര ബൈപ്പാസ്' യാഥാർത്ഥ്യമാകാൻ കടമ്പകളേറെ.

പുതിയ മന്ത്രിസഭ അധികാരമേറ്റശേഷം നിയമസഭയിൽ എം.എൽ.എ ബൈപ്പാസ് വിഷയം അവതരിപ്പിച്ചപ്പോൾ മുഖ്യമന്ത്രി വി.ഡി.സതീശൻ അനുകൂല മറുപടി നൽകിയിരുന്നു. ഇതോടെ പ്രതീക്ഷ ഏറിയെങ്കിലും കൊടിക്കുന്നിൽ സുരേഷ് എം.പിയും കൊട്ടാരക്കരയിലെ യു.ഡി.എഫ് നേതാക്കളും ബൈപ്പാസിന്റെ ഘടന മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തി. എം.സി റോഡിൽ ലോവർ കരിക്കത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തുനിന്നു തുടങ്ങി മൈലം വില്ലേജ് ഓഫീസിന് സമീപത്ത് എത്തി എം.സി റോഡിൽ ബന്ധപ്പെടുന്ന തരത്തിലാണ് നാലുവരി ബൈപ്പാസ് റോഡ് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് പുലമൺ കവലയ്ക്ക് തൊട്ടടുത്ത് കോളേജ് ജംഗ്ഷനിലൂടെ കടന്നുപോകുന്ന വിധമാണ് പ്ളാനിലുള്ളത്. ഇതിനെയാണ് കൊടിക്കുന്നിൽ സുരേഷ് എം.പി അടക്കമുള്ള യു.ഡി.എഫ് നേതാക്കൾ എതിർക്കുന്നത്.

ബൈപ്പാസ് നിർമ്മിക്കുമ്പോൾ പുലമൺ നഗരത്തിൽ നിന്ന് അകലം പാലിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാകുകയുള്ളു. എന്നാൽ അര കിലോമീറ്റർ പോലും ഇല്ലാത്ത വിധത്തിലാണ് പ്ളാൻ തയ്യാറാക്കിയത്. മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയെങ്കിലും ബൈപ്പാസ് യാഥാർത്ഥ്യമാകുന്ന കാര്യത്തിൽ നീക്കുപോക്കുകൾ നീളുകയാണ്.

300 കോടിയുടെ പദ്ധതി

കഴിഞ്ഞ സർക്കാർ ആദ്യഘട്ടമെന്ന നിലയിൽ 300 കോടിയുടെ പദ്ധതിയാണ് ബൈപ്പാസിനുവേണ്ടി തയ്യാറാക്കിയത്. ഇതിനായി ഭൂമി ഏറ്റെടുക്കലിന്റെ നടപടിക്രമങ്ങൾ മുന്നേറിയതുമാണ്. 110.36 കോടി രൂപ ഇതിനായി സർക്കാർ അനുവദിക്കുകയും ചെയ്തു. കൊട്ടാരക്കര, മൈലം വില്ലേജുകളിലായുള്ള 15.5 ഏക്കർ ഭൂമിയാണ് ബൈപ്പാസിനായി ഏറ്റെടുക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതിനിടയിലാണ് ഭരണമാറ്റമുണ്ടായത്. അതിനാൽ ഇനി യു.ഡി.എഫിന്റെ അഭിപ്രായങ്ങൾക്കും മുൻതൂക്കം ലഭിക്കും.

 ആകെ പദ്ധതിച്ചെലവ് 300 കോടി രൂപ

 ഭൂമിയേറ്റെടുക്കലിന് അനുവദിച്ചത് 110.36 കോടി

 ബൈപ്പാസിന് നീളം 2.8 കിലോമീറ്റർ, വീതി 23 മീറ്റർ

1.6 കിലോമീറ്റർ റോഡ്, 1.2 കിലോമീറ്റർ നീളത്തിൽ ഫ്ളൈ ഓവർ

ഫ്ളൈ ഓവറിന് 20 മീറ്റർ വീതി

 ഇനി പുതിയ പ്ളാനും എസ്റ്റിമേറ്റും തയ്യാറാക്കേണ്ടിവരും

കൊട്ടാരക്കരയുടെ വികസന കാര്യത്തിൽ യു.ഡി.എഫ് പൂർണ പിന്തുണ നൽകും. ബൈപ്പാസ് അനിവാര്യമാണ്. എന്നാൽ കൊല്ലം-തിരുമംഗലം ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന പുലമൺ കവലയോട് ചേർന്ന് ബൈപ്പാസ് കടന്നുപോയാൽ എന്താണ് പ്രയോജനം. നിലവിലെ അലൈൻമെന്റ് മൊത്തത്തിൽ മാറ്റണം. പൊതുജനങ്ങളുടെയും സംഘടനകളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങൾ തേടണം. ആ നിലയിൽ പൊതു സ്വീകാര്യമായ ബൈപ്പാസ് യാഥാർത്ഥ്യമാക്കാൻ വേണ്ടുന്ന എല്ലാ ഇടപെടലുകളും നടത്തും

കൊടിക്കുന്നിൽ സുരേഷ് എം.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL