SignIn
Kerala Kaumudi Online
Friday, 14 August 2026 2.08 AM IST

മദ്യപാനത്തിനിടെ തർക്കം: കോട്ടാത്തലയിൽ യുവാവിനെ കോടാലിക്ക് വെട്ടിക്കൊന്നു

adarsh-sunilkumar
കൊല്ലപ്പെട്ട ആദ‌ർശ് (ഇടത്) പ്രതി സുനിൽ കുമാർ (വലത്)

കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ യുവാവിനെ കോടാലിക്ക് വെട്ടിക്കൊന്നു. കോട്ടാത്തല മൂഴിക്കോട് ആദർശ് ഭവനിൽ ആദർശാണ് (30) കൊല്ലപ്പെട്ടത്. പ്രതി മൂഴിക്കോട് സുനിത വിലാസത്തിൽ സുനിൽ കുമാറിനെ (41) പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.

വെണ്ടാർ അരീക്കൽ ഭാഗത്ത് താമസിച്ചിരുന്ന സുനിൽ കുമാർ ഒന്നര വർഷം മുമ്പാണ് മൂഴിക്കോട് താമസം തുടങ്ങിയത്. നിർമ്മാണ തൊഴിലാളിയും അവിവാഹിതനുമായ ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. ബുധനാഴ്ച രാവിലെ സമീപത്തെ ഒരു മരണവീട്ടിൽ വച്ചാണ് അയൽവാസിയായ ആദർശുമായി ചങ്ങാത്തം കൂടിയത്.

തുടർന്ന് പുത്തൂർ ചുങ്കത്തറയിലെ ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങി ഇരുവരും വൈകിട്ട് 6 ഓടെ സുനിലിന്റെ വീട്ടിലെത്തി മദ്യപിച്ചു. രാത്രി 9 ഓടെ മദ്യലഹരിയിൽ ഇരുവരും വാക്കുതർക്കമായി. വരുത്തന്മാർ ഇവിടെ വിലസേണ്ടെന്ന് ആദർശ് പറഞ്ഞതോടെ പ്രകോപിതനായ സുനിൽ വീട്ടിലുണ്ടായിരുന്ന കോടാലിയുടെ ചുവടുഭാഗം ഉപയോഗിച്ച് ആദർശിനെ അടിച്ചു. നിലത്തുവീണ ആദർശ് വീണ്ടുമെഴുന്നേറ്റ് സുനിലിനെ വെല്ലുവിളിച്ചപ്പോഴാണ് കോടാലി ഉപയോഗിച്ച് തലയ്ക്കും ശരീരത്തിലും വെട്ടിക്കാെലപ്പെടുത്തിയതെന്നാണ് സുനിൽ കുമാർ പൊലീസിനോട് പറഞ്ഞത്.

കൊലപാതക ശേഷം കോട്ടാത്തല വയലിൽക്കട ഭാഗത്തെ സഹോദരിയുടെ വീട്ടിലെത്തിയ സുനിൽ വീട്ടുകാരോട് സംഭവം പറഞ്ഞെങ്കിലും അവർ ഗൗരവത്തിലെടുത്തില്ല. തുടർന്ന് വീട്ടിൽ തിരിച്ചെത്തിയ പ്രതി രാത്രി പതിനൊന്നരയോടെ പുത്തൂർ പൊലീസ് സ്റ്റേഷനിൽ വിളിച്ച് കൊലപാതകം നടത്തിയ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോൾ പ്രതിയും വീട്ടിലുണ്ടായിരുന്നു.

തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. കോടാലിയും പൊലീസ് കണ്ടെടുത്തു. ആദർശിന്റെ മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. അശോകൻ- അശോകകുമാരി ദമ്പതികളുടെ മകനാണ് കൂലിപ്പണിക്കാരനായ ആദർശ്. സഹോദരി: അശ്വതി. പുത്തൂർ പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM, KERALA CRIME, KOTTARAKKARA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY