
ഓച്ചിറ: ഓണനാളുകളിൽ പൂവിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കി സ്വന്തം നാട്ടിൽ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മാസങ്ങൾക്ക് മുമ്പ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ ചെണ്ടുമല്ലി പൂക്കൃഷിയുടെ ഓണനാളിലെ വിളവെടുപ്പ് ശ്രദ്ധേയമായി.
ഓച്ചിറ, ക്ലാപ്പന, ആലപ്പാട്, കുലശേഖരപുരം, തൊടിയൂർ, തഴവ ഗ്രാമപഞ്ചായത്തുകളിൽ കൃഷി ചെയ്യാൻ താല്പര്യമുള്ള മുഴുവൻ കുടുംബശ്രീ യൂണിറ്റുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവരെ കോർത്തിണക്കി പൊതു ഇടങ്ങളിൽ കൃഷി ചെയ്യിപ്പിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് വിജയം കൊയ്തത്.
അവരവരുടെ വീടുകളിലേയ്ക്ക് ആവശ്യമായ പൂക്കളെടുത്തശേഷം ബാക്കി വിപണിയിൽ വിറ്റഴിച്ച് ലാഭം നേടാനും കുടുംബശ്രീ യൂണിറ്റുകൾക്ക് കഴിഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് അദിനാട് ഡിവിഷനിൽ നടന്ന ചെണ്ടുമല്ലി പൂക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മോഹനൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്.പുരം സുധീർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം വരുൺ.എസ് ആലപ്പാട്, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇർഷാദ് ബഷീർ, ഗ്രാമപഞ്ചായത്ത് അംഗം ജയകുമാരി തുടങ്ങിയവർ സംസാരിച്ചു.
അടുത്തവർഷം ചെണ്ടുമല്ലി കൂടാതെ സൂര്യകാന്തി ഉൾപ്പടെയുള്ള വിവിധയിനം പൂക്കളുടെ കൃഷി വളരെ നേരത്തെ ആരംഭിക്കും.
കെ.മോഹനൻ
പ്രസിഡന്റ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |