SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.07 AM IST

പാടശേഖരങ്ങൾ സന്ദർശിച്ച് എം.എൽ.എയും,കളക്ടറും.... നെൽക്കൃഷി നശിച്ചവർക്ക്  വൈകില്ല നഷ്ടപരിഹാരം

ekkal

കോട്ടയം : മിന്നൽപ്രളയത്തിൽ അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശം. അയ്മനത്ത് മാത്രം 622 ഹെക്ടർ നെൽ കൃഷി നശിച്ചു. നാശനഷ്ടം നേരിട്ടവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ നാട്ടകം സുരേഷ് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മട വീണും ബണ്ട് കവിഞ്ഞും വെള്ളം കയറി കൃഷിനാശമുണ്ടായ പാടശേഖരങ്ങൾ ജില്ലാ കളക്ടർ ചേതൻകുമാർ മീണയ്‌ക്കൊപ്പം എം.എൽ.എ സന്ദർശിച്ചു. ആർപ്പൂക്കര പഞ്ചായത്തിലെ കാട്ടുകരി കല്ലിപ്പടവ്, പ്രായിവട്ടം കറുകപ്പാടം, ചൂരത്തറ നടുവിലേക്കര, കേളകരി, വാവക്കാട്, ആര്യാട്ടൂഴം, മംഗലശ്ശേരി തൊള്ളായിരം, ചാലാകരി പാടശേഖരങ്ങളിലാണ് കൃഷിനാശമുണ്ടായത്. കേളകരിയിൽ വിതച്ചിട്ട് രണ്ടാഴ്ച മാത്രമുള്ള നെല്ലാണ് നശിച്ചത്. ചീപ്പുങ്കൽ കല്ലുങ്കത്ര തോടിന്റെയും മണിയാപറമ്പ് തോടിന്റെയും ഇരുകരകളിലായി കഴിയുന്ന ജനങ്ങളുടെ ദുരവസ്ഥ അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാറും, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരനും എം.എൽ.എയുടെയും, കളക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തി. കരീമഠം ഗവൺമെന്റ് വെൽഫെയർ യു.പി. സ്‌കൂളിന് സമീപം കൃഷിനാശം ഒഴിവാക്കാൻ ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് വി.കെ.വി പാടശേഖര സമിതി ഭാരവാഹികൾ എം.എൽ.എയ്ക്ക് നിവേദനം നൽകി. കൃഷിനാശം സംബന്ധിച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിനു തോമസ് വിശദീകരിച്ചു.

മൺതിട്ടകൾ നീക്കം ചെയ്യണം

നീരൊഴുക്ക് തടസപ്പെടുന്ന വിധത്തിൽ എക്കൽ അടിഞ്ഞുകൂടിയ വേമ്പനാട്ടുകായലിലെ വിവിധ മേഖലകൾ സംഘം ആദ്യം പരിശോധിച്ചു. കുമരകം, ആർപ്പൂക്കര, അയ്മനം പഞ്ചായത്തുകളിലെ വെള്ളപ്പൊക്ക ദുരിതം ഒഴിവാക്കാൻ ജലനിരപ്പിന് മുകളിൽവരെ അടിഞ്ഞുകൂടിയ മൺതിട്ടകൾ നീക്കം ചെയ്യണമെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. അയ്മനം ഗ്രാമപഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലായി നാലുതോട്, പുത്തൻകരി, മങ്ങാട്ടുകുഴി, നൂറുപറ, കൊടുവത്ര, മേനോൻകരി, വി.കെ.വി പാടശേഖരങ്ങളാണ് വെള്ളത്തിനടിയിലായത്. പുത്തൻകരിയിൽ മടവീണ് മോട്ടോറും മോട്ടോർപുരയും ഉൾപ്പെടെ ഒഴുകിപ്പോയി.

അയ്മനത്ത് 622 ഹെക്ടറിൽ വിത കഴിഞ്ഞ് ഒരുമാസമായ നെല്ലാണ് നശിച്ചത്

മേനോൻകരി പാടം വിതയ്ക്കാനായി ഒരുക്കിയിരിക്കുകയായിരുന്നു

ഇവിടെ കിളിർപ്പിച്ച വിത്തും വെള്ളം കയറിയതോടെ ഉപയോഗശൂന്യമായി

ചൂരത്തറയിൽ വിതച്ചിട്ട് 30 ദിവസമായ നെൽക്കൃഷിയാണ് നശിച്ചത്

വെള്ളപ്പൊക്ക ദുരിതത്തിന് ശാശ്വത പരിഹാരം കാണണം. ആവശ്യമായ ഇടപെടലുകൾ നടത്തും. നഷ്ടപരിഹാരം സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

(നാട്ടകം സുരേഷ് എം.എൽ.എ)


എക്കൽ നീക്കം ചെയ്യുന്നതും നീരൊഴുക്ക് സുഗമമാക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചാൽ മാത്രമേ മേഖലയിലെ വെള്ളപ്പൊക്ക ദുരിതത്തിന് ശാശ്വത പരിഹാരമാകൂ.

( കർഷകർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL