പാലാ: സഹകരണ മേഖലയിലെ തട്ടിപ്പുകളും ക്രമക്കേടുകളും വിവാദങ്ങളും സൃഷ്ടിച്ച വിശ്വാസത്തകർച്ച സഹകരണ വിദ്യാഭ്യാസ മേഖലയെയും ബാധിച്ചതായി വിലയിരുത്തൽ. സംസ്ഥാന സഹകരണ യൂണിയന് കീഴിലുള്ള സംസ്ഥാനത്തെ വിവിധ സഹകരണ കോളേജുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതാണ് പ്രതിസന്ധിയാകുന്നത്. സംസ്ഥാന സഹകരണ യൂണിയന് കീഴിൽ 15ൽപരം സഹകരണ കോളേജുകളാണുള്ളത്. ഇവിടെ അനുവദിച്ച സീറ്റുകൾ ഏറിയപങ്കും ഒഴിഞ്ഞുകിടക്കുകയാണ്. സഹകരണ സ്ഥാപനങ്ങളിലെ ജോലി ലക്ഷ്യമിട്ട് മുമ്പ് ഏറെ താത്പര്യത്തോടെ തിരഞ്ഞെടുത്തിരുന്ന കോഴ്സുകളായ ജെ.ഡി.സിയേയും എച്ച്.ഡി.സിയേയും നിലവിൽ വിദ്യാർത്ഥികൾ കൈവിട്ട സാഹചര്യമാണ്. സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രമോഷനും മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കും ഈ കോഴ്സുകൾ സഹായകമായിരുന്നു.
പൊതുജനത്തെ സ്വാധീനിച്ചു
സഹകരണ ബാങ്കുകളെയും സ്ഥാപനങ്ങളെയും ചുറ്റിപ്പറ്റിയുള്ള സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച വിവാദങ്ങൾ പൊതുജനത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന്റെ പ്രതിഫലനം സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിയതായാണ് ഇപ്പോഴത്തെ വിദ്യാർത്ഥി പ്രവേശനകണക്കുകൾ സൂചിപ്പിക്കുന്നത്.
100 സീറ്റുകൾ,16 വിദ്യാർത്ഥികൾ മാത്രം
പാലാ സഹകരണ കോളേജിൽ എച്ച്.ഡി.സിന് 100 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ നിലവിൽ 16 വിദ്യാർത്ഥികൾ മാത്രമാണ് പഠിക്കുന്നത്. ജെ.ഡി.സി കോഴ്സിലും അനുവദിച്ച 85 സീറ്റുകളിൽ 38 വിദ്യാർത്ഥികൾ മാത്രമാണുള്ളത്. ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട് അഡ്മിഷൻ നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |