പാലാ : നഗരസഭ മൂന്നാം വാർഡിൽ മാർക്കറ്റിംഗ് സൊസൈറ്റി ബിൽഡിംഗിന് സമീപം പതിറ്റാണ്ടുകളായി പാടമായി കിടന്ന സ്ഥലത്തെ അനധികൃത മണ്ണിടൽ വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ളാലം വില്ലേജ് അധികൃതർ രണ്ടുതവണ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും അത് അവഗണിച്ചാണ് നികത്തൽ തുടരുന്നത്. സംഭവത്തിൽ വില്ലേജ് അധികൃതർ പാലാ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസും തുടർനടപടികൾ സ്വീകരിച്ചില്ല. അതേസമയം കേരളകൗമുദി വാർത്തയെ തുടർന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും റവന്യു ഇന്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചതായാണ് സൂചന. നിയമലംഘനം ചൂണ്ടിക്കാട്ടി വില്ലേജ് അധികാരികൾ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയെങ്കിലും ഇത് പൂഴ്ത്തിവച്ചിരിക്കുകയാണെന്നാണ് ആരോപണം. കൃഷിവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചതായാണ് വിവരം. എന്നാൽ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. സമാനമായ മറ്റൊരു കേസിൽ അന്നത്തെ കൃഷിവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്ത സംഭവവും ഉണ്ടായിരുന്നു.
മണ്ണിട്ടത് നാലടിയോളം ഉയരത്തിൽ
നിലവിൽ നാലടിയോളം ഉയരത്തിൽ മണ്ണിട്ട സ്ഥലത്ത് ചുറ്റും കരിങ്കൽ കെട്ടാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. കരിങ്കല്ലിന് മുകളിലൂടെ കൂടുതൽ മണ്ണിട്ട് പാടം പൂർണമായും ഉയർത്താനുള്ള ശ്രമമാണിതെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
നഗരസഭയുടെയും റവന്യൂ ഓഫീസിന്റെയും സമീപത്ത് അധികാരികളുടെ കൺമുന്നിൽ നടക്കുന്ന നിയമലംഘനത്തിന് ഉന്നതരുടെ പിന്തുണയുണ്ടെന്ന ആക്ഷേപവും ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |