വിവാഹസത്ക്കാരത്തിന് കഞ്ഞിക്കുഴിയിലും മുണ്ടക്കയത്തും കല്യാണ പാർട്ടികളിൽ നിന്നും ലക്ഷങ്ങൾ അഡ്വാൻസായി വാങ്ങിയ ശേഷം ഭക്ഷണമെത്തിക്കാതെ കരാറുകാരൻ മുങ്ങിയതാണ് ചുറ്റുവട്ടത്തെ പുതിയ വിശേഷം. കാഞ്ഞിരപ്പള്ളിക്കാരനായ തട്ടിപ്പുകരാറുകാരൻ പൊലീസ് പിടിയിലായെങ്കിലും മാന്യമായി സ്ഥാപനം നടത്തുന്ന കേറ്ററിംഗ് ഉടമകൾക്ക് ഇത് മാനക്കേടുണ്ടാക്കി. തട്ടിപ്പ് സ്ഥാപനത്തിന്റെ അതേ പേരുള്ള ഈവന്റ്മാനേജ്മെന്റ് സ്ഥാപനം മാന്യമായി ബിസിനസ് നടത്തിയിട്ടും നാട്ടുകാർക്ക് മുമ്പിൽ തട്ടിപ്പുകാരനായി ചിത്രീകരിക്കപ്പെട്ടതോടെ കരാർ തട്ടിപ്പു വീരൻ താനല്ലെന്ന് പരസ്യപ്പെടുത്തേണ്ട ഗതികേടും ഇതിനിടയിലുണ്ടായി .ഇത്തരം തട്ടിപ്പ് ആവർത്തിക്കാതിരിക്കാൻ അംഗീകാരമുള്ള കേറ്ററിംഗ് യൂണിറ്റുകളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് കേറ്ററിംഗ് അസോസിയേഷന് വാർത്താസമ്മേളനം നടത്തി പറയേണ്ടിവന്നു.
ഇവന്റ് മാനേജ്മെന്റ് നടത്തുന്ന തട്ടിപ്പുകാരുടെ ഓൺലൈൻ പരസ്യവാക്കുകൾ വിശ്വസിച്ച് ലക്ഷങ്ങൾ അഡ്വാൻസ് നൽകുന്നവരാണ് ചതിയിൽ പ്പെടുന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾ സദ്യ കഴിക്കാൻ ഇരിക്കുമ്പോഴാണ് ആഹാരമെത്തിക്കേണ്ട കരാറുകാരൻ മുങ്ങിയ വിവരം വിവാഹപാർട്ടി അറിയുന്നത്. പലരും തെക്കും വടക്കും ഓടി പല ഹോട്ടലുകളിൽ നിന്ന് ഭക്ഷണം സംഘടിപ്പിച്ച് നൽകിയായിരുന്നു മാനക്കേടിൽ നിന്ന് രക്ഷപ്പെട്ടത്. എല്ലാവർക്കുമുള്ള ഭക്ഷണം ഹോട്ടലുകളിൽ നിന്ന് എത്തിക്കാൻ കഴിയാതെ വന്നിരുന്നെങ്കിൽ വിവാഹപാർട്ടിക്കാർ ഒരുപക്ഷേ ആത്മഹത്യ ചെയ്യേണ്ട സ്ഥിതി ഉണ്ടായേനേ.
നാട്ടുകാരെ എങ്ങനെയും പറ്റിക്കുന്നപലതരം തട്ടിപ്പുകൾ ഉണ്ടെങ്കിലും വിവാഹസത്ക്കാര കരാർ എടുത്തിട്ട് ആഹാരസാധനമെത്തിക്കാതെ മുങ്ങിയ സംഭവം ആദ്യമാണ്. പൊലീസ് പിടിയിലായ കരാറുകാരനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കിയാൽ മാത്രം പോര. വിവാഹസത്ക്കാരം കുളമാക്കിയതിന് വീട്ടുകാരെക്കൊണ്ട് കരണക്കുറ്റിക്ക് രണ്ടെണ്ണം കൊടുക്കുകയും വഞ്ചനകുറ്റത്തിന് ജയിലിലടക്കുകയും വേണമെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. .
ഭക്ഷണവും ഇവന്റും ബുക്ക് ചെയ്യുന്നവർ മതിയായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നവരാണോ എന്ന് ആദ്യമേ ഉറപ്പാക്കണമെന്നാണ് കേറ്ററിംഗ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.
മുൻപ് നടത്തിയ പരിപാടികളുടെ വിവരങ്ങളും ചിത്രങ്ങളും ആവശ്യപ്പെടണം. നേരത്തേ സത്ക്കാരം നടത്തിയിട്ടുള്ള ഉപഭോക്താക്കളുമായി ബന്ധപ്പെടണം. കരാർ ലംഘിക്കപ്പെട്ടാൽ പൊലീസ് കേസും നഷ്ടപരിഹാരവും ഈടാക്കാൻ കഴിയുംവിധമുള്ള എഗ്രിമെന്റ് ഒപ്പുവെയ്ക്കണം. അല്ലെങ്കിൽ ഇത്തരം ഓൺലൈൻ കരാറുകാരുടെ തട്ടിപ്പുകൾ ഇനിയും ആവർത്തിക്കാം എന്നാണ് ചുറ്റവട്ടത്തിന് ഓർമ്മിപ്പിക്കാനുള്ളത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |