
കോട്ടയം: റേഷൻ വിതരണം പൂർണമായും ഡിജിറ്റലൈസ് ചെയ്തു കേന്ദ്ര സർക്കാർ നിരീക്ഷണത്തിലാക്കുന്ന സ്മാർട്ട് പി.ഡിഎസ് സംവിധാനം ഇന്ന് മുതൽ നടപ്പാക്കുന്നതിന്റെ ആശങ്കയിലാണ് റേഷൻകടക്കാരും കാർഡ് ഉടമകളും. ആറുമാസത്തിലധികമായി റേഷൻ വാങ്ങാത്തവർക്ക് ഇനി റേഷൻ ലഭിക്കില്ല. ഇതോടെ കേരളത്തിനുള്ള കേന്ദ്ര റേഷൻ ഭക്ഷ്യധാന്യത്തിൽ വലിയ കുറവ് വരും.റേഷൻ വാങ്ങുന്നവരുടെ എണ്ണം കുറയുന്നത് വ്യാപാരികളുടെ വരുമാനത്തിലും കമ്മീഷനിലും കുറവ് വരുത്തും. പലരും റേഷൻകട അടച്ചുപൂട്ടാൻ നിർബന്ധിതരാകുന്നത് റേഷൻ മേഖലയിൽ വലിയ പ്രതിസന്ധിയാകും.
മുൻഗണനാ ലിസ്റ്റിൽ (മഞ്ഞ ,പിങ്ക് കാർഡ് ഉടമകൾ ) വരുന്ന കുറവനുസരിച്ച് പുതിയ അപേക്ഷകരെ ചേർക്കാൻ സംസ്ഥാനത്തിനുള്ള അവകാശം ഇല്ലാതാകും. ഏകദേശം ഒരു ലക്ഷം ടൺ ഭക്ഷ്യധാന്യത്തിൽ വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത് പൊതു വിപണിയിൽ അരി വില വർദ്ധനവിന് കാരണമാകും.
15 ലക്ഷത്തോളം ടൺ ഭക്ഷ്യധാന്യം
നിലവിൽ15 ലക്ഷത്തോളം ടൺ ഭക്ഷ്യധാന്യമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. അരിവിഹിതം കൂട്ടണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുമ്പോഴാണ് സ്മാർട്ട് പി.ഡി.എസ് സംവിധാനത്തിലൂടെ റേഷൻ വിഹിതത്തിൽ കുറവുവരിക.
ഡീ ആക്ടിവേറ്റ് ചെയ്യും
ആറുമാസമായി റേഷൻ വാങ്ങാത്ത കാർഡുടമകളെ ഇന്ന് മുതൽ ഡീ ആക്ടിവേറ്റ് ചെയ്യും. ആദ്യഘട്ടത്തിൽ മുൻഗണനാ ലിസ്റ്റിൽ വരുന്നവരെയും പിന്നിട് വെള്ള ,നില കാർഡുടമകളെയും ഡീ ആക്ടിവേറ്റ് ചെയ്യും. ഇവർ മൂന്നു മാസത്തിനുള്ളിൽ കെ.വൈ.സി പൂർത്തിയാക്കുന്നില്ലെങ്കിൽ സ്ഥിരമായി ഡീ ആക്ടിവേറ്റാകും. ഒന്നിലധികം റേഷൻ കാർഡുള്ളവരും കെ.വൈ.സി പൂർത്തിയാകുന്നില്ലെങ്കിൽ പുറത്താകും.
പലരും റേഷൻകട അടച്ചുപൂട്ടുുന്ന സ്ഥിതി ഉണ്ടാകും. ഓണത്തിന് എ.പി.എൽ വിഭാഗത്തിന് ഏഴുകിലോ അരി ലഭിച്ചത് ഇപ്പോൾ രണ്ടു കിലോ മാത്രമാണ്.അരിവിഹിതം കുറഞ്ഞതോടെ റേഷൻ വാങ്ങാൻ വരുന്നവരും കുറഞ്ഞു.
കെ.കെ. ശിശുപാലൻ
(റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |