
കോട്ടയം : സാധാരണക്കാരുടെ കുടുംബബഡ്ജറ്റ് താളംതെറ്റിച്ച് നിത്യോപയോഗ സാധന വില കുതിച്ചുയരുന്നു. പലവ്യഞ്ജനം, മുട്ട, പാൽ, പഴ വർഗ്ഗങ്ങൾ, പച്ചക്കറി എന്ന് വേണ്ട സർവതിനും തീവിലയാണ്. കുത്തരിവില കിലോയ്ക്ക് 67 രൂപ വരെയെത്തി. ജയയ്ക്കും പൊന്നിക്കും ബസ്മതിക്കും കൈമയ്ക്കുമെല്ലാം വില കൂടി. ബിരിയാണി അരികൾക്കും സുരേഖയ്ക്കും പലയിടങ്ങളിലും ലഭ്യതക്കുറവുണ്ട്. ഹോട്ടലുകളിലടക്കം ഉപയോഗിക്കുന്ന ജയ അരിയ്ക്ക് രണ്ടുരൂപ വർദ്ധിച്ച് 55 രൂപയായി. സുരേഖയ്ക്ക് 55 രൂപ. അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായി വാങ്ങുന്ന പൊന്നിയുടെ വില പത്തുരൂപ വർദ്ധിച്ച് 84 ലെത്തി. കൈമയുടെ വില 200 രൂപയ്ക്ക് മുകളിലാണ്. കിലോയ്ക്ക് 45 രൂപയായിരുന്ന പഞ്ചസാരയുടെ വില 65 രൂപയിലെത്തിയശേഷം അല്പം കുറഞ്ഞെങ്കിലും നവരാത്രി സീസണിൽ വീണ്ടും ഉയർന്നു. സൂര്യകാന്തി എണ്ണ, പാം ഓയിൽ എന്നിവയ്ക്കും വില വർദ്ധിക്കുകയാണ്.
വിലയിങ്ങനെ
വറ്റൽമുളക് : 300- 360
പരിപ്പ് : 85 - 100
കടല : 100- 130
ചെറുപയർ : 140 - 180
വൻപയർ : 125
ഗ്രീൻപീസ് : 90
ഉഴുന്ന് : 155
മല്ലി : 200
അരി ക്ഷാമം സൃഷ്ടിക്കാൻ ശ്രമം
വിലക്കയറ്റം മൂലം കർണാടകയിൽ നിന്നുള്ള കുത്തരി പല കടകളിലും എത്തുന്നില്ല. മന:പ്പൂർവം ക്ഷാമം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കേരളത്തിലെ ബ്രാൻഡുകൾ എല്ലാം വിലകൂട്ടിത്തുടങ്ങി. കഴിഞ്ഞയാഴ്ച വന്ന പായ്ക്കറ്റുകളെല്ലാം പുതുക്കിയ വില രേഖപ്പെടുത്തി. ഗുണമേന്മയിൽ, ഒപ്പം നിൽക്കില്ലെങ്കിലും റേഷൻകടകളിൽ നിന്ന് കുത്തരി ആവശ്യാനുസരണം ലഭിക്കാത്തത് തിരിച്ചടിയാകുന്നതായി ഉപഭോക്താക്കൾ പറയുന്നു. വിലക്കയറ്റത്തിനൊപ്പം വില്പന കുറഞ്ഞത് ചെറുകിട പലചരക്ക് വ്യാപാരികളെ പ്രതിസന്ധിയിലാക്കി. വൻകിട ബ്രാൻഡുകളുടെ കടകളിൽ നിന്നും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും നേരിട്ട് സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചതും തിരിച്ചടിയായി.
ഓണത്തിനു മുമ്പ് വിപണിയിൽ സജീവമായി ഇടപെട്ട ഭക്ഷ്യവകുപ്പ്, പിന്നീട് വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ല.
(വ്യാപാരികൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |