
കാളകെട്ടി: ശബരിമല പരമ്പരാഗത കാനനപാത ഭക്തർക്കായി ഇരുപത്തിനാല് മണിക്കൂറും തുറന്നുനൽകണമെന്ന് മല അരയ മഹാസഭ ആവശ്യപ്പെട്ടു. ഭക്തരെ വടം കെട്ടി തടയുന്നതും തിരിച്ചുവിടുന്നതും അംഗീകരിക്കാനാകില്ലെന്ന് കാളകെട്ടിയിൽ നടന്ന കാനനപാത പൂജയ്ക്കു ശേഷം നടന്ന സമ്മേളനം വ്യക്തമാക്കി.
മല അരയ മഹാസഭയുടെയും സഭയുടെ ആത്മീയ പ്രസ്ഥാനമായ ശ്രീ അയ്യപ്പ ധർമ്മസംഘത്തിന്റെയും സംയുക്ത നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. രാവിലെ കാളകെട്ടി കോട്ട ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര കാളകെട്ടി സിറ്റി വഴി അഴുതക്കടവിൽ എത്തി. ഘോഷയാത്രയോടനുബന്ധിച്ച് അനുഷ്ഠാന കലാരൂപമായ ഐവർകളി അവതരിപ്പിച്ചു. അഴുത കടവിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പൂജകൾക്ക് രാജൻ മേനോത്ത് മുഖ്യ കാർമികത്വം വഹിച്ചു.
പൂജകൾക്കു ശേഷം ഉച്ചയോടെ ശബരി പിൽഗ്രിം സെന്ററിൽ നടന്ന സാംസ്കാരിക സമ്മേളനം മല അരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ. സജീവ് ഉദ്ഘാടനം ചെയ്തു. 'കാളകെട്ടിയുടെ ആത്മീയതയും വികസനവും' എന്ന വിഷയത്തിൽ ചർച്ചയും സംഘടിപ്പിച്ചു. സമ്മേളനത്തിൽ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് എം.കെ. സജി അധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |