SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

അങ്കംകുറിക്കാൻ ആത്മവീര്യത്തോടെ ' അഞ്ച് പെണ്ണുങ്ങൾ '

vanitha
vanitha

കോഴിക്കോട്: തിളച്ചുമറിയുന്ന കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് ഗോദയിൽ ആത്മവീര്യത്തോടെ അങ്കംകുറിക്കാൻ 12 വനിതകൾ. എൽ.ഡി.എഫ്. യു.ഡി.എഫ് , എൻ.ഡി.എ മുന്നണികളിൽ നിന്നായി അഞ്ച് പേരും സ്വതന്ത്രരായി ഏഴ് പേരുമാണ് രംഗത്തുള്ളത്. 2021ൽ മൂന്ന് മുന്നണികളിലായി നാലുപേരായിരുന്നെങ്കിൽ ഇക്കുറി കച്ചമുറുക്കി അഞ്ച് പേരുണ്ട്. യു.ഡി.എഫ് മൂന്ന് വനിതകളെ രംഗത്തിറക്കി. വടകരയിൽ യു.ഡി.എഫ് - ആർ.എം.പി.ഐ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെ.കെ രമ, പേരാമ്പ്രയിൽ മുസ്ലിംലീഗിലെ ഫാത്തിമ തഹ്ലിയ, എലത്തൂരിൽ കോൺഗ്രസിലെ വിദ്യ ബാലകൃഷ്ണൻ. നാദാപുരത്ത് എൽ.ഡി.എഫിന്റെ പി. വസന്തം. കോഴിക്കോട് നോർത്തിലെ ബി.ജെ.പിയിലെ നവ്യ ഹരിദാസ് എന്നിവരാണ് 'അഞ്ച് പെണ്ണുങ്ങൾ'.

കഴിഞ്ഞ തവണ യു.ഡി.എഫിന് വേണ്ടി കെ.കെ. രമ (വടകര), അഡ്വ. നൂർബിന റഷീദ്(കോഴിക്കോട് സൗത്ത്) എന്നിവരാണ് കളത്തിലിറങ്ങിയത്. കാനത്തിൽ ജമീല (കൊയിലാണ്ടി) എൽ.ഡി.എഫിന് വേണ്ടിയും കോഴിക്കോട് സൗത്തിൽ ബി.ജെ.പിയിലെ രമ്യ ഹരിദാസുമായിരുന്നു. കഴിഞ്ഞ തവണ കളത്തിലിറങ്ങിയ നാല് പേരിൽ കെ.കെ.രമയും കാനത്തിൽ ജമീലയും വിജയക്കൊടി പാറിച്ചപ്പോൾ നവ്യയും നൂർബിന റഷീദും മികച്ച നേട്ടമുണ്ടാക്കി.

 കെ.കെ. രമ (വടകര)

യു.ഡി.എഫ് പിന്തുണയുള്ള ആർ.എം.പി സ്ഥാനാർത്ഥിയായി കെ.കെ രമ രണ്ടാമങ്കത്തിനെത്തിയതോടെ വടകരയിൽ പോരാട്ടം കനത്തു.കഴിഞ്ഞ തവണ ‘ഫുട്ബോൾ’ ചിഹ്നത്തിൽ മത്സരിച്ച രമ ഇത്തവണ ‘ടെലിവിഷൻ’ ചിഹ്നവുമായാണ് ജനവിധി തേടുന്നത്.എതിരാളികൾ: എൽ.‌ഡി.എഫ്- എം.കെ ഭാസ്കരൻ, എൻ.ഡി.എ - കെ.ദിലീപ്

പി.വസന്തം (നാദാപുരം)

സി.പി.ഐയുടെ ഉറച്ച കോട്ടയായ നാദാപുരം ഉറപ്പിച്ച് നി‌ർത്തുകയാണ് സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റുമായ പി. വസന്തത്തിന്റെ ദൗത്യം. നാദാപുരം സി.പി.ഐ.യുടെ ജില്ലയിലെ ഏക സീറ്റാണ്. എതിരാളികൾ: യു.ഡി.എഫ്- കെ.എം. അഭിജിത്ത്, എൻ.ഡി.എ- വിപിൻ ചന്ദ്രൻ

നവ്യ ഹരിദാസ് (കോഴിക്കോട് നോർത്ത്)

ഇടതിനും വലതിനുമൊപ്പം നിന്നിട്ടുള്ള കോഴിക്കോട് നോർത്ത് പിടിച്ചെടുക്കുകയാണ് ബി.ജെ.പിയിലെ യുവ സാരഥിയും മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റും കോർപ്പറേഷൻ കൗൺസിലറുമായ നവ്യ ഹരിദാസിന്റെ പ്രഥമ ലക്ഷ്യം. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്ന് തവണ വിജയിച്ച അനുഭവസമ്പത്ത് നവ്യയ്ക്കുണ്ട്. എതിരാളികൾ: എൽ.ഡി.എഫ്- സിറ്റിംഗ് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ, യു.ഡി.എഫ്- കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. ജയന്ത്

വിദ്യ ബാലകൃഷ്ണൻ (എലത്തൂർ)

എൻ.സി.പി.(എസ്)യുടെ സിറ്റിംഗ് സീറ്റായ എലത്തൂരിൽ തികഞ്ഞ ആത്മ വിശ്വാസത്തിലാണ്

കെ.പി.സി.സി. ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ പോരിനിറങ്ങുന്നത്. രണ്ടുതവണ കോർപ്പറേഷൻ കൗൺസിലറായി പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്തും അവർക്കുണ്ട്. എതിരാളികൾ: എൽ.ഡി.എഫ്- എ.കെ. ശശീന്ദ്രൻ, എൻ.ഡി.എ- ദേവദാസ്

ഫാത്തിമ തഹ്ലിയ (പേരാമ്പ്ര)

ഇടതുമുന്നണിയുടെ കുത്തകയായ പേരാമ്പ്രയിൽ യുവത്വത്തിന്റെ ഊർജം കൈമുതലാക്കിയാണ് മുസ്ലീം ലീഗിലെ ഫാത്തിമ തഹ്ലിയ കളം നിറയുന്നത്. നിലവിൽ കുറ്റിച്ചിറയിൽ നിന്നുള്ള കോർപറേഷൻ കൗൺസിലറാണ്. ഫാത്തിമ തഹ്‌ലിയയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുതൽ മുസ്ലിം ലീഗിനായി കാൽ നൂറ്റാണ്ടിന് ശേഷം 2021 ൽ മത്സരംഗത്ത് എത്തിയ അഡ്വ. നൂർബിന റഷീദിനെ പരിഗണിക്കാത്തതിൽ അതൃപ്തി പുകഞ്ഞിരുന്നു. എതിരാളികൾ: എൽ.ഡി.എഫ്- ടി.പി രാമകൃഷ്ണൻ, എൻ.ഡി.എ- എം മോഹനൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL