SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

കൈക്കുമ്പിളിൽ വയനാട്‌

sidik
SIDIK

കൽപ്പറ്റ: വയനാട്ടിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളും ഇനി യു.ഡി.എഫിന് സ്വന്തം. കൽപ്പറ്റയും സുൽത്താൻ ബത്തേരിയും നിലനിർത്തുകയും മാനന്തവാടി പിടിച്ചെടുക്കുകയും ചെയ്താണ് യു.ഡി.എഫ് വയനാട് ജില്ലയിൽ കരുത്തുകാട്ടിയത്. 2011ലാണ് ഇതിനുമുമ്പ് വയനാട്ടിൽ സമാനമായ വിജയം നേടിയത്. അന്ന് മൂന്നു മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിച്ചു. തുടർച്ചയായി ആരോപണങ്ങൾനേരിട്ട ഐ.സി ബാലകൃഷ്ണൻ നേടിയ വിജയവും മാനന്തവാടിയിലെ ഉഷ വിജയന്റെ വിജയവും യു.ഡി.എഫിന്
അഭിമാനനേട്ടമായി.
ഐ.സി ബാലകൃഷ്ണൻ 16,597വോട്ടിന്റെ ഭൂരിപക്ഷത്തിന് ഉജ്ജ്വല വിജയമാണ് നേടിയത്. തുടർച്ചയായി നാലാം തവണയാണ് ഐ.സി ബാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെടുന്നത്. 78,936വോട്ടാണ് ഐ.സി ബാലകൃഷ്ണന് ബത്തേരിയിൽ ലഭിച്ചത്. തിരഞ്ഞെടുപ്പിന്റെ തൊട്ടു തലേന്നാൾ വരെ എൻ.എം വിജയന്റെ കുടുംബം നടത്തിയ വാർത്താസമ്മേളനം ഐ.സി ബാലകൃഷ്ണനെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ ജനമനസുകൾ കീഴടക്കിയ ഐ.സി ബാലകൃഷ്ണനെതിരായ ആരോപണങ്ങളൊന്നും പരാജയപ്പെടുത്താൻ ശേഷിയുള്ളതായിരുന്നില്ല. പാർട്ടിയിലെ ഗ്രൂപ്പ്‌നേതാക്കൾ ഐസി ബാലകൃഷ്ണന് സീറ്റ് കിട്ടാതിരിക്കാൻവേണ്ടി പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ പാർട്ടിക്ക് ഐ.സി ബാലകൃഷ്ണൻ എന്ന പേരല്ലാതെ പരിഗണിക്കാൻ കഴിഞ്ഞിരുന്നില്ല. ജനങ്ങൾക്കിടയിലെ സ്വീകാര്യത മറ്റാരേക്കാളും തിരിച്ചറിഞ്ഞത് സ്വന്തം പാർട്ടിയാണ്. അതിനാലാണ് വീണ്ടും ഐ.സി ബാലകൃഷ്ണന് അവസരം നൽകിയത്.

ഉഷാ വിജയനെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയപ്പോൾ തന്നെ എൽ.ഡി.എഫ്‌ തോൽവി മണത്തിരുന്നു. രണ്ടു പതിറ്റാണ്ട് കാലമായി മാനന്തവാടിയിൽ ജനപ്രതിനിധിയായി പ്രവർത്തിക്കുന്ന ഉഷാ വിജയന് ജനങ്ങൾക്കിടയിൽ നല്ല സ്വീകാര്യത ഉണ്ടായിരുന്നു. എടവക പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെ അലങ്കരിച്ച ഉഷാ വിജയനെ മുസ്ലീംലീഗാണ് കൂടുതൽ പിന്തുണച്ചത്. മുസ്ളീംലീഗ് പ്രവർത്തകർ എണ്ണയിട്ട യന്ത്രം പോലെ മണ്ഡലത്തിൽ പ്രവർത്തിച്ചു. 10,543വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉഷാ വിജയൻ മാനന്തവാടിയിൽ വിജയിച്ചത്. കേളുവിന്റെ പഞ്ചായത്തായ തിരുനെല്ലിയിൽ മാത്രമാണ് എൽ.ഡി.എഫിന് ഭൂരിപക്ഷം നേടാനായത്. മറ്റു പഞ്ചായത്തുകളിൽ എല്ലാം ഉഷവിജയൻ ഭൂരിപക്ഷംനേടി. ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും നേടിയ മികവ് നിയമസഭാ തിരഞ്ഞെടുപ്പിലും
നിലനിറുത്താൻ യുഡിഎഫിനായി.

കൽപ്പറ്റയിൽ ടൗൺഷിപ്പ് ഉദ്ഘാടന വേളയിൽ ടി.സിദ്ദീഖിന് കൂവൽ ഏൽക്കേണ്ടി വന്നിരുന്നു. മുണ്ടക്കൈ ചൂരൽമല പ്രദേശം ഉൾപ്പെട്ട കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് 45,031 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ടി.സിദ്ദീഖ് എം.എൽ.എ അതിന് മധുരമായി മറുപടി കൊടുത്തത്. ഉരുൾ ദുരിതബാധിതരുടെ അതിജീവന പ്രശ്നമാണ് സംസ്ഥാനം മുഴുവൻ ഇടതുമുന്നണി വിഷയമാക്കിയതും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL