നിപ രോഗിയെ പരിചരിച്ച് കോമയിലായ രാജ്യത്തെ ആദ്യ വ്യക്തി
കോഴിക്കോട്: 'മുപ്പത് മാസവും മൂന്ന് ദിവസവുമായി അവൻ ഞങ്ങളെയൊന്ന് വിളിച്ചിട്ട്... ഒരേ കിടപ്പായിരുന്നു. ഇപ്പോൾ ചെറുതായി ചിരിക്കും. കെെകാലിളക്കും. ചില ശബ്ദമുണ്ടാക്കും. അവന് എന്തൊക്കെയോ പറയാനുണ്ട്, പക്ഷേ, കണ്ടുനിൽക്കാനാവുന്നില്ല.' പറഞ്ഞു നിറുത്തിയപ്പോൾ ടിറ്റോ തോമസിന്റെ മാതാപിതാക്കളായ തോമസിന്റെയും ഏലിയാമ്മയുടെയും കണ്ഠമിടറി, കണ്ണ് നനഞ്ഞു.
2023ൽ നിപ രോഗിയെ പരിചരിച്ചതോടെ നഴ്സായ ടിറ്റോയുടെ തലച്ചോറിലും വെെറസ് പിടിമുറുക്കി. ശരീരം തളർന്നു. സംസാരിക്കാതായി. കണ്ണടച്ച് ഒരേ കിടപ്പ്. ഇപ്പോൾ ചെറിയ വ്യത്യാസമുണ്ട്. കണ്ണുകളിൽ പ്രത്യാശയുടെ തിളക്കവും. ദക്ഷിണ കന്നഡ ഐത്തൂർ സ്വദേശിയാണ് ടിറ്റോയും കുടുംബവും. കോട്ടയത്ത് വേരുള്ളവരാണ് പൂർവികർ. ബി.എസ്.സി നഴ്സിംഗിന് ശേഷം കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ആറുമാസമേ നഴ്സായി ജോലി ചെയ്തുള്ളൂ. അപ്പോഴേയ്ക്കുമാണ് ഈ 26 കാരന്റെ ജീവിതം കോമയിലായത്.
ടിറ്റോ പരിചരിച്ച രോഗിക്ക് നിപ സ്ഥിരീകരിച്ചത് അയാളുടെ മരണശേഷമാണ്. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ടിറ്റോയ്ക്ക് രക്തസമ്മർദ്ദവും തലവേദനയും മറ്റുമുണ്ടായി. പരിശോധനയിൽ തലച്ചോറിലെ നാഡികൾ ചുരുങ്ങിയതായി കണ്ടെത്തി. ഇഖ്റ ആശുപത്രിയിൽ തന്നെ ചികിത്സയിലായി. സഹോദരൻ സിജോയാണ് ആദ്യം കൂടെ നിന്നത്. പിന്നീട് ജോലി കിട്ടി ഹെെദരാബാദിലേക്ക് പോയി. നാടും അവിടത്തെ കൃഷിയും ഷീറ്റിട്ട വീടുമുപേക്ഷിച്ച് മകനെ ചികിത്സിക്കാൻ മാതാപിതാക്കളെത്തി. ടിറ്റോയുടെ ചികിത്സാച്ചെലവ് ജോലി ചെയ്ത ആശുപത്രിയാണ് വഹിക്കുന്നത്. സൗജന്യമായി താമസസൗകര്യവുമൊരുക്കി. സംസ്ഥാന സർക്കാർ 17 ലക്ഷം നൽകി.
പ്രതീക്ഷയിൽ ഡോക്ടർമാരും
രോഗം ഭേദപ്പെടുമെന്നാണ് വിദഗ്ദ്ധ ഡോക്ടർമാർ പറയുന്നത്. മുട്ടയുടെ വെള്ളയും ചോറും കാരറ്റും കാൽസ്യം പൗഡറുമൊക്കെ ദ്രവരൂപത്തിൽ ട്യൂബിലൂടെയാണ് നൽകുന്നത്. ഇടയ്ക്കിടെ ചെരിച്ചും മലർത്തിയും കിടത്തണം. മാതാപിതാക്കൾക്ക് ജോലിക്ക് പോകാനാവില്ല. സുമനസുകളുടെ സഹായവും കുടുംബം പ്രതീക്ഷിക്കുന്നു. അക്കൗണ്ട് നമ്പർ: 43560625628. ഐ.എഫ്.എസ്.സി SBIN0071030. എസ്.ബി.ഐ സിൽവർ ഹിൽസ് ബ്രാഞ്ച്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |