കോഴിക്കോട്: ഓണക്കാലത്ത് വീടുകളിലെത്തിയ പച്ചക്കറിയും പൂക്കളും പലഹാരങ്ങളും ഓണക്കിറ്റുമെല്ലാം കുടുംബശ്രീയുടെ കൈയൊപ്പോടെ. ഓണവിപണിയെ അവസരമാക്കി കോഴിക്കോട് ജില്ലയിൽ കുടുംബശ്രീ സംരംഭകർ നടത്തിയ വിപണന പ്രവർത്തനങ്ങൾ വലിയ നേട്ടമായി. വിവിധ കേന്ദ്രങ്ങളിലായി ഒരുക്കിയ 148 ഓണം മേളകളിലൂടെ 3,15,07,517 രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ നേടിയത്. ചെറുകിട സംരംഭകരുടെ ഉത്പ്പന്നങ്ങൾക്ക് വിപണി കണ്ടെത്തിയതിനൊപ്പം നിരവധി കുടുംബങ്ങൾക്ക് ഓണം വരുമാനത്തിന്റെ കാലവുമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടന്ന മേളകളിൽ 4,230 കുടുംബശ്രീ സംരംഭ യൂണിറ്റുകളാണ് പങ്കെടുത്തത്. തദ്ദേശ സ്ഥാപനതലങ്ങളിൽ ഒരുക്കിയ വിപണികളിൽ ഭക്ഷ്യവസ്തുക്കൾ, പലഹാരങ്ങൾ, കൈത്തറി-കരകൗശല ഉത്പ്പന്നങ്ങൾ, കാർഷിക ഉത്പ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് മികച്ച വിപണി ലഭിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ നബാർഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാതല ഓണം വിപണനമേളയിൽ മാത്രം 12,48,115 രൂപയുടെ വിൽപ്പന നടന്നു. കോഴിക്കോട് ബീച്ചിൽ സപ്ലൈകോയുടെ മെഗാ മേളയോടനുബന്ധിച്ച് ഒരുക്കിയ കുടുംബശ്രീ ഭക്ഷ്യമേളയിലും 5,38,150 രൂപയുടെ വിറ്റുവരവുണ്ടായി.
വിപണിക്ക് കരുത്തായത് ഓണസദ്യയും ഓണക്കിറ്റും
കുടുംബശ്രീ സി.ഡി.എസ്. സംവിധാനത്തിലൂടെ വിതരണം ചെയ്ത 4,230 ഓണക്കിറ്റുകളിൽ നിന്ന് 22,41,500 രൂപയുടെ വിറ്റുവരവുണ്ടായി. വിവിധ കേന്ദ്രങ്ങളിൽനിന്നായി ലഭിച്ച 4,021 ഓണസദ്യ ഓർഡറുകൾ കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകൾ ഏറ്റെടുത്തു. ഇതിലൂടെ 10,06,000 രൂപയുടെ വരുമാനവും ലഭിച്ചു. കാർഷിക മേഖലയും ഓണവിപണിയിൽ സജീവമായി. ജെ.എൽ.ജി. കർഷകരുടെ നേതൃത്വത്തിൽ ഉത്പ്പാദിപ്പിച്ച 30,527 കിലോ പച്ചക്കറികൾ വിപണിയിലെത്തിച്ച് 29,18,705 രൂപയുടെ വിറ്റുവരവ് നേടി. നിറ പൊലിമയുടെ ഭാഗമായി നടത്തിയ പൂക്കൃഷിക്ക് ലഭിച്ചത് 4,98,898 രൂപയുടെ വിറ്റുവരവാണ്. കുടുംബശ്രീ സംരംഭകർക്ക് സ്ഥിരമായ വിപണി കണ്ടെത്താനും ഉത്പ്പന്നങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കാനും വരുമാനം ഉയർത്താനും ലക്ഷ്യമിട്ടായിരുന്നു ഓണം വിപണന പ്രവർത്തനങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |