കോഴിക്കോട്: ജന്മംകൊണ്ട് മലപ്പുറംകാരനെങ്കിലും കർമംകൊണ്ട് എക്കാലവും കോഴിക്കോട്ടുകാരുടെ പ്രിയ വക്കീൽ നേതാവായിരുന്നു അന്തരിച്ച അഡ്വ.എം.വീരാൻകുട്ടി. കോഴിക്കോട് ഡി.സി.സിയുടെ അമരക്കാരനായിരിക്കുമ്പോഴും എതിർ രാഷ്ട്രീയ കക്ഷിനേതാക്കളുമായും മാദ്ധ്യമപ്രവർത്തകരുമൊക്കെയായി അദ്ദേഹം ഹൃദയബന്ധം പുലർത്തി. എല്ലവർഷവും മുടങ്ങാതെ നഗരത്തിലെ പൗരാവലിക്കായി ഇഫ്താർസംഗമം സംഘടിപ്പിച്ച് സൗഹൃദത്തെ ഊട്ടിവളർത്തി. കേരളത്തിൽ, വിശേഷിച്ച് കോഴിക്കോട്ട് ഐഗ്രൂപ്പിന്റെ ശക്തനായ വക്താവായിരിക്കുമ്പോഴും പാർട്ടി വിട്ട് കരുണാകരനും മുരളിയും പുതിയ പ്രസ്ഥാനം രൂപീകരിച്ചപ്പോൾ ആ വഴിക്ക് പോകാതിരുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളുടെ ഉറച്ച ചിത്രമായിരുന്നു.
ജനങ്ങളുമായും പ്രവർത്തകരുമായും ആത്മബന്ധം സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ നേതൃശൈലി ഏറെ ശ്രദ്ധേയമായിരുന്നു. വാഴക്കാട് ഗവ.ഹൈസ്ക്കൂൾ ലീഡറെന്ന നിലയിലായിരുന്നു വീരാൻകുട്ടിയുടെ രാഷ്ട്രീയത്തിലേക്കുള്ള തുടക്കം. ദേവഗിരി കോളേജിലെ പ്രീഡിഗ്രി പഠനകാലയളവിൽ പ്ലാനിംഗ് ഫോറം സെക്രട്ടറിയായി. ക്രിസ്ത്യൻ കോളേജിൽ ഡിഗ്രിക്കായി ചേർപ്പോൾ അന്നത്തെ സോഷ്യലിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ ഐ.എസ്.ഒ.യുടെ സംസ്ഥാന പ്രസിഡന്റായി. റാഗിംഗിനെതിരെ വിദ്യാർത്ഥി പ്രസ്ഥാനത്തിന് നേതൃത്വം നൽകി. മലബാർ ക്രിസ്ത്യൻ കോളേജ് യൂണിയൻ ചെയർമാനായിരുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ നിന്ന് പി.ആർ കുറുപ്പിനോടൊപ്പം കോൺഗ്രസിൽ ചേർന്നു. കോഴിക്കോട് ലോ കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഡി.സി.സി വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെച്ചു. പി.ശങ്കരൻ ഡി.സി.സി പ്രസിഡന്റായിരുന്ന സമയം കൊയിലാണ്ടിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിക്കാൻ തീരുമാനിച്ചപ്പോഴാണ് വൈസ് പ്രസിഡന്റായ വീരാൻകുട്ടി ജില്ലാകോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് വരുന്നത്. എത്ര സങ്കീർണമുള്ള പ്രശ്നമായാലും അതിനെയെല്ലാം ചിരിച്ചുകൊണ്ട് നേരിടുന്നതായിരുന്നു വീരാൻകുട്ടിയുടെ പ്രത്യേകത. വീരൻകുട്ടിയുടെ മൃതദേഹം കോഴിക്കോട്ട് പൊതുദർശനമുണ്ടായില്ലെങ്കിലും പ്രിയനേതാവിനെ അവസാനമായിട്ടൊരുനോക്ക് കാണാൻ നൂറുകണക്കിനാളുകളാണ് മലപ്പുറം എടവണ്ണപ്പാറയിലെത്തിയത്.
വീരാൻകുട്ടി നിലപാടുകൾ മുറുകെപിടിച്ച
കോൺഗ്രസിലെ സൗമ്യസാന്നിദ്ധ്യം
കോഴിക്കോട്: രാഷ്ട്രീയ ഭേദമന്യേ എല്ലാവരുമായും അടുത്ത ബന്ധംപുലർത്തുമ്പോഴും നിലപാടുകൾ മുറുകെപ്പിടിച്ച നേതാവായിരുന്നു അഡ്വ. എം.വീരാൻകുട്ടി. അഞ്ചു വർഷക്കാലം കോഴിക്കോട് ഡി.സി.സി പ്രസിഡന്റായിരുന്നു. ന്യൂനപക്ഷ കമ്മിഷൻ പ്രഥമ ചെയർമാൻ സ്ഥാനത്തെത്തിയപ്പോഴും രാഷ്ട്രീയ നിലപാടുകളിൽ മായംകലർത്തിയില്ല. കെ.കരുണാകരന്റെയും കെ.മുരളീധരന്റെയും സന്തതസഹചാരിയായിരുന്നിട്ടും ഇരുവരും കോൺഗ്രസ് വിട്ട് ഡി.ഐ.സി ഉണ്ടാക്കിയപ്പോൾ കോൺഗ്രസിനൊപ്പം അടിയുറച്ചുനിന്നു.
ജന്മംകൊണ്ട് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ സ്വദേശിയാണെങ്കിലും കോഴിക്കോടായിരുന്നു കർമ മണ്ഡലം. ഏറെക്കാലം കോഴിക്കോട് സിവിൽ സ്റ്റേഷൻ മധുരവനം റോഡിലായിരുന്നു താമസം. മുതിർന്ന രാഷ്ട്രീയ നേതാക്കളും സാമൂഹിക, സാംസ്കാരിക നായകരുമായും അടുത്ത ബന്ധം പുലർത്തി കോഴിക്കോടിന്റെ പൊതുവേദികളിൽ സജീവ സാന്നിദ്ധ്യമായി. സോഷ്യലിസ്റ്റ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് അദ്ദേഹം. വിദ്യാർത്ഥി കാലത്തുതന്നെ കേരളത്തിലെ ക്യാമ്പസുകളിലെ ശ്രദ്ധേയനായ നേതാവായിരുന്നു. നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മുല്ലപ്പള്ളി രാമചന്ദ്രൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് കോഴിക്കോട് ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധതയും സംഘടനാ മികവും മുൻനിർത്തിയാണ് എ.കെ ആന്റണി സർക്കാറിന്റെ കാലത്ത് സംസ്ഥാനത്തെ പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനായി അദ്ദേഹത്തെ നിയോഗിച്ചത്. ഈ പദവിയിലിരുന്ന് ന്യൂനപക്ഷ ക്ഷേമത്തിനായി മാതൃകാപരമായ നിരവധി പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചു.
മുഖ്യമന്ത്രി വി.ഡി.സതീശൻ, എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവരും മന്ത്രിമാരുംവീരാൻകുട്ടിയുടെ വേർപാടിൽ അനുശോചിച്ചു.
കോൺഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടം: വി.ഡി.സതീശൻ
സോഷ്യലിസ്റ്റ് വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന കോഴിക്കോട്ട് കോൺഗ്രസിനെ നയിച്ച പ്രമുഖ നേതാവിനെയാണ് വീരാൻകുട്ടിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ക്യാമ്പസ് രാഷ്ട്രീയത്തിൽ മികച്ച നേതൃപാടവം തെളിയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. പിന്നീട് കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി എല്ലാവരോടും സൗമ്യമായും ഊഷ്മളമായും പെരുമാറിയിരുന്ന വീരാൻകുട്ടി വക്കീൽ, തന്റെ രാഷ്ട്രീയ ബോധ്യങ്ങളിലും നിലപാടുകളിലും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായിരുന്നില്ല. പാർട്ടി വലിയ പ്രതിസന്ധികളെ അഭിമുഖീകരിച്ചപ്പോഴൊക്കെയും ആദർശപരമായ ഉറച്ച നിലപാടുകൾ സ്വീകരിച്ചത് അദ്ദേഹത്തിന്റെ ധീരമായ നേതൃത്വത്തിന്റെ ഉദാഹരണങ്ങളായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
അനുസ്മരിച്ച് നേതാക്കൾ
കോഴിക്കോട്: കോൺഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച നേതാവായിരുന്നു എം. വീരാൻകുട്ടിയെന്ന് ടൂറിസം, സാംസ്കാരിക, മന്ത്രി പി.സി. വിഷ്ണുനാഥ് അനുശോചിച്ചു. രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുകയും എല്ലാവരോടും ഊഷ്മളമായ സൗഹൃദം പുലർത്തുകയും ചെയ്ത അദ്ദേഹത്തിന്റെ വ്യക്തിത്വം ഏറെ ശ്രദ്ധേയമായിരുന്നു മന്ത്രി പറഞ്ഞു.
ജനങ്ങളുമായും പ്രവർത്തകരുമായും ആത്മബന്ധം സ്ഥാപിച്ചിരുന്ന വീരാൻകുട്ടിയുടെ നേതൃശൈലി ഏറെ ശ്രദ്ധേയമായിരുന്നെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺഗ്രസ് അഖിലേന്ത്യ തലത്തിൽ പിളർപ്പിനെ നേരിട്ടപ്പോൾ ഇന്ദിരാഗാന്ധി യോടൊപ്പം ഉറച്ചുനിന്ന യൂത്ത് കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം അനുസ്മരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |