SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.33 AM IST

ചെറുകിട സംരംഭങ്ങളെ വീണ്ടെടുക്കാൻ കുടുംബശ്രീയുടെ 'പുനർജ്വാല'

kudumbashree

മലപ്പുറം: കടബാദ്ധ്യതയും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മൂലം പ്രതിസന്ധിയിലായ ജില്ലയിലെ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ചെറുകിട സംരംഭങ്ങളെ വീണ്ടെടുക്കാനുള്ള 'പുനർജ്വാല' ക്യാമ്പയിനിന്റെ ആദ്യഘട്ടമായി വിവിധ സി.ഡി.എസുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ചെറുകിട സംരംഭങ്ങളുടെ തൽസ്ഥിതി വിലയിരുത്തുന്നതിനുള്ള സർവേയും പരിശോധനകളും ആരംഭിച്ചു. പൂട്ടിപ്പോകൽ ഭീഷണിയിലായ സ്ഥാപനങ്ങളെ കണ്ടെത്തി ആവശ്യമായ ധനസഹായവും വിപണന പിന്തുണയും നൽകി പുനരുദ്ധരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലയിൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 8,765 ചെറുകിട സംരംഭങ്ങളാണ്. ഇതിൽ 6,564 വ്യക്തിഗത സംരംഭങ്ങളും 2,201 ഗ്രൂപ്പ് സംരംഭങ്ങളും ഉൾപ്പെടുന്നു. ആകെ ഗുണഭോക്താക്കൾ 13,164 ആണ്.

അടച്ചുപൂട്ടിയ സംരംഭങ്ങളെ കണ്ടെത്തി പ്രാഥമിക പഠനത്തിന് ശേഷം വീണ്ടും തുറന്നുപ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് കണ്ടെത്തുന്ന സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കും. കുടുംബശ്രീ സംരംഭകരുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ സി.ഡി.എസ് തലത്തിൽ സൂക്ഷ്മസംരംഭ കൺസൾട്ടന്റുമാരുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. സംരംഭങ്ങളുടെ പ്രവർത്തനാവസ്ഥ, വരുമാനം, വിപണനം, സാമ്പത്തിക സുസ്ഥിരത, വളർച്ചാ സാദ്ധ്യത, നേരിടുന്ന വെല്ലുവിളികൾ വിലയിരുത്തും. ഓരോ സംരംഭത്തിന്റെയും വിപണി സാദ്ധ്യത സംബന്ധിച്ച പഠനം നടത്തുന്നുണ്ട്. തുടർന്ന് സംരംഭങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ച് ആവശ്യാനുസരണം സാമ്പത്തിക സഹായം, സാങ്കേതിക പിന്തുണ, ബ്രാൻഡിംഗ്, പാക്കേജിംഗ്, വിപണന സഹായം, പ്രൊഫഷണൽ സേവനങ്ങൾ ലഭ്യമാക്കും. പ്രാദേശികമായി സാദ്ധ്യതയുള്ള പുതിയ സംരംഭങ്ങൾ കണ്ടെത്തി വനിതകൾക്ക് പരിശീലനം, സാമ്പത്തിക സഹായം എന്നിവയും പദ്ധതി വഴി നൽകും.

മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംരംഭങ്ങളെ ക്ലസ്റ്റർ വികസനം, യൂണിറ്റ് വിപുലീകരണം, ബ്രാൻഡ് ശൃംഖല രൂപീകരണം, മൂല്യവർദ്ധിത ഉത്പാദനം എന്നിവയിലൂടെ ഹയർ ഓർഡർ സംരംഭങ്ങളാക്കി വളർത്തുന്നതിനും ക്യാമ്പയിൻ ലക്ഷ്യമിടുന്നുണ്ട്. സി.ഡി.എസ് മൈക്രോ എന്റർപ്രൈസ് ഉപസമിതികൾ, മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാർ, ബ്ലോക്ക്, ജില്ലാതല നോൺഫാം ലൈവ്ലിഹുഡ്സ് ടീമുകൾ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ.

രജിസ്റ്റർ ചെയ്ത ചെറുകിട സംരംഭങ്ങൾ- 8,765

വ്യക്തിഗത സംരംഭങ്ങൾ- 6,564

ഗ്രൂപ്പ് സംരംഭങ്ങൾ- 2,201

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL