SignIn
Kerala Kaumudi Online
Thursday, 08 October 2026 3.46 AM IST

'സ്വ‌പ്‌നം കണ്ടതെല്ലാം ഉള്ളം കൈയിൽ തൂക്കി"

sss

കരിയറിലെ അവസാന അന്താരാഷ്‌ട്ര മത്സരത്തിലും മെസിട്രിക്കിൽ അമ്പരന്ന് ലോകം

ബ്യൂണസ് അയേഴ്‌സ്: അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരത്തിലും കളിയിലെ താരമെന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനത്തോടെ ലയണൽ മെസിയെന്ന പ്രതിഭാസം അർജന്റീനയുടെ പത്താം നമ്പർ ജേഴ്‌സി അഴിച്ചു. ബ്യൂണസ് ഐറിസിലെ എസ്റ്റേഡിയോ മോനുമെന്റലിൽ നടന്ന മെസിയുടെ വിടവാങ്ങൽ മത്സരത്തിൽ അർജന്റീന 3-0ത്തിന് ആഫ്രിക്കൻ രാജ്യമായ ബെനിനെ കീഴടക്കി. മത്സരത്തിൽ ഒരു ഗോളടിച്ചും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയും 39-ാംവയസിലും കളത്തലിറങ്ങിയാൽ തന്നെ വെല്ലാൻ ആരുമില്ലെന്ന് തെളിയിച്ചാണ് മെസിയുടെ മടക്കം. ഒരു ലോകകപ്പും രണ്ട്കോപ്പ അമേരിക്ക കിരീടവുമുൾപ്പെടെ സ്വപ്നം കണ്ടെതെല്ലാം രാജ്യത്തിനായി പോരാടി നേടിയാണ് ഇതിഹാസം പടിയിറങ്ങുന്നത്. രണ്ട് പതിറ്റാണ്ടിലേരെ രാജ്യത്തിനായി മിന്നും പ്രകടനം നടത്തി പൂർണനായി മടക്കം.

വികാര ഭരിതം

എസ്റ്രേഡിയോ മോനുമെന്റലിനെ ഹൗസ് ഫുള്ളാക്കി 85,000 കാണികളാണ് തങ്ങളുടെ വീരനായകന്റെ രാജ്യത്തിനായുള്ള അവസാന പടയോട്ടം കാണാൻ ഒഴുകിയെത്തിയത്. മെസിയുടെ ഭാര്യയും മൂന്ന് മക്കളും അമ്മയും ഉൾപ്പെടെ ഉറ്രവരെല്ലാം എത്തിയിരുന്നു. മത്സരത്തിനായി സ്റ്രേഡിയത്തിലേക്ക് ടീം ബസിൽ വരുമ്പോഴും ദേശീയ ഗാനം ആലപിച്ചപ്പോഴും വിടവാങ്ഹൽ പ്രസംഗത്തിലുമെല്ലാം മെസി വിങ്ങിപ്പൊട്ടിയത് സഹതാരങ്ങളെയും ഗാലറിയേയും കണ്ണീരിലാഴ്‌ത്തി.

പത്താം മിനിട്ട്

മെസിയുടെ പത്താം നമ്പർ ജേഴ്‌സിയോടുള്ള ആദരസൂചകമായി അർജന്റീനയും ബെനിനും തമ്മിലുള്ള മത്സരത്തിന്റെ പത്താം മിനിറ്റിൽ കളി അൽപ്പനേരം നിർത്തിവെച്ച് സ്റ്റേഡിയം മുഴുവൻ എഴുന്നേറ്ര് നിന്ന് കൈയടിച്ച് താരത്തിന് ആദരമർപ്പിച്ചു.

ഗോളില്ലാ പകുതി

ആദ്യപകുതിയിൽ അർജന്റീനയുടെ സമഗ്രാധിപത്യമായിരുന്നെങ്കിലും ബെനിനിന്റെ വലകുലുക്കാൻ ആതിഥേയർക്കായില്ല. ബെനിൻ ഗോൾ കീപ്പർ മാഴ്സൽ ഡാൻഡ്‌ജനൗവിന്റെ ജാഗ്രതയും അർജന്റീനയ്ക്ക് വിലങ്ങ് തടിയായി.

സൂപ്പർ സൈൻ ഓഫ്

എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 48-ാം മിനിട്ടിൽ മെസിയെടുത്ത കോർണറിൽ നിന്ന് നിക്കോളാസ് ഓട്ടമെൻഡിയുടെ ക്ലോസ് റേഞ്ച് ഫിനിഷ് അർജന്റീനയെ മുന്നിലെത്തിച്ചു. മെസിയെ എടുത്തുയർത്തിയുള്ള ഓട്ടമെൻഡിയുടെ ഗോളാഘോഷം ആരാധകർ ഏറ്രെടുത്തു. ഓട്ടമെനഡിയുടെയും അവസാന അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. 61-ാം മിനിട്ടിൽ ബോക്സിന് വെളിയിൽ നിന്ന് മെസി അളന്നു കുറിച്ച് ഉയർത്തി നൽകിയ ബാൾ വലയിലെത്തിച്ച് നിക്കോ പാസ് അർജന്റീനയെ 2-0ത്തിന് മുന്നിലെത്തിച്ചു. പിന്നാലെ 71-ാം മിനിട്ട് ലോകം കാത്തിരുന്ന നിമിഷമായി. അഗസ്റ്റിൻ ഗിയയെ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്രി കിക്ക് ബെനിൻ ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെ മെസി ഗോളാക്കിയപ്പോൾ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. അവസാന നിമിഷങ്ങളിൽ മെസിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചതും ഫ്രീകിക്ക് പുറത്തേക്കു പോയതും കണ്ട് ആരാധകർ തലയിൽ കൈവച്ചു. ലോംഗ് വിസിൽ മുഴങ്ങുമ്പോൾ പകരക്കാരൻ ഇല്ലാത്ത ഇതിഹാസത്തിന്റെ അന്താരാഷ്ട്ര കരിയറിന് ശുഭാന്ത്യമായി. കുടുംബത്തോടും കോച്ച് സ്കലോണിയോടും സഹതാരങ്ങൾക്കുമൊപ്പം കണ്ണീരോടെ താരം ഗാലറിയിലും ലോകത്തെമ്പാടുമുള്ള ആരാധകരോടും വിടചൊല്ലി. ഇനിയാ കളിയാട്ടം അമേരിക്കൻ ക്ലബായ ഇന്റർ മയാമിയുടെ ജേഴ്സിയിൽ കാണാം. കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം മെസി കളിച്ച ഏക അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. പിതാവ് ഹോർഹെ മെസിയുടെ മരണത്തിന് പിന്നാലെയാണ് മെസി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിടവാങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360