തേഞ്ഞിപ്പലം: കഴിഞ്ഞ വർഷത്തെ അപൂർണ്ണമായ സ്വപ്നം അനുശ്രീ മോഹൻദാസ് ഇത്തവണ പൊൻതിളക്കത്തോടെ സഫലമാക്കി. റവന്യൂ ജില്ലാ സ്കൂൾ കായികമേളയിലെ സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിലാണ് ഭൂതാനം സ്വദേശിയായ അനുശ്രീ ഒന്നാം സ്ഥാനം നേടിയത്.
കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ ഷോട്ട്പുട്ടിൽ വലിയ പ്രതീക്ഷയോടെയാണ് അനുശ്രീ മാറ്റുരയ്ക്കാൻ ഇറങ്ങിയത്. എന്നാൽ, അവസാന എട്ട് മത്സരാർത്ഥികളിൽ ഇടംപിടിച്ച് ഫൈനൽ ലാപ്പിലേക്ക് കടക്കവേ വീട്ടിലേക്ക് അടിയന്തരമായി എത്തേണ്ട സാഹചര്യം വന്നതിനാൽ മത്സരങ്ങൾ പൂർത്തിയാക്കാതെ മടങ്ങേണ്ടി വന്നു. ആ മടക്കം അനുശ്രീയ്ക്ക് സമ്മാനിച്ച വേദന ചെറുതല്ല. എങ്കിലും 'അടുത്ത വർഷം ഇതേ വേദിയിൽ ഞാൻ തിരിച്ചുവരും, സ്വർണം നേടിയിരിക്കും' എന്ന ആത്മവിശ്വാസമായിരുന്നു അവളുടെ കരുത്ത്. ആ ദൃഢനിശ്ചയമാണ് വിജയത്തിലേക്ക് അനുശ്രീയെ നയിച്ചത്.
പോത്തുകല്ല് കാത്തലിക്കേറ്റ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനുശ്രീ മോഹൻദാസ്.
ഇന്നലെ നടന്ന ഡിസ്കസ് ത്രോ മത്സരത്തിലും താരം മാറ്റുരച്ചിരുന്നു. മോഹൻദാസ്-ജിഷ ദമ്പതികളുടെ മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |