പൊന്നാനി : പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ശുദ്ധജലം ലഭ്യമാക്കാനായി സ്ഥാപിച്ച വാട്ടർ എ.ടി.എമ്മുകൾ പലയിടങ്ങളിലും പ്രവർത്തനരഹിതം. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച സംവിധാനങ്ങൾ യഥാസമയം അറ്റകുറ്റപ്പണി നടത്താതെയും കൃത്യമായ പരിപാലനം നടത്താതെയും പ്രയോജന രഹിതമാവുകയാണ്.
ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, പൊതുഇടങ്ങൾ തുടങ്ങിയ ജനത്തിരക്കേറിയ സ്ഥലങ്ങളിൽ സ്ഥാപിച്ച വാട്ടർ എ.ടി.എമ്മുകളാണ് ഒരിക്കൽ തകരാറിലായാൽ പിന്നെ ജനങ്ങൾക്ക് ഉപകാരമില്ലാത്ത അവസ്ഥയിലേക്ക് മാറുന്നത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച കുറ്റിപ്പുറം മിനി പമ്പ പരിസരത്തുള്ള വാട്ടർ മെഷിൻ ഇതിനുദാഹരണമാണ്. ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതി പ്രകാരംപൊന്നാനി തവനൂർ മിനി പമ്പ ഭാഗത്ത് നാല് വർഷം മുൻപാണ് പദ്ധതി നടപ്പാക്കിയത്. ഒരു രൂപ കോയിൻ ഇട്ടാൽ ഒരു ലിറ്റർ വെള്ളവും, അഞ്ച് രൂപ കോയിൻ ഇട്ടാൽ അഞ്ചു ലിറ്റർ വെള്ളവും ഏതു സമയവും ലഭ്യമാകുമായിരുന്നു. 202-22 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത് . വൈകാതെ തന്നെ മെഷീൻ കേടായി. എങ്കിലും അറ്റകുറ്റപ്പണി നടത്താൻ നടപടികളെടുത്തിട്ടില്ല.
ആലങ്കോട് പഞ്ചായത്ത് പരിധിയിലെ ചങ്ങരംകുളം ടൗണിൽ തൃശൂർ ഭാഗത്തേയ്ക്കുള്ള ബസ് നിറുത്തുന്ന വെയ്റ്റിംഗ് ഷെഡിന് സമീപം ആലങ്കോട് പഞ്ചായത്ത് നിർമ്മിച്ച വാട്ടർ എ. ടി. എമ്മും നശിച്ചുകൊണ്ടിരിക്കുകയാണ്. അറ്റകുറ്റപ്പണിക്ക് മുൻ ഭരണസമിതിയോ നിലവിലെ ഭരണസമിതിയോ നടപടിയെടുത്തിട്ടില്ല. ജനത്തിരക്കേറിയ ചങ്ങരംകുളം ടൗണിൽ മെഷീൻ നന്നാക്കിയാൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാവും.
മിനിപമ്പയിലെ വാട്ടർ എ.ടി.എമ്മിന്റെ പ്രവർത്തനം വീണ്ടും തുടങ്ങിയാൽ യാത്രക്കാർക്കും ശബരിമല സീസൺ സമയത്ത് അന്യസംസ്ഥനങ്ങളിൽ നിന്നടക്കം എത്തുന്ന ഭക്തർക്കും കുറഞ്ഞ ചെലവിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനാവും.
ആര് നന്നാക്കണം
വാട്ടർ എ.ടി.എമ്മുകൾ പ്രവർത്തനരഹിതമാകമ്പോൾ അറ്റകുറ്റപ്പണി നടത്തേണ്ടത് ആരാണെന്നതും ചെലവ് വഹിക്കേണ്ടത് ഏത് സ്ഥാപനമാണെന്നതും തർക്ക വിഷയമാകുന്നതാണ് പദ്ധതിയെ തളർത്തുന്നത്.
പദ്ധതി നടപ്പാക്കിയ ഏജൻസിയും പരിപാലനച്ചുമതലയുള്ള തദ്ദേശസ്ഥാപനവും തമ്മിലുള്ള ഏകോപനക്കുറവ് അറ്റകുറ്റപ്പണിക്ക് ത
ടസമാവുന്നു.
പുതിയ ഭരണസമിതി നിലവിൽ വന്ന ശേഷം, വാട്ടർ എ.ടി.എം സ്ഥാപിച്ചവരെ മൂന്നുതവണ ബന്ധപ്പെട്ടിരുന്നു. മാറ്റിസ്ഥാപിക്കാനോ അറ്റകുറ്റപ്പണി നടത്താനോ ബന്ധപ്പെട്ടവർ തയ്യാറായില്ല. വേനൽ വരും മുമ്പ് വാട്ടർ എ.ടി.എം പ്രവർത്തനക്ഷമമാക്കാൻ നടപടിയെടുക്കും
ആഫിയ ഇബ്രാഹിം
ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |