SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.46 AM IST

15 കിലോയ്ക്ക് അനുമതി; 3200 കിലോ വെടിമരുന്ന്‌ശേഖരം

vedimarunnu
പാലക്കാട് ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ കൊടുത്ത മുതലമട വെള്ളാരംങ്കടവിലെ വെടിമരുന്ന് നിർമ്മാണ ശാല.

 ദുരന്തഭീതിയിൽ മുതലമട

 വെടിമരുന്ന് ശാലയും അണക്കെട്ടും തമ്മിൽ ഒരു കിലോമീറ്റർ ദൂരം

 വെടിമരുന്ന് ശാലയ്ക്ക് കാവലുള്ള പൊലീസുകാർക്ക് കാട്ടാന ഭീഷണി
 അഞ്ചരയേക്കർ ഭൂമി പാട്ടത്തിനെടുത്ത് വെടിമരുന്ന് നിർമ്മാണം.

മുതലമട: തൃശൂർ മുണ്ടത്തിക്കോട് പടക്ക നിർമ്മാണശാലയിൽ ശേഖരിച്ച വെടിമരുന്നിന്റെ മൂന്നിരട്ടി ശേഖരവുമായി മുതലമട വെള്ളാരങ്കടവിലെ വെടിമരുന്ന് നിർമ്മാണശാല. 15 കിലോ വെടിമരുന്ന് സൂക്ഷിക്കാനുള്ള അനുമതി മാത്രമാണുള്ളത്. പക്ഷേ ഇവിടെ 3200 കിലോയുടെ വെടിമരുന്ന് ശേഖരമാണുള്ളതെന്നാണ് പൊലീസ് പറയുന്നത്. അനുവദനീയമായ 15 കിലോയിൽ 5 കിലോ വെടിമരുന്നും 10 കിലോ പടക്കവുമാണ്. മുതലമടയെ മറ്റൊരു മുണ്ടത്തിക്കോടാക്കാനുള്ള പ്രഹരശേഷി നിലവിൽ വെള്ളാരങ്കടവിലെ വെടിമരുന്ന് നിർമ്മാണ ശാലയിലെ ശേഖരത്തിനുണ്ട്. മുതലമടയിലെ വിവാദ വെടിമരുന്ന് നിർമ്മാണ ശാലയ്ക്ക് ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. കൂടാതെ സമീപത്തെ മറ്റൊരു വെടിമരുന്ന് നിർമ്മാണ ശാലയ്ക്കും സ്റ്റോപ്പ് മെമ്മോ നൽകി പൂട്ടിച്ചു. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും കണക്കിലെടുക്കാതെയാണ് വെള്ളാരങ്കടവിൽ പാറമേക്കാവിന്റെ വെടിമരുന്ന് നിർമ്മാണ ശാല പ്രവർത്തിച്ചത്. തകരഷെഡ്ഡുകളും സമീപത്ത് ഉണങ്ങി നിൽക്കുന്ന പുല്ലുകളും സുരക്ഷിതത്വമില്ലാത്ത സ്‌ട്രോംഗ് റൂമുകളും ഇതിന് ഉദാഹരണമാണ്. കോട്ടയം സ്വദേശി ബിനോയ്‌ജേക്കബിന്റെ(62) പേരിലുള്ളതാണ് സ്ഥാപനമെങ്കിലും യഥാർത്ഥ ഉടമസ്ഥൻ മറ്റൊരാളാെന്നാണ് സൂചന. 2024 ൽ വെടിമരുന്ന് നിർമ്മാണശാലയുടെ പ്രവർത്തന ലൈസൻസ് പരിസരവാസികളുടെയും പൊതുജനങ്ങളുടെയും പരാതിയെ തുടർന്ന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് പി.കൽപ്പനദേവി തടഞ്ഞ് വച്ചിരുന്നു. പ്രധാന അണക്കെട്ടായ ചുള്ളിയാറിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ച് ജനങ്ങൾ സമരത്തിനിറങ്ങിയെങ്കിലും ഫലം കണ്ടില്ല. വെടിമരുന്ന് നിർമ്മാണ ശാലയിൽ അനുവദനീയമായതിൽ കൂടുതൽ വെടിമരുന്ന് സൂക്ഷിക്കുകയും രാത്രികാലങ്ങളിൽ കടത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ജനങ്ങൾ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിയ്ക്കും അതികൃതർക്കും പരാതി നൽകിയിരുന്നുവെങ്കിലും പ്രയോജനമുണ്ടായില്ല. ഇതെല്ലാം മറികടന്നാണ് വെടിമരുന്ന് നിർമ്മാണശാല പ്രവർത്തനമാരംഭിച്ചത്.

മുതലമടയെ മറ്റൊരു മുണ്ടത്തിക്കോടക്കാൻ അനുവദിക്കരുത്. നിരവധി ജനങ്ങൾ വെടിമരുന്ന് നിർമ്മാണ ശാലയുടെ 350 മീറ്റർ ചുറ്റളവിലുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന സംരംഭങ്ങൾ നാടിനാപത്താണ്.

ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ മുതലമട പഞ്ചായത്ത് കമ്മിറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, MUTHALAMADA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL