SignIn
Kerala Kaumudi Online
Wednesday, 21 October 2026 5.11 PM IST

സർക്കാർ സേവനങ്ങൾ ഇനി 'എന്റെ ജില്ല' ആപ്പ് വഴി അറിയാം

ente-jilla

പാലക്കാട്: സർക്കാർ ഓഫീസുകളിലെ സേവനം മികവുറ്റതാക്കാനും ഗുണനിലവാരം വിലയിരുത്താനുമായി 'എന്റെ ജില്ല' ആപ്പ് പ്രവർത്തനം ആരംഭിച്ചു. ആപ്പിലൂടെ പൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകൾ കണ്ടെത്താനും വിളിക്കാനും കഴിയും. ശേഷം അനുഭവങ്ങൾ, അവലോകനങ്ങൾ എന്നിവ ആപ്പിലൂടെ രേഖപ്പെടുത്താം. ഒന്ന് മുതൽ അഞ്ചുവരെ റേറ്റിംഗ് നൽകാനും സാധിക്കും. രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും അവലോകനങ്ങളും നിർദ്ദേശങ്ങളും എല്ലാവർക്കും കാണാൻ സാധിക്കും.

ആപ്പിന്റെ നിരീക്ഷണ ചുമതല ജില്ലാ കളക്ടർക്കാണ്. ജില്ലാ സബ് കളക്ടർ ഡോ. ബൽപ്രീത് സിംഗാണ് ജില്ലയുടെ നോഡൽ ഓഫീസർ. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. ജില്ലയിലെ സർക്കാർ ഓഫീസുകളുടെ ഫോൺ നമ്പർ, ലൊക്കേഷൻ എന്നിവയ്ക്കു പുറമെ ഓഫീസുകളിൽ നിന്നു മോശംപെരുമാറ്റം ഉണ്ടായാലും മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താം.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'എന്റെ ജില്ല' ആപ്പ് ഡൗൺലോഡ് ചെയ്യാം. മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് ആപ്പ് ഉപയോഗിക്കാം. മൊബൈൽ നമ്പർ സുരക്ഷിതമായിരിക്കും. ഉപഭോക്താവിന് സർക്കാർ ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാൻ താത്പര്യമുണ്ടെങ്കിൽ മാത്രമേ അവ വെളിപ്പെടുത്തൂ.

  • വിവരം വിരൽത്തുമ്പിൽ

ആപ്ലിക്കേഷനിൽ പ്രവേശിച്ചാൽ ഉടൻ ജില്ല തിരഞ്ഞെടുക്കാം. ലഭിക്കുന്ന പേജിൽ വകുപ്പ് അല്ലെങ്കിൽ സ്ഥാപനം തിരഞ്ഞെടുക്കുമ്പോൾ ഇതിനു കീഴിലുള്ള ഓഫീസുകളുടെ വിവരം ലഭിക്കും. ആവശ്യമുള്ള ഓഫീസിന്റെ പേരിൽ ക്ലിക്ക് ചെയ്യാം. ഒരു ഓഫീസ് തിരഞ്ഞെടുത്താൽ അവിടെ ലഭിക്കുന്ന സേവനങ്ങളുടെ പട്ടികയും വിവിധ ഓപ്ഷനുകളും തെളിയും.

  • ആപ്ലിക്കേഷൻ തുറക്കുമ്പോൾ

1. മേക്ക് എ കോൾ എന്ന ഓപ്ഷനിൽ ഓഫീസിലെ ഫോൺ നമ്പരുകൾ കാണാം. ആപ്ലിക്കേഷനിൽ നിന്ന് നേരിട്ട് കോൾ ചെയ്യാം.

2. ലൊക്കേറ്റ് ഓൺ മാപ്പ് എന്ന ഓപ്ഷനിൽ ഓഫീസ് എവിടെയെന്ന് ഗൂഗിൾ മാപ്പിൽ കണ്ടെത്താം.

3. റൈറ്റ് എ റിവ്യൂ ഓപ്ഷനിൽ ഫോൺ നമ്പർ നൽകി രജിസ്റ്റർ ചെയ്ത് ഓഫീസിന്റെ പ്രവർത്തനം വിലയിരുത്താം.

4. ഓഫീസുമായി ബന്ധപ്പെട്ട അനുഭവം എഴുതി സ്റ്റാർ റേറ്റിംഗ് നൽകണം.

5. ഇ- മെയിൽ അയയ്ക്കാനും അധിക വിവരങ്ങൾ ലഭിക്കാനുമുള്ള ഓപ്ഷനുകൾ ആപ്ലിക്കേഷനിലുണ്ട്. 6.ആപ്ലിക്കേഷനിൽ നൽകുന്ന റേറ്റിംഗും രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും എല്ലാവർക്കും കാണാം.

7. ജില്ലയുടെ പ്രധാന പേജിലും വകുപ്പുകളുടെ പേജിലും ഓഫീസുകൾ സെർച്ച് ചെയ്ത് കണ്ടെത്താം.

8. അടിയന്തര ഇടപെടൽ ആവശ്യമുള്ള വിഷയങ്ങൾ വകുപ്പ് മേധാവികളുടെ ശ്രദ്ധയിൽപ്പെടുത്താം.

  • ആപ്പിലുള്ള വകുപ്പുകൾ

റവന്യൂ, പൊലീസ്, റോഡ് ട്രാൻസ്‌പോർട്ട്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, കെ.എസ്.ഇ.ബി, കൃഷി, പൊതുവിതരണം, രജിസ്‌ട്രേഷൻ, മൃഗസംരക്ഷണം, ഫിഷറീസ്, വിദ്യാഭ്യാസം, വ്യവസായം, അക്ഷയ, കോളേജുകൾ, ആശുപത്രികൾ, പൊതുമരാമത്ത്, ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്, ട്രഷറി, ജലസേചനം, സാമൂഹ്യനീതി, അഗ്നിരക്ഷ, ടൂറിസം, കെ.എസ്.എഫ്.ഇ, കോടതികൾ, ക്ഷീരവികസനം, എംപ്ലോയ്‌മെന്റ്, വനം, എക്‌സൈസ്, ജി.എസ്.ടി, തുറമുഖം, ജൻ ഔഷധി സ്റ്റോറുകൾ എന്നിവയാണ് പ്രധാന പേജിൽ നിലവിലുള്ളത്. പ്രധാന ജില്ലാ ഓഫീസുകളും കേന്ദ്ര സർക്കാർ ഓഫീസുകളും കണ്ടെത്തുന്നതിന് പ്രത്യേക ഓപ്ഷനുകളുമുണ്ട്.

ആപ്പിന്റെ സേവനം ഓഫീസ് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. എക്സൈസ് വകുപ്പിന്റെ വിമുക്തി പോലുള്ള പ്രവർത്തനങ്ങൾക്ക് ഇത്തരം സേവനങ്ങൾ ഏറെ ഗുണകരമാകും.

- കെ.ആർ. അജിത്ത്, പറളി, എക്സൈസ് ഇൻസ്പെക്ടർ

പൊതുജനങ്ങൾക്ക് മറ്റൊരാളുടെ സേവനം കൂടാതെ ഓഫീസ് നമ്പറുകൾ, ലൊക്കേഷൻ എന്നിവ ആപ്പിലൂടെ അറിയാൻ കഴിയുകയെന്നത് ഗുണകരമാണ്.

- വി.കെ. ഋതീജ്, ജില്ലാ ഫയർ ഓഫീസർ, പാലക്കാട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY