SignIn
Kerala Kaumudi Online
Sunday, 11 October 2026 2.54 AM IST

കടലാസ് ലോട്ടറിയിൽ വ്യാജന്റെ കടന്ന് കയറ്റം

lottery

വാളയാർ: വിൽപ്പനയ്‌ക്കെത്തുന്ന പേപ്പർ ലോട്ടറികളിൽ വ്യാജൻ ഉണ്ടെന്ന് പരാതി ഉയർന്നതിനെ തുടർന്ന് റെയ്ഡ് ഉൾപ്പെടെയുള്ള നടപടിക്കൊരുങ്ങി ലോട്ടറി ഡിപ്പാർട്ട്‌മെന്റ്. സർക്കാർ പ്രിന്റ് ചെയ്ത് നൽകുന്ന ടിക്കറ്റിന് പുറമെ വ്യാജൻ വൻതോതിൽ വിപണിയിലെത്തുന്നതായാണ് പരാതി. പലരും ഈ ടിക്കറ്റ് വാങ്ങി കബളിപ്പിക്കപ്പെടുന്നുമുണ്ട്. പേപ്പർ ലോട്ടറിയിൽ ഒറിജിനലും വ്യാജനും തിരിച്ചറിയാൻ ബുദ്ധിമുട്ടായതിനാലാണ് ജനങ്ങൾ കബളിപ്പിക്കപ്പെടുന്നത്. കേരള സർക്കാർ പുറത്തിറക്കുന്ന പേപ്പർ ലോട്ടറി ടിക്കറ്റുകൾ അതീവ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് പ്രിന്റ് ചെയ്യുന്നത്.

വ്യാജ ലോട്ടറികൾ തിരിച്ചറിയാനുള്ള മുന്നറിയിപ്പുകൾ ലോട്ടറി വകുപ്പ് നൽകുന്നുണ്ട്. വ്യാജ ടിക്കറ്റുകളിൽ പലപ്പോഴും അക്ഷര തെറ്റുകൾ ഉണ്ടാകാറുണ്ട്. പേപ്പറിന്റെ ഗുണനിലവാരം നോക്കിയും വ്യാജൻ കണ്ടെത്താം. ഒറിജിനൽ ടിക്കറ്റുകൾ അച്ചടിക്കുന്നത് കറൻസി അച്ചടിക്കുന്ന ഒ.സി.ആർ പേപ്പറിലാണ്. ഒറിജിനൽ ലോട്ടറികളിൽ ബാർകോഡും സീരിയൽ നമ്പറുമുണ്ട്. ടിക്കറ്റ് സ്‌കാൻ ചെയ്താൽ ഒറിജിനലാണോ വ്യാജനാണോ എന്ന് കണ്ടെത്താനാകും. പക്ഷെ ഇതിനുള്ള സംവിധാനം ജില്ലാ ലോട്ടറി ഓഫീസുകളിൽ മാത്രമെയുളളു. ഒറിജിനൽ ടിക്കറ്റുകളിൽ മൈക്രോ ടെസ്റ്റ് സംവിധാനമുണ്ട്.

വെറും വരകളായി തോന്നുന്ന രീതിയിൽ ചെറിയ അക്ഷരങ്ങൾ ടിക്കറ്റിൽ പ്രിന്റ് ചെയ്തിട്ടുണ്ടാകും. മാഗ്നിഫയിംഗ് ഗ്ലാസ് ഉപയോഗിച്ച് ഈ അക്ഷരങ്ങൾ വായിക്കാൻ കഴിയും. വ്യാജ ടിക്കറ്റിൽ അക്ഷരങ്ങളുണ്ടാവില്ല. പകരം കറുത്ത വരകൾ മാത്രമായിരിക്കും. ഒറിജിനൽ ടിക്കറ്റുകളിൽ ഗില്ലോച്ചെ പാറ്റേണുകൾ ഉണ്ട്. ടിക്കറ്റിന്റെ ബോർഡറുകൾക്കിടയിലും നമ്പറുകൾക്കിടയിലും രേഖപ്പെടുത്തുന്ന അതീവ സുരക്ഷാ ഡിസൈനാണിത്. വ്യാജ ടിക്കറ്റുകളിൽ ഈ ഡിസൈനുകൾ മങ്ങിയതും അവ്യക്തവും ആയിരിക്കും. ഭാഗ്യ കേരളം ആപ്പ് ഡൗൺലോഡ് ചെയ്ത് ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് വ്യാജ ടിക്കറ്റ് കണ്ടെത്താം. ഇത്രയും സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടും വിപണിയിൽ വ്യാജ ടിക്കറ്റ് സജീവമായ സാഹചര്യത്തിലാണ് ലോട്ടറി വകുപ് കൂടുതൽ കർശന നടപടിക്ക് ഒരുങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PALAKKAD, LOTTERY, FAKE LOTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY