SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.52 AM IST

  പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി: റാന്നിയിൽ ഉയരും പുതിയ പാലം

ranni-
നിലവിൽ നിർമ്മാണം മുടങ്ങിയ റാന്നി പുതിയ പാലത്തിൻറെ തൂണുകൾ

റാന്നി: സമഗ്ര വികസനത്തിന് വഴിതെളിച്ച് റാന്നി പുതിയ പാലം യാഥാർത്ഥ്യമാകുന്നു. പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിച്ചതായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. 46 കോടി രൂപയ്ക്കാണ് അനുമതി . ഭൂമി ഏറ്റെടുക്കുന്നതിനായി 14.07 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് 26. 76 കോടി രൂപ അനുവദിച്ച് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. പക്ഷേ ഇരുകരകളിലെ അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ നീണ്ടു. അപ്രോച്ച് റോഡ് നിർമ്മിച്ചതിനുശേഷമേ ബാക്കി പണി നടത്താൻ കഴിയു എന്ന സാഹചര്യം വന്നപ്പോൾ നിർമ്മാണം തുടക്കത്തിൽ തന്നെ മുടങ്ങി. സ്ഥലം ഏറ്റെടുപ്പ് നടപടികൾ നീണ്ടതോടെ കരാറുകാരൻ കരാർ ഉപേക്ഷിച്ചു. ഇൗ സർക്കാർ എത്തിയ ശേഷം മന്ത്രി മുഹമ്മദ് റിയാസ് പണി മുടങ്ങിക്കിടക്കുന്ന പാലം സന്ദർശിച്ച് പുനരാരംഭിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു.
അങ്ങാടി വില്ലേജിൽ ഉപാസനക്കടവ് മുതൽ പേട്ട വരെയുള്ള ഭൂമിയും റാന്നി വില്ലേജിൽ പെരുമ്പുഴ കടവ് മുതലും അപ്പ്രോച്ച് റോഡായി ഉയർത്തുന്ന രാമപുരം - ബ്ലോക്ക് പടി റോഡിന് ഇരുവശത്തുമുള്ള വസ്തുക്കളും ആയിരുന്നു ഏറ്റെടുക്കേണ്ടത്. അതിൽ റാന്നി വില്ലേജിലെ 22.11 ആർ സ്ഥലം കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അനുസരിച്ച് ഭൂമി പരിവർത്തനത്തിന് അനുമതി നേടിയിട്ടുണ്ട്.

ജില്ലയിലെ ഏറ്റവും നീളം കൂടിയ പാലം

ജില്ലയിലെ ഏറ്റവും നീളം കൂടിയ പാലമാകും ഇത്. 317 മീറ്റർ നീളവും 12 മീറ്റർ വീതിയും ഉണ്ടാകും. പാലത്തിന്റെ ഇരുവശത്തും നടപ്പാതയും ഉണ്ട്. നദിയിലെ മൂന്ന് തൂണുകൾ ഭാഗികമായി നി‌ർമ്മിച്ചിട്ടുണ്ട്. റാന്നി കരയിലെ അപ്പ്രോച്ച് റോഡിന്റെ നിർമ്മാണവും ഭാഗികമായി നടന്നിട്ടുണ്ട്.

പാലത്തിന്റെ പ്രയോജനം

@ സംസ്ഥാനപാതയ്ക്ക് സമാന്തരമായി ബ്ലോക്ക് പടി മുതൽ പൊന്തൻ പുഴ വരെ പുതിയ ഒരു പാത തുറക്കുന്നതുവഴി റാന്നി, മാമുക്ക്, ഇടിയപ്പാറ ഭാഗങ്ങളിലെ ഗതാഗത കുരുക്കിന് പരിഹാരമാകും.

@ സമീപ പ്രദേശങ്ങളുടെ വികസനത്തിന് വഴിതെളിക്കും.

@നിർദ്ദിഷ്ട ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് കൂടി മുന്നിൽ കണ്ടുള്ള പദ്ധതി

--------------------

46 കോടിയുടെ അനുമതി

ഭൂമി ഏറ്റെടുക്കുന്നതിന് 14.07 കോടി

---------------------

റവന്യൂ വകുപ്പിന്റെ യോഗങ്ങൾ നിരന്തരം വിളിച്ചുചേർത്താണ് സ്ഥലം ഏറ്റെടുപ്പ് നടപടികൾ പൂർത്തീകരിച്ചത്. പാലം പണിക്കുള്ള മറ്റ് നടപടികൾ ഉടൻ ആരംഭിക്കും.

അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL