അടൂർ : അടൂരിൽ നടന്ന മോഷണപരമ്പരയിൽ പിടിയിലായ സംഘത്തിലെ നാലുപേർ പ്രായപൂർത്തിയാകാത്തവർ. തിരുവല്ല കവിയൂർ കോട്ടൂർ തൈക്കാട് വീട്ടിൽ വിശാൽ റാവത്തിനൊപ്പം (22) ആണ് ഇവർ മോഷണത്തിൽ പങ്കാളിയായത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഭാഗത്തുനിന്നു മോഷ്ടിച്ച ഓട്ടോറിക്ഷയിൽ സഞ്ചരിച്ചായിരുന്നു കവർച്ച. കഴിഞ്ഞ തിങ്കളാഴ്ച മാത്രം ഇവർ പത്തോളം ഇടങ്ങളിലാണ് മോഷണവും മോഷണശ്രമവും നടത്തിയത്. ഇതിനിടെ തുവയൂർ വടക്ക് അന്തിച്ചിറ കോട്ടൂർ ദേവീക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേർ എറണാകുളം തൃക്കാക്കര പൊലീസിന്റെ പിടിയിലായി. ചോദ്യം ചെയ്യലിൽ അടൂരിൽ നടന്ന മോഷണത്തിന് പിന്നിൽ ഇവരുടെ കൂട്ടാളികളാണെന്ന് കണ്ടെത്തി.
മോഷണ പരമ്പരയ്ക്കു പിന്നിൽ പ്രൊഫഷണൽ സംഘമാണെന്ന പ്രാഥമിക നിഗമനത്തിൽ അടൂർ ഡിവൈ.എസ്.പി.വിനോദ് കെ.പിയുടെ നേതൃത്വത്തിൽ അടൂർ സർക്കിൾ ഇൻസ്‌പെക്ടർ രാജീവ്, സബ് ഇൻസ്‌പെക്ടർമാരായ ജിനു, അനൂപ് രാഘവൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിപിൻ ചെറിയാൻ, സിവിൽ പൊലീസ് ഓഫീസർമാരായ നിതിൻ, അഭിലാഷ് വിജയ്, അമീഷ്, സുധാഷ് എന്നിവരടങ്ങിയ പ്രത്യേക സംഘം അന്വേഷം നടത്തി വരികയായിരുന്നു. മോഷണ പരമ്പരയ്ക്കിടെ സംഘത്തിലെ ചിലർ അടൂരിൽത്തന്നെ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി.
കഴിഞ്ഞദിവസം ഇവരിൽ ചിലർ അടൂർ ജനറൽ ആശുപത്രിയിലെത്തി ബഹളമുണ്ടാക്കിയിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും ഇവർ കടന്നുകളഞ്ഞു. തുടർന്ന് വാഹനപരിശോധനയ്ക്കിടെ മോഷ്ടിച്ച ബൈക്കിൽ കഞ്ചാവുമായി ഒരാളെ പിടികൂടി. ഇയാൾക്കൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്തയാളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് മോഷണസംഘത്തിന്റെ ഒളിത്താവളം കണ്ടെത്താൻ സഹായിച്ചത്.
കഴിഞ്ഞ 16ന് ചിന്നക്കനാലിലെ ഒരു വ്യാപാരസ്ഥാപനത്തിലും സംഘം മോഷണം നടത്തി. ഇവിടെനിന്ന് ലഭിച്ച പണവുമായി സൂര്യനെല്ലിയിലെ ഉൾപ്രദേശത്തേക്ക് കടന്ന സംഘം ഒരു റിസോർട്ട് മേഖലയിലെ ടെന്റിൽ താമസിക്കുകയായിരുന്നു. ഇത് മനസിലാക്കി ഇവിടേക്ക് എത്തിയ പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴടക്കിയത്.
അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കിയ വിശാലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത മറ്റ് നാലു പേരെ ജുവനയിൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കുകയും, ബോർഡിന്റെ നിർദ്ദേശപ്രകാരം 25വരെ കൊല്ലത്ത് സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക സംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |