
പത്തനംതിട്ട: അടൂരിൽ ദളിത് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസുകാർ കുറ്റക്കാരെന്ന് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്. ഐ.ജിക്ക് റിപ്പോർട്ട് കൈമാറി. പെരിങ്ങനാട് വള്ളിവിള വടക്കേതിൽ സുകുവിന്റെ മകൻ അഭിജിത്തിനാണ് (23) കഴിഞ്ഞ മേയ് 29ന് മർദ്ദനമേറ്റത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിൽ അഭിജിത്തിന്റെ സഹോദരൻ അഭിഷേകിനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു.
തുടർന്ന് അഭിഷേകിനെ കസ്റ്റഡിയിലെടുക്കാൻ രാത്രി ഏഴോടെ വീടിലെത്തിയ പൊലീസ് സംഘം സഹോദരൻ എവിടെയെന്ന് ചോദിച്ച് അഭിജിത്തിനെ വാഹനത്തിൽ കയറ്റി ക്രൂരമായി മർദ്ദിക്കുകയും ജനനേന്ദ്രിയം തകർക്കുകയുമായിരുന്നു. പിന്നാലെ അഭിഷേകിനെ പിടികൂടിയ ശേഷം രാത്രി 11ന് വീടിന് സമീപം അഭിജിത്തിനെ ഇറക്കിവിട്ടു.
അവശനിലയിലായ അഭിജിത്ത് അടൂർ താലൂക്ക് ആശുപത്രിയിലും അടൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. അതേസമയം,ആശുപത്രിയിൽ നിന്ന് അറിയിച്ചിട്ടും അടൂർ പൊലീസ് മൊഴിയെടുക്കാനോ കേസെടുക്കാനോ തയ്യാറായില്ല. സഹോദരനെതിരായ പോക്സോ കേസ് ദുർബലപ്പെടുത്താനുള്ള വ്യാജ ആരോപണമാണെന്നായിരുന്നു പൊലീസിന്റെ വാദം.
തുടർന്ന് സ്റ്റേഷനിലെത്തി പരാതി നൽകി. പിന്നീട് അടൂർ പൊലീസ് എസ്.എച്ച്.ഒയ്ക്കും പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ടിനും പൊലീസ് കപ്ലൈയിന്റ്സ് അതോറിട്ടിക്കും ഡി.ജി.പിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി. ഇതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. തുടർന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |