SignIn
Kerala Kaumudi Online
Saturday, 27 June 2026 10.49 AM IST

മദ്യത്തി​ന് അധി​ക വി​ല : പെരുനാട് ബിവറേജസ് ഡിപ്പോ മാനേജർക്ക് 25,010 രൂപ പിഴ

പത്തനംതിട്ട: മദ്യക്കുപ്പിയിൽ രേഖപ്പെടുത്തിയ വിലയേക്കാൾ കൂടുതൽ തുക ഈടാക്കിയ ബിവറേജസ് കോർപ്പറേഷൻ പെരുനാട് ഡിപ്പോ മാനേജർക്കെതിരെ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മി​ഷന്റെ നടപടി. പരാതിക്കാരന് നഷ്ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെ ആകെ 25,010 രൂപ നൽകാൻ കമ്മി​ഷൻ ഉത്തരവിട്ടു. റാന്നി പെരുനാട് മാമ്പാറ സ്വദേശി വാലുപുരയിടത്തിൽ എ.ടി.ആകാശ് സമർപ്പിച്ച ഹർജിയിലാണ് കമ്മി​ഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ഫോറം വിധി പ്രസ്താവിച്ചത്. പെരുനാട് ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് ഹർജിക്കാരൻ 650 മില്ലി ലിറ്റർ ബിയറാണ് വാങ്ങി​യത്. ബിയർ കുപ്പിയിൽ രേഖപ്പെടുത്തിയിരുന്നത് 170 രൂപ എന്നാണ്. എന്നാൽ കൗണ്ടറിലെ ജീവനക്കാർ ബില്ല് നൽകിയത് 180 രൂപായെന്നും. കുപ്പിയിലെ വിലയേക്കാൾ 10 രൂപ കൂടുതൽ ഈടാക്കിയത് ചോദ്യം ചെയ്ത ഹർജിക്കാരനോട്, കമ്പ്യൂട്ടറിലെ തുകയ്ക്കേ വി​ൽക്കാൻ കഴിയൂ എന്നും പരാതിയുണ്ടെങ്കിൽ നൽകിക്കൊള്ളാനും മോശമായ രീതിയിൽ ജീവനക്കാരൻ മറുപടി നൽകി. പഴയ വി​ല രേഖപ്പെടുത്തിയ സ്റ്റോക്കുകൾ പുതിയ വിലയിൽ വിൽക്കാൻ അനുമതി നൽകുന്ന സർക്കാർ ഓർഡർ ഉണ്ടെന്നായിരുന്നു ബിവറേജസ് കോർപ്പറേഷന്റെ വാദം. എന്നാൽ ഈ നിർദ്ദേശം നിയമവിരുദ്ധമാണെന്ന് കമ്മി​ഷൻ കണ്ടെത്തി. 2009-ലെ ലീഗൽ മെട്രോളജി ആക്ട് സെക്ഷൻ 2(1))മ ദ്യകുപ്പി ഫ്രീ പാക്കേജ് ചരക്കാണ്. ഈ നിയമത്തിലെ (റൂൾ 18(2)) എന്നിവ പ്രകാരം പ്രീ-പാക്കേജ് ചെയ്ത ഒരു ഉൽപ്പന്നത്തിന്റെ മേൽ രേഖപ്പെടുത്തിയിട്ടുള്ള പരമാവധി വിലയേക്കാൾ കൂടുതൽ തുക ഈടാക്കാൻ പാടുള്ളതല്ല. പഴയ സ്റ്റോക്കുകൾ തീരുന്നതുവരെ പുതിയ ലേബലിൽ ഉയർന്ന വില ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമായ വ്യാപാര രീതിയാണ്. ഒരു ഉപഭോക്താവിന് ആവശ്യമുള്ളപ്പോൾ സർക്കാർ ഉത്തരവുകൾ പരിശോധിക്കാൻ കഴിഞ്ഞെന്നു വരില്ല. കുപ്പിയിൽ അച്ചടിച്ചിരിക്കുന്ന വില തന്നെയാണ് അന്തിമം. എതിർകക്ഷിയുടെ ഈ നടപടി അന്യായമായ വ്യാപാര രീതിയുടെ വ്യക്തമായ തെളിവാണെന്നും ഉപഭോക്തൃ കോടതി കമ്മി​ഷൻ ചൂണ്ടിക്കാട്ടി. അന്യായമായി ഈടാക്കിയ 10 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവിനത്തിൽ 10,000 രൂപയും ചേർത്ത് 25,010 രൂപ നൽകാനാണ് വിധി. വിധി വന്ന് നിശ്ചിത സമയത്തിനകം തുക പരാതിക്കാരന് നൽകണമെന്നും കമ്മി​ഷൻ ഉത്തരവിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL