SignIn
Kerala Kaumudi Online
Friday, 26 June 2026 4.19 AM IST

വന്യജീവി - മനുഷ്യ സംഘർഷം കുറയ്ക്കാൻ വിശദമായ പ്ലാൻ തയ്യാറാക്കും : മന്ത്രി

forest-

കോന്നി : വന്യജീവി - മനുഷ്യസംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ വിശദമായ പ്ലാൻ തയ്യാറാക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. കോന്നി ഇക്കോ ടൂറിസം സെന്ററിൽ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓരോ പ്രദേശത്തിന്റെയും സവിശേഷതകളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അനുസരിച്ചുള്ള പ്ലാൻ നടപ്പിലാക്കുന്നതിനായി ഈ സാമ്പത്തിക വർഷം 192 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും 1200 കോടി രൂപ കൂടി കിട്ടിയാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. വനാതിർത്തികളിലെ ജനവാസ മേഖലയിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിന് പ്ലാവുകളിലെ ചക്ക കർഷകർക്ക് പണം കൊടുത്ത് വനംവകുപ്പ് സംഭരിക്കും. പഞ്ചായത്തിന്റെയും ജനജാഗ്രത സമ്മതികളുടെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു. കെ.യു.ജനിഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി.എം.പി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് കുമാർ, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.കമലഹാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനമ്മ റോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ റോബിൻ പീറ്റർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്.സന്തോഷ് കുമാർ, എം.വി.അമ്പിളി, കോന്നി ഡി.എഫ്.ഒ ആയുഷ്കുമാർ കോറി, റാന്നി ഡി.എഫ്.ഒ രാജേഷ് എന്നിവർ പങ്കെടുത്തു.

ചിരി പടർത്തി കാട്ടുപന്നി പരാമർശങ്ങൾ

കോന്നി: കോന്നി ഇക്കോ ടൂറിസം സെന്ററിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലെ മന്ത്രി ഷിബു ബേബി ജോണിന്റെയും ആന്റോ ആന്റണി എം.പിയുടെയും കാട്ടുപന്നിയെ പറ്റിയുള്ള പരാമർശങ്ങൾ വേദിയിലും സദസിലും ചിരിപടർത്തി. പ്രസവിച്ചത് നാട്ടിൽ, വളർന്നത് നാട്ടിൽ, ഭക്ഷണം കഴിക്കുന്നത് നാട്ടിൽ എന്നാൽ പേര് കാട്ടുപന്നി. ബഹുമാനപ്പെട്ട എം.പി ഇത് പാർലമെന്റിൽ ഉന്നയിക്കണം. അവിടുത്തെ നിയമമാണെന്ന് മന്ത്രി ഷിബു ബേബി ജോൺ. പേര് മാറ്റിയാൽ മതി നാട്ടിൽ വളരുന്നതിനെ നാട്ടുപന്നി എന്നാക്കിയാൽ മതിയെന്ന് ആന്റോ ആന്റണിയുടെ മറുപടി. എന്റെ മക്കളുടെ പേര് വേണമെങ്കിൽ എനിക്ക് മാറ്റാമെന്ന് വനം മന്ത്രിയുടെ രസകരമായ മറുപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL