SignIn
Kerala Kaumudi Online
Saturday, 18 July 2026 3.46 AM IST

കുമ്പഴ കുരുതിക്കളം

kumpazha-acci
കുമ്പഴ ജംഗ്ഷനിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം

പത്തനംതിട്ട : പുനലൂർ - മൂവാറ്റുപുഴ റോഡിലെ കുമ്പഴക്കവലയി​ൽ ചോരമണം മാറുന്നി​ല്ല. ഇന്നലെ രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് ദമ്പതി​കൾ സഞ്ചരി​ച്ച സ്‌കൂട്ടർ ലോറിക്കടി​യി​ൽപ്പെട്ട് വീട്ടമ്മ മരിച്ചതാണ് ഒടുവിലത്തെ അപകടം. തെങ്ങുംകാവ് പുളിമുക്ക് ഉഷാസദനത്തിൽ രാജന്റെ ഭാര്യ ഉഷാകുമാരിയാണ് മരി​ച്ചത്. സിഗ്നൽ ലൈറ്റുകളോ പൊലീസോ നിയന്ത്രിക്കാനില്ലാത്ത കുമ്പഴ ജംഗ്ഷനിൽ അപകടം നിത്യസംഭവമാണ്. പത്തനംതിട്ടയിൽ നിന്നും മലയാലപ്പുഴ, അട്ടച്ചാക്കൽ, കോന്നി മെഡിക്കൽ കോളേജ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ എത്തിച്ചേരുന്നത് പുനലൂർ - മൂവാറ്റുപുഴ റോഡിലെ കുമ്പഴ ജംഗ്ഷനിലാണ്.

തിരക്കേറിയ റോഡിൽ ചില സമയങ്ങളിൽ ഡ്യൂട്ടിക്ക് പൊലീസിന് നിയോഗിക്കാറുണ്ടെങ്കിലും അവർ തണൽനോക്കി മാറിനിൽക്കുകയാണ് പതിവ്. പുനലൂർ - മൂവാറ്റുപുഴ റോഡിലൂടെ അമിത വേഗത്തി​ൽ വരുന്ന വാഹനങ്ങൾ, കുമ്പഴ - തിരുവല്ല റോഡിൽ നിന്നും കുമ്പഴ - മലയാലപ്പുഴ റോഡിൽ നി​ന്നും എത്തുന്നവർക്ക് കാണാൻ കഴിയാത്തതാണ് അപകടത്തിന് പ്രധാന കാരണം. ഇന്നലെയും ദമ്പതിൾ സഞ്ചരിച്ച വാഹനം പുനലൂർ - മൂവാറ്റുപുഴ റോഡിലേക്ക് പ്രവേശി​ക്കുന്നതി​നി​ടെയാണ് അപകടം.

അശാസ്ത്രീയമായ നിർമ്മാണവും അപകടവളവുകൾ നിവർത്താത്തതും മതിയായ സിഗ്നൽ സംവിധാനങ്ങളൊരുക്കാത്തതും അപകടത്തിന് കാരണമാകുന്നു.

അമിത വേഗത്തിന് പൂട്ടിടണം

തിരക്കേറിയ കുമ്പഴ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് സിഗ്നൽ ലൈറ്റുകളോ, മതിയായ പൊലീസ് ഉദ്യോഗസ്ഥരോ ഇല്ലാത്തത് അപകടം വർദ്ധിപ്പിക്കുന്നു. കുമ്പഴ കവലയിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനൊപ്പം അമിതവേഗം തടയാൻ ശാസ്ത്രീയ സംവിധാനമൊരുക്കണം.

ബിനോയ്, വ്യാപാരി, കുമ്പഴ

5 ദി​വസം 6 മരണം

കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ പത്തനംതിട്ട ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രധാന വാഹനാപകടങ്ങളിൽ 6 പേർ മരണപ്പെട്ടിട്ടുണ്ട്.

1. ജൂലായ് 17: കുമ്പഴ ജംഗ്ഷനിൽ ഭർത്താവിനൊപ്പം ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്കൂട്ടർ യാത്രികയായ ഉഷാകുമാരി (59) ലോറിയിടിച്ച് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

2. ജൂലായ് 16 : കലഞ്ഞൂരിൽ സ്കൂട്ടറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ അജി (45) മരണമടഞ്ഞു.

3.ജൂലൈ 15 : ആനന്ദപ്പള്ളി ജംഗ്ഷന് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോന്നി സ്വദേശി മധു (42) തട്ട സ്വദേശി സതീഷ് കുമാർ (42) എന്നിവർ മരണപ്പെട്ടു.

4.ജൂലായ് 13 : തി​രുവല്ല മുത്തൂർ ജംഗ്ഷന് സമീപം ടൂറി​സ്റ്റ് ബസും ബൈക്ക് കൂട്ടി​യി​ടി​ച്ച് ബൈക്ക് യാത്രി​കരായ മുത്തൂർ സ്വദേശി​കൾ തോമസ് ജോർജ് (53), സന്തോഷ് (42) എന്നി​വർ മരി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL