അടൂർ : നഗരത്തിലും സമീപ പഞ്ചായത്തുകളിലുമുള്ള ശബരിമല ഇടത്താവളങ്ങളോട് ദേവസ്വം ബോർഡ് കാണിക്കുന്നത് കടുത്ത അവഗണനയെന്ന് അയ്യപ്പ ഭക്തർ. അടൂരിലെ പ്രധാന ഇടത്താവളമായ പാർത്ഥ സാരഥി ക്ഷേത്രത്തിന്റെ ഊട്ടുപുരശോചനീയാവസ്ഥിയിലാണ്. 2018ലാണ് ഇവിടെ ഇടത്താവളം അനുവദിച്ച് ദേവസ്വംബോർഡ് പ്രഖ്യാപനം ഉണ്ടായത്. നടപ്പന്തൽ, വിരിവയ്ക്കാനുള്ള സൗകര്യം,10 മുറികളുള്ള ടോയ്ലെറ്റ് കെട്ടിടം, വിശ്രമകേന്ദ്രം എന്നിവയായിരുന്നു ഇടത്താവളം പദ്ധതിയിൽ ഉണ്ടായിരുന്നത്. പ്രഖ്യാപനം വന്ന് എട്ടു വർഷങ്ങൾ പിന്നിടുമ്പോഴും ഊട്ടു പുരയിലേക്കും മൈതാനത്തേയ്ക്കുമുള്ള ഗേറ്റ് മുഴുവൻ കാടുകയറിയ നിലയിലാണ്. ഇഴജന്തുശല്യം രൂക്ഷമാണ്. കഴിഞ്ഞ വർഷം ഈ ഊട്ടുപുരയുടെ ഗേറ്റ് പോലും തുറക്കാത്തതിനാൽ പുറത്ത് നിന്നും ബസിലെത്തിയ അയ്യപ്പഭക്തർ റോഡ് അരികിലിരുന്നു ഭക്ഷണം പാകം ചെയ്യുകയും വിശ്രമിക്കുകയും ചെയ്ത സംഭവമുണ്ടായി. എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന സ്ഥിതിയാണ് ഊട്ടുപുര. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഏനാത്ത് മഹാദേവ ക്ഷേത്രത്തിലെ ഇടത്താവളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെയുള്ള ടോയ്ലെറ്റ് വൃത്തിഹീനമാണ്. വർഷങ്ങൾക്ക് മുൻപ് ഏഴംകുളം ദേവീക്ഷേത്രം ഇടത്താവളമായി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. കെ.പി റോഡിൽ കായംകുളം ഭാഗത്തു നിന്ന് വരുന്ന അയ്യപ്പഭകതർക്ക് അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഇടത്താവളവും തിരുവനന്തപുരം കൊല്ലം ജില്ലകളിൽ നിന്ന് വരുന്ന ആളുകൾക്ക് ഏനാത്ത് മഹാദേവ ക്ഷേത്രവും പത്തനാപുരം ദിശയിൽ നിന്ന് വരുന്നവർക്ക് ഏഴംകുളം ദേവീക്ഷേത്രവും പ്രയോജനകരമാണ്.
....................................
ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അവഗണന അവസാനിപ്പിക്കണം. ശബരിമല ഇടത്താവളങ്ങൾ മികച്ച അടിസ്ഥാന സൗകര്യത്തോടെ മണ്ഡലകാലത്തിനായി ഒരുക്കണം.
(അയ്യപ്പഭക്തർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |