വിതുര: വൈദ്യുതി വിതരണത്തിലെ വ്യതിയാനം കാരണം ഇലക്ട്രിക് ഉപകരണങ്ങൾ കോടാകുന്നതായി പരാതി. തൊളിക്കോട്,വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ ചാരുപാറ,പേരയത്തുപാറ, ഞാനിക്കുന്ന്,മണലയം,കന്നുകാലിവനം,ആനപ്പെട്ടി മേഖലകളിലാണ് വൈദ്യുതിപ്രശ്നം നിലനിൽക്കുന്നത്.
ചില സമയങ്ങളിൽ വൈദ്യുതി അമിതമായി പ്രവഹിക്കുകയും ഉപകരണങ്ങൾ നശിക്കുകയും ചെയ്യുകയാണ്. വിതുര ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്‌കൂളിലെ പത്തോളം കമ്പ്യൂട്ടറുകളും, ഫാനും ലൈറ്റുകളുമുൾപ്പെടെയുള്ള വസ്തുക്കൾ വൈദ്യുതി അമിതപ്രവാഹത്തിൽ നശിച്ചു.
വൈദ്യുതി അമിതമായി പ്രവഹിക്കുമ്പോൾ ലൈനിൽ തീപ്പൊരി ചിതറുകയും വെടിപൊട്ടുന്ന ശബ്ദം കേൾക്കുകയും, വിതരണം നിലക്കുകയും ചെയ്യും.ഈ പ്രതിഭാസം മൂലം ഉപഭോക്താക്കൾക്ക് കനത്ത നഷ്ടമുണ്ട്.
അനവധി തവണ ഇലക്ട്രിസിറ്റി ഓഫീസിൽ പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. ചില മേഖലകളിൽ വോൾട്ടേജ് ക്ഷാമം നേരിടുന്നതായും പരാതിയുണ്ട്. ഇതിനിടയിൽ അടിക്കടി വൈദ്യുതി വിതരണവും നിലക്കുന്നുണ്ട്. ചാരുപാറമേഖലയിലെ വൈദ്യുതിപ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന് വിതുര ഇലക്ട്രിസിറ്റി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.
Consumers have complained that fluctuations in electricity supply are causing damage to electrical appliances.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |