SignIn
Kerala Kaumudi Online
Saturday, 27 June 2026 5.37 PM IST

അമ്മവന്നു, വെഞ്ചരിച്ച പേനകളുമായി

തിരുവനന്തപുരം: പിറന്നാളുകാരിയായ മകൾക്ക് മധുരവുമായി കോരിച്ചൊരിയുന്ന മഴയത്താണ് അമ്മ ശ്രീചിത്രാഹോമിലെത്തിയത്. സൂപ്രണ്ടിന്റെ മുറിയ്ക്ക് മുന്നിൽ മകൾ അമ്മയെ കരച്ചിലോടെ കെട്ടിപ്പിടിച്ചു. ഇന്ന് പത്താംക്ളാസ് പരീക്ഷയെഴുതുന്ന മകൾക്കായി വെഞ്ചരിച്ച പേനകളും അമ്മയുടെ കൈകളിലുണ്ടായിരുന്നു. കേക്കിനും ലഡുവിനുമൊപ്പം പ്രാർത്ഥനകൾ പൊതിഞ്ഞ പേനകൾ നൽകുമ്പോൾ അമ്മ അവളുടെ കാതിൽപ്പറഞ്ഞു. എല്ലാം നന്നായെഴുതണം... അറിയാവുന്നത് ആദ്യമാദ്യം....

ഇരുകവിളിലും പിറന്നാളുമ്മകൾ നൽകി. നിറകണ്ണുകളുമായി മുത്തശ്ശി അരികെ നിന്നു. അഞ്ജലിയും സഹോദരൻ ഒൻപതാംക്ളാസുകാരനായ അർജ്ജുനും ഒരുവർഷമായി ശ്രീചിത്രാഹോമിലുണ്ട്. മകന് ആറുമാസം പ്രായമുള്ളപ്പോൾ നെയ്യാറ്റിൻകര സ്വദേശി അജിതയെ ഭർത്താവുപേക്ഷിച്ചതാണ്. വീട്ടുജോലികൾ ചെയ്തും നഴ്സിംഗ് അസിസ്റ്റന്റായി ജോലിനോക്കിയുമാണ് അവർ മക്കളെ വളർത്തിയത്.

എന്നാൽ കെട്ടുറപ്പില്ലാത്ത വീട്ടിൽ മകൾ സുരക്ഷിതയല്ലാത്തതിനാൽ മക്കളെ ശ്രീചിത്രാഹോമിലാക്കി.

ആറ് ആൺകുട്ടികളും 11 പെൺകുട്ടികളുമാണ് ശ്രീചിത്രാഹോമിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. ഒരു പെൺകുട്ടി സി.ബി.എസ്.ഇ സിലബസിലും.

തിരുവനന്തപുരം വിദ്യാഭ്യാസജില്ലയ്ക്ക് കീഴിലുള്ള നന്നായി പഠിക്കാം പദ്ധതിയുടെ ഭാഗമായി അദ്ധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്.

വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെയുമാണ് ക്ലാസുകൾ. തൈക്കാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, എസ്.എം.വി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, പാൽക്കുളങ്ങര എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, ഫോർട്ട് ഗേൾസ് മിഷൻ, ഫോർട്ട് ബോയ്സ് ഹൈസ്കൂൾ, ഗവ. സിറ്റി വി.എച്ച്.എസ്.എസ് പി.എം.ജി എന്നിവിടങ്ങളിലാണ് കുട്ടികൾ പഠിക്കുന്നത്. ആകെ 168 കുട്ടികളാണ് ശ്രീചിത്ര ഹോമിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL