SignIn
Kerala Kaumudi Online
Saturday, 27 June 2026 5.37 PM IST

പെരുമാതുറ മാടൻവിള പാലത്തിനു സമീപം മാലിന്യങ്ങൾ തള്ളുന്നതായി പരാതി

ചിറയിൻകീഴ്: പെരുമാതുറ മാടൻവിള പാലത്തിനു സമീപം മാലിന്യങ്ങൾ തള്ളുന്നതായി പരാതി. അറവുശാലകളിലെയും പൗൾട്രി ഫാമുകളിലെയും മറ്റു ഫാമുകളിലെയും മാലിന്യങ്ങളാണ് പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലുമായി ഇവിടെ നിക്ഷേപിക്കുന്നത്. രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവ് പറ്റിയാണ് മാലിന്യ നിക്ഷേപം നടത്തുന്നത്. ഇത് കായലിലേക്കും തള്ളുന്നതായും പരാതിയുണ്ട്. മാലിന്യ നിക്ഷേപം കാരണം ഇതുവഴിയുള്ള യാത്ര ദുഃസഹമാണ്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. ദുർഗന്ധം കാരണം മൂക്കുപൊത്താതെ കാൽനട യാത്രക്കാർക്ക് പോലും സഞ്ചാരം സാദ്ധ്യമല്ലാത്ത അവസ്ഥയാണ്.

തെരുവ് നായ്ക്കളുടെ ശല്യവും

മാംസാവശിഷ്ടങ്ങൾ ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണ്. ബൈക്ക് യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഈ തെരുവ് നായ്ക്കളുടെ ആക്രമണം ഭീതി പടർത്തുന്നുണ്ട്. സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുമോ എന്നുള്ള ആശങ്കയിലാണ് പ്രദേശവാസികൾ. അഴൂർ ഗ്രാമപഞ്ചായത്തിന്റെയും ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെയും അതിർത്തികൾ പങ്കിടുന്ന പ്രദേശമാണിത്.

പരാതി നൽകിയിട്ടും നടപടിയില്ല

മാലിന്യ നിക്ഷേപത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇരു പഞ്ചായത്തുകളിലും പരാതികൾ കൊടുത്തെങ്കിലും അധികൃതർ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നു. പൊലീസ് പട്രോളിംഗ് ശക്തമാക്കുകയോ സി.സി.ടിവി ക്യാമറ സംവിധാനങ്ങൾ സ്ഥാപിക്കുകയോ ചെയ്താലെ ഈ മാലിന്യ നിക്ഷേപത്തിന് ഒരു ശാശ്വതമായ പരിഹാരം കാണാൻ സാധിക്കുകയുള്ളൂ എന്ന് നാട്ടുകാർ പറയുന്നു. മാലിന്യ നിക്ഷേപത്തിന് എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാട്ടുകാർ ആരോപിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL