വിതുര: വിതുര,തൊളിക്കോട് പഞ്ചായത്തുകളിൽ ലഹരി ഉത്പന്നങ്ങളുടെ വില്പനയും ഉപയോഗവും വർദ്ധിക്കുന്നതായി പരാതി. സമീപത്തെ പഞ്ചായത്തുകളിലെ അവസ്ഥയും വിഭിന്നമല്ല. നാട് ലഹരിയിൽ മുങ്ങിയിട്ടും നടപടികളില്ല. മദ്യത്തെക്കാൾ ലഹരി ഉത്പന്നങ്ങളാണ് വൻതോതിൽ വിറ്റഴിക്കപ്പെടുന്നത്. കഞ്ചാവും എം.ഡി.എം.എയും എല്ലായിടത്തും സുലഭമാണ്. പൊലീസും, എക്സൈസും പരിശോധന മുറയ്ക്ക് നടത്തുന്നുണ്ടെങ്കിലും ലഹരിയുടെ ഒഴുക്കിന് യാതൊരു കുറവുമില്ല. യുവസംഘങ്ങൾ ബൈക്കുകളിലെത്തിയാണ് കഞ്ചാവും എം.ഡി.എയും വിറ്റഴിക്കുന്നത്. സ്ത്രീകളും ലഹരി കളത്തിലുണ്ട്. എം.ഡി.എം.എ വില്പനയിലൂടെ വൻ ലാഭം ലഭിക്കുന്നതിനാൽ യുവാക്കളിതിൽ അകപെടുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻ തോതിൽ ലഹരി ഒഴുകുന്നതായി പൊലീസിനും വിവരം ലഭിച്ചിട്ടുണ്ട്. നാട്ടിൽ പോയി മടങ്ങിവരുന്ന അന്യസംസ്ഥാനതൊഴിലാളികൾ ലഹരി ഉത്പന്നങ്ങൾ കടത്തിക്കൊണ്ടുവരികയാണ് പതിവ്. വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി,കല്ലാർ,പേപ്പാറ,ബോണക്കാട് മേഖലകളിലും ലഹരിപദാർത്ഥങ്ങൾ സുലഭമാണ്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും ലഹരിവില്പന തകൃതിയായി നടക്കുന്നുണ്ട്. വില്പനക്കായി വിദ്യാർത്ഥികളെയാണ് കൂടുതലായും ചൂഷണം ചെയ്യുന്നത്. ആദിവാസിമേഖലകളിലും ലഹരി സംഘങ്ങൾ സജീവമാണ്. ലഹരിയിലകപെട്ട് ആത്മഹത്യകളും വർദ്ധിക്കുന്നു.
യുവത്വത്തെ വലയിലാക്കി ലഹരി
വിതുര പൊലീസ് സ്റ്റേഷൻ പരിധിയിൽമാത്രം ഒരാഴ്ചക്കിടയിൽ 11 ലഹരികേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വലിയമല,നെടുമങ്ങാട്,ആര്യനാട്, പാലോട് സ്റ്റേഷനുകളിലെ അവസ്ഥയും വിഭിന്നമല്ല. വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽക്കുന്ന തൊളിക്കോട് സ്വദേശിയായ യുവാവിന്റെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു. ലഹരിക്കടിമയായ യുവാവ് അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവും വിതുര ചെറ്റച്ചലിൽ ഉണ്ടായി. മദ്യലഹരിയിൽ വാഹനാപകങ്ങളും പതിവാണ്. വിദ്യാർത്ഥികൾക്കിടയിലും, യുവാക്കൾക്കിടയിലും ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരണം
വിതുര,തൊളിക്കോട്,നന്ദിയോട്,പെരിങ്ങമ്മല,ആര്യനാട് പഞ്ചായത്തുകളിൽ വർദ്ധിച്ചുവരുന്ന ലഹരിപദാർത്ഥങ്ങളുടെ വില്പനക്കും ഉപഭോഗത്തിനും തടയിടണം. എക്സൈസും, പൊലീസും പരിശോധനകൾ ശക്തിപ്പെടുത്തണം. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായസമരപരിപാടികൾ സംഘടിപ്പിക്കും.
ഫ്രാറ്റ് വിതുര മേഖലാകമ്മിറ്റി ഭാരവാഹികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |