SignIn
Kerala Kaumudi Online
Monday, 18 May 2026 2.53 AM IST

അതിഥികൾ നിറഞ്ഞു, ആഹ്ലാദത്തോടെ ചെറുവത്തൂർ വീട്

തിരുവനന്തപുരം; വഴുതക്കാട് വിമൻസ് കോളേജ് ലെയ്നിലെ 'ചെറുവത്തൂർ വീട്ടിൽ ' ഇന്നലെ അതിഥികളുടെ തിരക്കായിരുന്നു. നിയുക്തമന്ത്രി സി.പി.ജോണിനെ ആശംസകളറിയിക്കാൻ എത്തിയവരായിരുന്നു ഇവരെല്ലാം.
വീട്ടുകാരുടെ ആഹ്ലാദത്തിൽ പങ്കുചേരാൻ എത്തിയവരെല്ലാം പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിലുണ്ടായ സൗഹൃദങ്ങളായിരുന്നു. സ്വീകരണമുറിയിലിരുന്ന് ഓരോരുത്തരോടും കുശലം പറഞ്ഞ് സൗഹൃദം പുതുക്കുക മാത്രമല്ല, സത്യപ്രതിജ്ഞാ ചടങ്ങിനെത്തണമെന്ന് ഓരോരുത്തരെയും സി.പി.ജോൺ ഓർമ്മിപ്പിക്കുകയും ചെയ്‌തു.

ശനിയാഴ്ച നടന്ന ഘടകകക്ഷികളുടെ യോഗത്തിൽ തന്നെ സി.പി.ജോണിന്റെ മന്ത്രിസ്ഥാനം തീരുമാനിച്ചിരുന്നു. ഇതോടെ ആദ്യമായി നിയമസഭയിലേക്ക് എത്തിയതിനൊപ്പം മന്ത്രിസഭയിൽ അംഗമായതിന്റെ സന്തോഷത്തിലായിരുന്നു ചെറുവത്തൂർ വീട്. അതിഥികളെയെല്ലാം സ്വീകരിക്കുന്ന തിരക്കിലായിരുന്നു ജോണിന്റെ ഭാര്യ അരുണ വർക്കി. കുന്നംകുളത്ത് കഴിഞ്ഞ രണ്ട്തവണയും നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ട ചരിത്രം തിരുത്തിയുള്ള ജോണിന്റെ ഉജ്ജ്വല തിരിച്ചുവരവിൽ ആഹ്ലാദിക്കുകയാണ് മക്കളായ അപർണ ജോണും അഞ്ജന ജോണും.

ആദ്യമായി നിയമസഭയിലെത്തുകയും മന്ത്രിയാകുകയും ചെയ്തത് വെല്ലുവിളി നിറഞ്ഞതാണെന്ന് സി.പി.ജോൺ പറഞ്ഞു. നിയമസഭയുടെ പുറത്തുനിന്ന് മാത്രമേ സഭാനടപടികൾ മനസിലാക്കിയിട്ടുള്ളൂ. നന്നായി പഠിച്ച് പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നും ആഗ്രഹിക്കുന്ന വകുപ്പ് സഹകരണമാണെങ്കിലും ഏതു വകുപ്പ് കിട്ടിയാലും നന്നായി പഠിച്ച് ഭരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL