SignIn
Kerala Kaumudi Online
Friday, 25 September 2026 12.36 AM IST

തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്രാൻ വിഴിഞ്ഞം തുറമുഖം

fffff

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ആഴക്കടൽ ട്രാൻസ്ഷിപ്മെന്റ് ടെർമിനലായ വിഴിഞ്ഞം പോർട്ട് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ആദ്യത്തെ തുറമുഖ പദ്ധതിയാണിത്. 7700 കോടി രൂപ ചെലവിൽ ആദ്യഘട്ടം പൂർത്തിയാക്കുമ്പോൾ ഒരു ദശലക്ഷം ടി.ഇ.യു (20 അടി തുല്യമായ യൂണിറ്റുകൾ) കണ്ടെയ്‌നർ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് തുറമുഖത്തിനുണ്ടാവുക. നിലവിലുള്ള 800 മീറ്റർ ബെർത്ത് ഭാവിയിൽ അത് 2000 മീറ്ററാക്കി വർദ്ധിപ്പിക്കും. ഇതോടെ 3 ദശലക്ഷം ടി.ഇ.യു ആയി ശേഷി വർദ്ധിക്കും. പൊതു സ്വകാര്യ ഘടകമായി 4089 കോടി രൂപ, ബ്രേക്ക് വാട്ടറിന് 1463 കോടി രൂപ, ഭൂമിയേറ്രെടുക്കലിനും പശ്ചാത്തല വികസനത്തിനുമായി 1808 കോടി രൂപയുടെ ബാഹ്യ ധനസമാഹരണം, പുനരധിവാസത്തിനും മറ്രുമായി 340 കോടി രൂപയും പദ്ധതിയിൽ വിഭാവനം ചെയ‌്‌തിട്ടുണ്ട്. കേന്ദ്രസർക്കാർ വയബിലിറ്രി ഗ്യാപ് ഫണ്ടായി 818 കോടി രൂപയും നൽകും. സംസ്ഥാന സർക്കാരും അത്രയും തുക മുടക്കും. പദ്ധതിയുടെ നടത്തിപ്പുകാരായ അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് 2,454 കോടി രൂപയുടെ നിക്ഷേപവും സമാഹരിക്കും. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റ‌ഡ് ആണ് പദ്ധതിക്കായുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ.

വിഴിഞ്ഞത്തുനിന്ന് വിദേശനാണ്യം

------------------------------------------------------------

പദ്ധതി പൂർത്തിയാകുമ്പോൾ ഇതുവരെ കൊളംബോ തുറമുഖം കൈകാര്യം ചെയ്‌തിരുന്ന നല്ലൊരുഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്പ്മെന്റ് കാർഗോ വിഴിഞ്ഞത്തെത്തും. ഇന്ത്യയിലെ കയറ്രുമതിക്കാർക്കും ഇറക്കുമതിക്കാർക്കും നല്ല അവസരമാണിത്. ദുബായ്, കൊളംബോ, സലാല, സിംഗപ്പൂർ തുടങ്ങിയ തുറമുഖങ്ങൾക്ക് പകരം വിഴിഞ്ഞം വഴി ട്രാൻസ്ഷിപ്മെന്റ് നടത്തുമ്പോൾ 1500 കോടിയോളം രൂപ വിദേശനാണ്യം ലഭിക്കും. അന്താരാഷ്ട്ര കപ്പൽ ചാനലിന് 10 മൈൽ മാത്രം അകലെയാണെന്നതും 18 മീറ്രർ സ്വാഭാവികമായ ആഴമെന്നതും വിഴിഞ്ഞത്തിന് അനുകൂല ഘടകമാണ്.

തീരത്തിന് നല്ലകാലം

-------------------------------

തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ വിവിധ മേഖലകളിൽ തിരുവനന്തപുരത്ത് വികസനക്കുതിപ്പുണ്ടാകും. നിരവധി പേർക്ക് അനുബന്ധ തൊഴിലവസരങ്ങൾ ഉണ്ടാകും. തുറമുഖത്തിനാവശ്യമായ സേവനമേഖലയിലെ നിരവധി പ്രവൃത്തികൾ ആവശ്യമായി വരുന്നതിനാൽ തിരുവനന്തപുരത്തിന്റെ സമ്പദ്ഘടനയ്ക്ക് ഇത് ഗുണമാകും. ഷിപ്പിംഗ് ഏജന്റുമാർ, ലോജിസ്റ്റിക്‌സ്, ട്രാൻസ്‌പോർട്ടേഷൻ സർവീസുകൾ, ഗോഡൗണുകൾ, കപ്പൽ മെയിന്റനൻസ്, കുടിവെള്ള പദ്ധതികൾ, വൈദ്യുതി വിതരണം, ഗതാഗതം, താമസ സൗകര്യം, ഹോട്ടൽ, ടൂറിസം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവയൊക്കെ ആവശ്യമായി വരും.

പണി പൂർത്തിയായില്ല

-----------------------------------------------

നേരത്തെ നിശ്ചയിച്ചതു പ്രകാരം കഴി‌ഞ്ഞ ഡിസംബറിൽ തുറമുഖത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും പോർട്ട് ഓപ്പറേഷൻ പ്രവർത്തനങ്ങൾക്കായി നിർമ്മിച്ച നാലുനില കെട്ടിടത്തിന്റെ പണി പൂർത്തിയായി. 1460 ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്ര‌‌ഡുമായി കരാറുണ്ടാക്കിയിരുന്നത്. ഇതുപ്രകാരം 2019 ഡിസംബർ 19നാണ് പണി പൂർത്തിയാക്കേണ്ടത്. 2020ഓടെ ഒന്നാംകിട പോർട്ടായി വിഴി‌ഞ്ഞം മാറുമെന്നായിരുന്നു കണക്കുകൂട്ടൽ. ഈ ലക്ഷ്യം നിശ്ചയിച്ച സമയത്ത് കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിലും 2300 ചതുരശ്ര മീറ്രർ വിസ്‌തൃതിയിലുള്ള ഈ പ്രധാന കെട്ടിടം പണി പൂർത്തിയായിക്കഴിഞ്ഞു. ഇവിടെ നിന്നാണ് പോർട്ടിന്റെ പ്രധാന പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. പോർട്ട് കൺട്രോൾ സിസ്റ്റം, മറൈൻ കൺട്രോൾ, സെക്യൂരിറ്രി കൺട്രോൾ എന്നിവയെല്ലാം ഇവിടെയാണ് പ്രവർത്തിക്കുക. പോർട്ടിനായി 3.1 കി.മീറ്രർ ബ്രേക്ക് വാട്ടറാണ് ഉണ്ടാക്കേണ്ടത്. 600 മീറ്റർ എത്തിയപ്പോൾ ഓഖി ദുരന്തത്തെ തുടർന്ന് 150 മീറ്രറിലെ ബ്രേക്ക് വാട്ടർ തകർന്നു. പിന്നെ വളരെ കുറച്ച് മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിനായി ഗ്രാനൈറ്ര് ആവശ്യത്തിന് കിട്ടാത്തതും തിരിച്ചടിയായി. പ്രതിദിനംം 3.3 ദശലക്ഷം ലിറ്രർ ശേഷിയുള്ള വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും 11 കെ.വി പവർ സ്റ്റേഷന്റെയും പണി പൂർത്തിയായി. തിരുവനന്തപുരം വിമാനത്താവളവികസനം, ദേശീയപാത ബൈപ്പാസ്, വിഴിഞ്ഞം പാരിപ്പള്ളി ഒൗട്ടർ റിംഗ് റോഡ്, കന്യാകുമാരി -തിരുവനന്തപുരം റെയിൽവേ ലൈനുമായി വിഴിഞ്ഞത്തെ ബന്ധിപ്പിക്കുന്ന ടണലിലൂടെ ഉൾപ്പെടെയുള്ള റെയിൽപാത എന്നിവ വരുന്നതോടെ തിരുവനന്തപുരത്തിന്റെ വികസനം ഉച്ചസ്ഥായിയിലാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL