SignIn
Kerala Kaumudi Online
Wednesday, 23 September 2026 7.32 AM IST

 നഗരത്തിൽ വീണ്ടും ഗുണ്ടാവിളയാട്ടം മെഡി. കോളേജിൽ ആംബുലൻസ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമം

തിരുവനന്തപുരം: പാറ്റൂരിലെ ഗുണ്ടാ ആക്രമണക്കേസിൽ ഓംപ്രകാശിനും സംഘത്തിനുമായി പൊലീസ് നാടാകെ പരതുമ്പോൾ മറ്റൊരു ഗുണ്ടാത്തലവനായ പുത്തൻപാലം രാജേഷ് പട്ടാപ്പകൽ കത്തിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ആംബുലൻസ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ചു. ആംബുലൻസുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് രാജേഷ് എത്തിയ എൻഡവർ കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു പരാക്രമം.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആംബുലൻസ് ഡ്രൈവർ വിവരം ഉടൻ മെഡിക്കൽ കോളേജ് പൊലീസിനെ അറിയിച്ചതോടെ കൂട്ടാളിക്കൊപ്പം കാറിൽ രാജേഷ് അവിടെ നിന്ന് രക്ഷപ്പെട്ടു. മെഡിക്കൽ കോളേജ് സി.ഐ കാറിന്റെ നമ്പർ കണ്ടെത്തി നഗരത്തിലെ സ്റ്റേഷനുകൾക്ക് കൈമാറി തെരച്ചിൽ തുടങ്ങി.

മാ‌ഞ്ഞാലിക്കുളത്തിനു സമീപം കാർ ട്രാഫിക് സിഗ്നലിൽപ്പെട്ടതോടെ പിന്തുടർന്നെത്തിയ തമ്പാനൂർ പൊലീസ് കാർ വളഞ്ഞു. ഇതിനിടെ കത്തിയുമായി കാറിൽ നിന്ന് പുറത്തിറങ്ങിയ രാജേഷ് പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. കാറിന്റെ ഡ്രൈവറും രാജേഷിന്റെ കൂട്ടാളിയുമായ ഷാജിയെ പിടികൂടി. ഇയാളെ മെഡിക്കൽ കോളേജ് പൊലീസിന് കൈമാറി. കാറും കസ്റ്റഡിയിലെടുത്തു. രാജേഷിന്റെ സുഹൃത്ത് സാബുവിന്റേതാണ് കാർ. രാജേഷിനായി പൊലീസ് തെരച്ചിൽ ശക്തമാക്കി.

പാറ്റൂരിൽ കഴിഞ്ഞ ദിവസം നടന്ന ഗുണ്ടാ ആക്രമണത്തിന് നേതൃത്വം നൽകിയ ഓംപ്രകാശിനെയും കൂട്ടാളികളെയും പിടികൂടാൻ പരിശോധന തുടരുമ്പോൾ വീണ്ടുമൊരു ഗുണ്ടാആക്രമണ ശ്രമമുണ്ടായത് പൊലീസിന് നാണക്കേടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL