
തൃശൂർ: ഡി.ഐ.ജി ഓഫീസിന്റെ മൂക്കിൽതുമ്പിലുള്ള ഇരട്ടച്ചിറ ക്ഷേത്രത്തിൽ ഉൾപ്പെടെ നഗരത്തിലെ മൂന്ന് ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതി ഒടുവിൽ കുടുങ്ങി. അസം ദിബ്രഗാർ സ്വദേശി മഹേഷിനെയാണ് (19) സിറ്റി പൊലീസ് സാഗോക്ക് സ്‌ക്വാഡും എ.സി.പിയുടെ സ്‌ക്വാഡും ചേർന്ന് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്നും അറസ്റ്റ് ചെയ്തത്.
ഇരട്ടച്ചിറയ്ക്കു പുറമെ കുളശ്ശേരി ഹനുമാൻ ക്ഷേത്രത്തിലും മാരിയമ്മൻ കോവിലിലുമാണ് മഹേഷ് മോഷണം നടത്തിയത്. ഫെബ്രുവരി 12നായിരുന്നു ഇരട്ടച്ചിറ ക്ഷേത്രത്തിൽ മോഷണത്തിന് ശ്രമിച്ചത്. ഇരട്ടച്ചിറയിൽ ഭണ്ഡാരവും ഓഫീസും കുത്തിത്തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. അന്നേദിവസം തന്നെ നഗരത്തിലെ മാരിയമ്മൻ കോവിലിന്റെ നാല് ഭണ്ഡാരം തകർത്ത് 15000 രൂപ കവർന്നിരുന്നു. ഈ മോഷണങ്ങൾക്ക് ശേഷം മൂന്നുമാസം കഴിഞ്ഞ് ഇൗ മാസം 21നായിരുന്നു കുളശ്ശേരി ക്ഷേത്രത്തിൽ നിന്നും 11,000 രൂപയും പതിനായിരം രൂപ വില വരുന്ന മൊബൈൽ ഫോണും കവർന്നത്.
സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ.ദേശ്മുഖിന്റെ നിർദ്ദേശാനുസരണം എ.സി.പി: എം.ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഈസ്റ്റ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കിരൺ സി.നായർ, എസ്.ഐമാരായ അനുശ്രുതി, റെജിൻരാജ്, സി.പി.ഒമാരായ ധനേഷ് അജ്മൽ, സൂരജ് എന്നിവരും സാഗോക്ക് സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ: പി.കെ.പഴനിസ്വാമി, സീനിയർ സി.പി.ഒമാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ എന്നിവരും എ.സി.പിയുടെ സ്‌ക്വാഡിലെ സി.പി.ഒമാരായ ഹരീഷ്, ദീപക് എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
വയസ് 19, തൊഴിൽ മോഷണം
പകൽസമയമെല്ലാം ട്രെയിനിൽ അലഞ്ഞുതിരിയും, രാത്രിയിൽ വിജനമായ ഇടങ്ങളിൽ കിടന്നുറങ്ങും, ഇതിനിടെ മോഷണം. വീട്ടുകാരെ വിളിക്കാത്തതും മൊബൈൽ ഫോൺ മാറിമാറി ഉപയോഗിക്കുന്നതുമാണ് പ്രതിയെ പിടികൂടുന്നതിൽ കാലതാമസം വരുത്തിയത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള കുളശ്ശേരി ക്ഷേത്രത്തിൽ നിന്നും മൊബൈൽ ഫോൺ കവർന്നതാണ് കൗമാരക്കുറ്റവാളിക്ക് കെണിയൊരുക്കിയത്. പ്രതിക്കെതിരെ അസമിലും രണ്ട് മോഷണക്കേസുകളുണ്ട്. തൃശൂരിലെ രണ്ട് കേസുകൾ കൂടാതെ തിരുവനന്തപുരത്ത് മൂന്ന് മോഷണക്കേസുകളുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |