തൃശൂർ: മത്സരം പാതിവഴിയിൽ! അക്വാറ്റിക് കോംപ്ലക്‌സിൽ താത്കാലിക ഷെഡ് തകർന്നതിനെ തുടർന്ന് നിറുത്തിവച്ച സംസ്ഥാന ഗെയിംസ് നീന്തൽ മത്സരങ്ങൾ ഇനി എപ്പോൾ, എവിടെ നടക്കുമെന്നതിൽ അനിശ്ചിതത്വം. 103 ഇനങ്ങളിൽ 53 എണ്ണം പൂർത്തിയായെങ്കിലും 50ഓളം ഇനങ്ങൾ ഇനിയും ബാക്കിയാണ്. ഇതിനിടെ മത്സരവേദി തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള നീക്കവും സജീവമാണ്.
രണ്ടാം ദിനത്തിൽ നടക്കേണ്ടിയിരുന്ന സബ് ജൂനിയർ, ജൂനിയർ, സീനിയർ ബോയ്‌സ് ഫ്രീസ്റ്റൈൽ റിലേ മത്സരങ്ങളും മൂന്നും നാലും മത്സരങ്ങളുമുൾപ്പെടെയുള്ള ഇനങ്ങളാണ് ഇനി നടത്താനുള്ളത്. മത്സരം പുനരാരംഭിക്കേണ്ട തീയതി സംസ്ഥാന സ്‌പോർട്‌സ് ഡയറക്ടറേറ്റാണ് തീരുമാനിക്കേണ്ടത്. തൃശൂരിലെ സൗകര്യക്കുറവും നീന്തൽക്കുളങ്ങളുടെ സുരക്ഷ സംബന്ധിച്ച പരാതികളും ഉയർന്നതോടെയാണ് വേദിമാറ്റത്തിനുള്ള ആലോചനയുമുണ്ട്. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് നീന്തൽ മത്സരങ്ങൾ സുഗമമായി നടന്നതും മത്സരാർത്ഥികളിൽ ഭൂരിഭാഗവും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണെന്നതും വേദിമാറ്റത്തിന് അനുകൂല ഘടകമായേക്കും.
സമയം കുറവ് വെല്ലുവിളി
ഈ മാസം അവസാനം സ്‌കൂൾ ഒളിമ്പിക്‌സ് ആരംഭിക്കാനിരിക്കെ അതിന് മുൻപായി സംസ്ഥാന ഗെയിംസ് പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ ഒന്നോ രണ്ടോ ആഴ്ചയ്ക്കകം മത്സരങ്ങൾ പുനരാരംഭിക്കുമെന്നാണ് അനൗദ്യോഗിക വിവരം. ഡിസംബർ, ജനുവരി മാസങ്ങളിൽ ദേശീയ സ്‌കൂൾ നീന്തൽ മത്സരങ്ങൾ നടക്കുന്നതിനാൽ അതിന് മുൻപായി സംസ്ഥാനതല മത്സരങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.
താരങ്ങൾക്കും പരിക്ക്
വ്യാഴാഴ്ച രാത്രി ഏഴരയോടെ പെയ്ത കനത്ത കാറ്റിലും മഴയിലുമാണ് അക്വാട്ടിക് കോംപ്ലക്‌സിലെ നീന്തൽക്കുളത്തിന് സമീപത്തെ ഗാലറിക്ക് മുകളിൽ താത്കാലിക അലുമിനിയം ഷീറ്റുകൾ ഇളകിവീണത്. മത്സരാർത്ഥികളായ കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച മത്സരിക്കേണ്ടിയിരുന്ന ശ്രീഹരിക്കും പരിക്കേറ്റിരുന്നു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെങ്കിലും പൂർണ ആരോഗ്യം വീണ്ടെടുത്ത ശേഷമേ ഇവരെ മത്സരത്തിൽ പങ്കെടുപ്പിക്കാനാകൂ. മത്സരങ്ങൾ മാറ്റിവച്ചതോടെ കുട്ടികളും രക്ഷിതാക്കളും മടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |