തൃശൂർ : നൂറുക്കണക്കിന് താരങ്ങളെ വാർത്തെടുക്കേണ്ട കായിക മുറ്റം... കോടികൾ ഒഴുക്കിയിട്ടും 'വെള്ളത്തിൽ'! അഞ്ചേക്കറിൽ തലയുയർത്തിനിൽക്കുന്ന അക്വാട്ടിക് കോംപ്ലക്‌സ് അധികൃതരുടെ കെടുകാര്യസ്ഥതയും പിടിപ്പുകേടും മൂലം നാശത്തിന്റെ വക്കിലാണ്.
ആസൂത്രണമില്ലാതെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോടികൾ ചെലവഴിച്ചിട്ടും കോംപ്ലക്‌സിന്റെ പല ഭാഗങ്ങളും ഉപയോഗശൂന്യമാണ്. ഡൈവിംഗ് പൂൾ, കുട്ടികളുടെ പൂൾ എന്നിവയെല്ലാം കായിക താരങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
സ്‌പോർട്‌സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് 1987ലെ ദേശീയ ഗെയിംസിന് മുന്നോടിയായാണ് കോംപ്ലക്‌സ് നിർമ്മിച്ചത്. കുട്ടികളുടേതടക്കം രണ്ട് നീന്തൽക്കുളങ്ങൾ, ഡൈവിംഗ് പൂൾ, ഷൂട്ടിംഗ്, ബോക്‌സിംഗ്, ജൂഡോ, ബാഡ്മിന്റൺ, പവർലിഫ്റ്റിംഗ് ഉൾപ്പെടെ വിവിധ കായിക ഇനങ്ങളുടെ പരിശീലന കേന്ദ്രം കൂടിയാണിത്. എന്നാൽ ഇവിടുത്തെ പരിമിതമായ സൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ് താരങ്ങൾ.
പൊടിച്ചത് എട്ടു കോടി
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എ.സി. മൊയ്തീൻ കായിക മന്ത്രിയായിരുന്നപ്പോഴാണ് എട്ടു കോടി രൂപ അക്വാട്ടിക് കോംപ്ലക്‌സിന്റെ പുനരുദ്ധാരണത്തിന് അനുവദിച്ചത്. എന്നാൽ വ്യക്തമായ പദ്ധതികളില്ലാതെയാണ് തുക ചെലവഴിച്ചതെന്ന് ആരോപണമുണ്ട്. കുട്ടികളുടെ പൂൾ നവീകരിക്കാത്തത് മൂലം മേൽക്കൂരയിൽനിന്നുള്ള കെട്ടിടാവശിഷ്ടങ്ങൾ കുളത്തിലേക്ക് അടർന്നുവീഴുകയാണ്. ടൈലുകൾ പുതിയത് സ്ഥാപിച്ചതൊഴിച്ചാൽ കാര്യമായ പുനരുദ്ധാരണം നടത്തിയില്ല. മന്ത്രിയെപ്പോലും ചിലർ തെറ്റിദ്ധരിപ്പിച്ചാണ് രൂപരേഖ തയ്യാറാക്കിയതെന്ന് അന്ന് ആരോപണങ്ങളുയർന്നിരുന്നു.
എട്ട് ട്രാക്കിൽ തന്നെ
നിലവിൽ എട്ടു ട്രാക്കുള്ള നീന്തൽക്കുളത്തിൽ സ്ഥലസൗകര്യമുണ്ടെങ്കിലും ഇത് പത്ത് ട്രാക്കാക്കുന്നത് പോലും പ്രാവർത്തികമാക്കിയില്ല. നിലവിലെ നിയമമനുസരിച്ച് ദേശീയ, അന്തർദേശീയ മത്സരങ്ങൾ നടത്തണമെങ്കിൽ പത്ത് ട്രാക്കുകൾ വേണം.സ്ഥിരം മേൽക്കൂര നിർമ്മിച്ചാൽ പൂളിന് ചുറ്റുമുള്ള ഭാഗങ്ങൾ കേടുവരാതെ നിലനിറുത്താനും സാധിക്കും.
ഡൈവിംഗ് പൂളും മാറ്റമില്ല
കൃത്യമായ വെള്ളം മാറ്റുന്നതിനുള്ള സംവിധാനം ഇല്ലാതായതോടെ ഡൈവിംഗ് പൂളും ഉപയോഗശൂന്യമായി. കൃത്യമായ പരിപാലനമുണ്ടെങ്കിൽ വാട്ടർപോളോ കളിക്കാർക്കും ഉപയോഗിക്കാം. ഒപ്പം പ്രധാന നീന്തൽക്കുളം പൊതുജനങ്ങൾക്ക് പരിശീലനത്തിനും മറ്റുമായി കൂടുതൽ ഉപയോഗിക്കാമെന്ന് കായികപ്രേമികൾ ചൂണ്ടിക്കാട്ടുന്നു.
മറ്റ് അസോസിയേഷനുകൾ
നിരവധി കായിക താരങ്ങളെ വാർത്തെടുക്കാൻ സാധിക്കുന്ന അക്വാട്ടിക് കോംപ്ലക്‌സിന് കൃത്യമായ പരിപാലം ഇല്ലാത്തതാണ് പ്രധാന കാരണം. ലഭിക്കുന്ന ഫണ്ട് കൃത്യമായ കാഴ്ചപ്പാടോടെ വിനിയോഗിക്കാൻ സാധിക്കണം
ഇഗ്‌നി മാത്യു, (മുൻ സ്‌പോഴ്ട്‌സ് കൗൺസിൽ പ്രസിഡന്റ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |