SignIn
Kerala Kaumudi Online
Sunday, 04 October 2026 3.57 AM IST

സമരം മുതൽ ഹൈക്കോടതി വരെ; പാലം മാത്രം അകലെ

പുതുക്കാട്: ആറ്റപ്പിള്ളിയിൽ പാലം വേണമെന്ന ആവശ്യവുമായി നാട്ടുകാർ നടത്തിയ സമരങ്ങൾക്ക് കണക്കില്ല. ദേശീയപാത ഉപരോധം മുതൽ ശയനപ്രദക്ഷിണം വരെ. ഒടുവിൽ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചു. പൊതുതാൽപര്യ ഹർജി പരിഗണിച്ച ഹൈക്കോടതി 1999 ആഗസ്റ്റ് 16ന് പദ്ധതി നടപ്പാക്കാത്തതിന്റെ കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി. നബാർഡ് പോലുള്ള ഏജൻസികളിൽനിന്ന് സാമ്പത്തിക സഹായം ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി ഏറ്റെടുത്ത് നിർമ്മിക്കുമെന്നായിരുന്നു സർക്കാരിന്റെ മറുപടി. 2006 ഫെബ്രുവരിയിൽ നബാർഡ് അഞ്ച് കോടി രൂപ അനുവദിച്ചു. ആഗസ്റ്റ് എട്ടിന് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. ഡിസംബർ 12ന് ടെൻഡർ നടപടികൾ ആരംഭിച്ച് പരസ്യം പുറപ്പെടുവിച്ചു. ടെൻഡർ തുറന്നപ്പോൾ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത് 12.5 ശതമാനമായിരുന്നു. മറ്റ് കരാറുകാർ 15, 17.5, 20, 45 ശതമാനം എന്നിങ്ങനെയാണ് ക്വോട്ട് ചെയ്തത്. ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത വടകര ആസ്ഥാനമായ കമ്പനിക്ക് കരാർ നൽകി.
നിയമപ്രകാരം ആറുമാസത്തിനകം നിർമ്മാണം ആരംഭിക്കണം. എന്നാൽ നിർമ്മാണം ആരംഭിച്ചില്ല. ഇതിനിടെ 17.5 ശതമാനം ക്വോട്ട് ചെയ്ത മറ്റൊരു കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് നടപടികൾ കോടതി സ്റ്റേ ചെയ്തു.
തദ്ദേശവാസിയായ കരാറുകാരൻ കോടതിയെ സമീപിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കേസിൽ താൽപര്യം കാണിച്ചില്ല. കരാർ ഏറ്റെടുത്ത കമ്പനി നിർമ്മാണത്തിന് തയ്യാറാകാത്തത് സാമഗ്രികളുടെ വില വർദ്ധന മൂലമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് മറ്റ് കരാറുകാരുമായി ചർച്ച നടത്തി തുകയിൽ ധാരണയിലെത്തി നിർമ്മാണം ഏൽപ്പിക്കാൻ കോടതി ഉത്തരവിട്ടു. എന്നാൽ അതിന് ശേഷവും പദ്ധതി യാഥാർത്ഥ്യമായില്ല.

പാലമെന്ന സ്വപ്നത്തിലേക്ക്

ആറ്റപ്പിള്ളി കടവിൽ മറുകര താണ്ടാൻ പൂർവികർക്ക് ആശ്രയം കടത്തുവള്ളമായിരുന്നു. വേനൽക്കാലത്ത് മൺചിറ നിർമ്മിക്കാൻ തുടങ്ങിയതോടെ യാത്ര മൺചിറയിലൂടെയായി. ഒഴുക്കിൽപ്പെട്ട് ആളുകളെ കാണാതാകുന്നതും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അപകടത്തിൽപ്പെടുന്നതും പതിവായി. മാറിയ സാഹചര്യത്തിനനുസരിച്ചുള്ള യാത്രാസൗകര്യമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒടുവിൽ നാട്ടുകാർ ഒത്തുകൂടി പാലം വന്നാലുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് ചർച്ച നടത്തി. ഈ ചർച്ചകൾക്കൊടുവിലാണ് ആറ്റപ്പിള്ളി റഗുലേറ്റർ കം ബ്രിഡ്ജ് കമ്മിറ്റിക്ക് രൂപം നൽകിയത്. കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നൽകിയ പലരും ഇന്ന് ജീവിച്ചിരിപ്പില്ല.


(തുടരും)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL