
തൃശൂർ: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി കോടികൾ ചെലവഴിച്ചുള്ള തൃശൂർ റെയിൽവേ സ്റ്റേഷന്റെ റീഡെവലപ്പ്മെന്റിനായി പ്രധാന ടെർമിനൽ കെട്ടിടം പൊളിക്കലിന് ഇന്ന് ഉച്ചമുതൽ തുടക്കമാകും. ഒന്നാംഘട്ട നിർമ്മാണത്തിന്റെ ഭാഗമായുള്ള പൊളിക്കൽ പ്രവൃത്തികൾ പൂർത്തിയാകാൻ ഒരു മാസമെടുക്കും. ജൂലായിൽ പൊളിക്കാനായിരുന്നു നിശ്ചയിച്ചതെങ്കിലും മൂന്നുമാസത്തോളം വൈകിയാണ് പ്രവൃത്തികൾ ആരംഭിക്കുന്നത്. കേബിളും മറ്റും മാറ്റുന്നതിന് കാലതാമസം നേരിട്ടതാണ് കാരണം. ഇതോടെ തെക്കുവശത്ത് (കൊക്കാലെ) നിന്നും വടക്കുവശത്ത് (ദിവാൻജിമൂല) നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന വാഹനങ്ങൾ അതുവഴി തന്നെ തിരിച്ചുപോകേണ്ടിവരും. ആർ.എം.എസ് ഓഫീസിനും കൊടിമരത്തിനും മദ്ധ്യേയുള്ള ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. കൊക്കാലെയിൽ നിന്നുള്ള ഓട്ടോ സ്റ്റാൻഡ് പരിസരത്ത് ആളെയിറക്കിയും ദിവാൻജി മൂല നിന്നുള്ള വാഹനങ്ങൾ കൊടിമരം ചുറ്റിയും തിരിച്ചുപോകണം. കൊക്കാലെ ഭാഗത്ത് ഒന്നാം പ്ലാറ്റ്ഫോമിന് മുൻപിലായി രണ്ട് കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. ഇന്ന് മുതൽ പൊളിക്കുന്ന ടെർമിനലുകളിലെ ഓഫീസുകൾ പിന്നീട് ഈ കെട്ടിടങ്ങളിലേക്ക് മാറ്റും. സ്റ്റേഷൻ മാനേജർ, പാഴ്സൽ, ആർ.എം.എസ് ഓഫീസ് തുടങ്ങിയവയാണ് തെക്കുവശത്തെ കെട്ടിടത്തിൽ വരിക. ഇതോടൊപ്പം സ്റ്റേഷന്റെ തെക്കുകിഴക്കുഭാഗത്ത് (ഗുഡ്സ് ഷെഡ് പരിസരത്ത്) റെയിൽവേ ഓഫീസുകളുടെയും ഗുഡ്സ് ഷെഡിന്റെയും നിർമ്മാണവും നടക്കുന്നുണ്ട്. രണ്ടര വർഷമാണ് പദ്ധതിയുടെ നിർമ്മാണ കാലാവധി.
നോ പാർക്കിംഗ്
പ്രധാന ടെർമിനൽ പൊളിക്കുന്നതോടെ സ്റ്റേഷൻ മുറ്റത്ത് സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗില്ല. ഓട്ടോ - ടാക്സി വാഹനങ്ങളുടെ സ്റ്റാൻഡ് ഉണ്ടാകുമെങ്കിലും സ്വകാര്യ വാഹനങ്ങൾ ആളെയിറക്കി കൊടിമരം ചുറ്റി പുറത്തുപോകണം.
പടിഞ്ഞാറൻ കൗണ്ടറില്ല
പ്ലാറ്റ് ഫോമുകൾക്ക് മദ്ധ്യേ കൂടിയുള്ള എയർ കോൺകോഴ്സ് ചെന്നിറങ്ങുന്നത് പടിഞ്ഞാറ് ഭാഗത്തെ പഴയ ടിക്കറ്റ് കൗണ്ടറിന്റെ സ്ഥാനത്താകുമെന്നതിനാൽ പടിഞ്ഞാറ് വശത്ത് ടിക്കറ്റ് കൗണ്ടർ ഇനിയുണ്ടാകില്ല. ടിക്കറ്റ് വെൻഡിംഗ് മെഷിൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. പടിഞ്ഞാറൻ പവലിയനിൽ സ്റ്റെയർകേസും എസ്കലേറ്ററും ബസ് ബേ ഉൾപ്പെടെയുള്ള സൗകര്യങ്ങളും സജ്ജമാക്കും.
നിർമ്മാണം മുന്നോട്ട്
ദിവാൻജി മൂലയ്ക്ക് സമീപം റെയിൽവേ ജീവനക്കാർക്കുള്ള ഫ്ളാറ്റ് നിർമ്മാണം പുരോഗമിക്കുകയാണ്. സ്റ്റേഷൻ മാസ്റ്റർ കെട്ടിടത്തിന്റെ ഒന്നാംനില പൂർത്തിയായി. പടിഞ്ഞാറ് ഗുഡ്സ് ഷെഡ് ഓഫീസ് പരിസരത്ത് യാത്രക്കാരുമായി നേരിട്ട് ബന്ധമില്ലാത്ത പ്രൊജക്ട് മാനേജ്മെന്റ് ഓഫീസ് നിർമ്മാണം, ഗുഡ്സ് ഷെഡ് നിർമ്മാണം എന്നിവയും പുരോഗമിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |