
കോട്ടയം : രാജ്യാന്തര വിപണിയിലെ വില കുതിപ്പിന്റെ നേട്ടം റബർ കർഷകർക്ക് നിഷേധിക്കാൻ ടയർ ലോബി നീക്കം ശക്തമാക്കുന്നു. ആഭ്യന്തര വില പിടിച്ചുനിറുത്താൻ വ്യവസായികൾ വിപണിയിൽ നിന്ന് കഴിഞ്ഞ വാരം വിട്ടുനിന്നു. ഇതോടെ റബർ ബോർഡ് വില 231 രൂപയിലേക്കും വ്യാപാരി വില 226 രൂപയിലേക്കും ഇടിഞ്ഞു. കഴിഞ്ഞമാസം വില 252 രൂപയെന്ന റെക്കാഡിട്ടിരുന്നു. വെയിൽ തെളിഞ്ഞതോടെ ടാപ്പിംഗ് പുനരാരംഭിച്ച ചെറുകിട കർഷകർക്ക് നിലവിൽ ചെലവ് കാശ് പോലും കിട്ടുന്നില്ല.
ടയർ കമ്പനികൾ നേരത്തേ ബുക്ക് ചെയ്തിരുന്ന ഒരു ലക്ഷത്തിലധികം ടൺ ചരക്ക് വിപണിയിലെത്തിയതാണ് വില ഇടിച്ചത്. ചൈനയിൽ കിലോയ്ക്ക് ഒൻപത് രൂപയും ടോക്കിയോയിൽ 14 രൂപയും ബാങ്കോക്കിൽ അഞ്ച് രൂപയും റബർ വില ഉയർന്നു.
ഉത്‌സവകാല കുതിപ്പിൽ കുരുമുളക്
ഉത്തരേന്ത്യയിൽ ഉത്സവ സീസണായതോടെ കുരുമുളകിന് നല്ല കാലമായി. ശ്രീലങ്കയിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ ചരക്ക് വിപണിയിലുണ്ടെങ്കിലും എരിവ് കൂടുതലുള്ള ഇടുക്കി, വയനാട് കുരുമുളകിനാണ് പ്രിയമേറുന്നത്. രാജ്യാന്തര വിപണിയിൽ ഇന്ത്യയുടെ കയറ്റുമതി വില ടണ്ണിന് 8250 ഡോളറാണ്. വിയറ്റ്നാം 7500 ഡോളർ, ഇന്തോനേഷ്യ 8000 ഡോളർ, ശ്രീലങ്ക 6800 ഡോളർ എന്നിങ്ങനെയാണ് കയറ്റുമതി നടക്കുന്നത്.
''വിലയിലെ ചാഞ്ചാട്ടം ചെറുകിട കർഷകർക്ക് പ്രതികൂലമാണ്. വില ഉയരുമെന്ന പ്രതീക്ഷയിൽ സ്റ്റോക്ക് ചെയ്തവർ പ്രതിസന്ധിയിലാണ്. കൃഷിയിൽ നിന്ന് പിന്തിരിയാൻ കർഷകർ നിർബന്ധിതരാകുന്നു.
കുര്യൻ തോമസ്, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |