
ഓഹരികളും സ്വർണവും വാങ്ങികൂട്ടി നിക്ഷേപകർ
കൊച്ചി: ഡിസംബറിലെ വാഹന വിൽപ്പന കണക്കുകളും ആഗോള മേഖലയിലെ അനുകൂല വാർത്തകളും ഓഹരി വിപണിക്ക് ആവേശം പകർന്നു. ആറ് മാസത്തിനിടെയിലെ ഏറ്റവും വലിയ പ്രതിദിന കുതിപ്പാണ് സെൻസെക്സിലും നിഫ്‌റ്റിയിലും ഇന്നലെയുണ്ടായത്. സ്വർണ വിപണിയിലും ഇന്നലെ ഉണർവ് ദൃശ്യമായി. സ്വർണ വില ഇന്നലെ പവന് 240 രൂപ ഉയർന്ന് 57,440 രൂപയിലെത്തി. അമേരിക്കയിലെ ബിസിനസ് സാഹചര്യം മെച്ചപ്പെട്ടുവെന്ന പ്രതീക്ഷയിൽ ഐ.ടി കമ്പനികളുടെ ഓഹരി വിലയിലും വലിയ മുന്നേറ്റമുണ്ടായി. ധനകാര്യ മേഖലയിലെ പ്രമുഖ ഓഹരികളും ഇന്നലെ നേട്ടമുണ്ടാക്കി. ചെറുകിട, ഇടത്തരം ഓഹരികളിലും ഇന്നലെ മികച്ച വാങ്ങൽ താത്പര്യമാണുണ്ടായത്.
സെൻസെക്സ് 1,436.30 പോയിന്റ് മുന്നേറി 79,943.71ൽ അവസാനിച്ചു. നിഫ്‌റ്റി 445.75 പോയിന്റ് നേട്ടത്തോടെ 24,188.65ൽ എത്തി. ഹ്രസ്വകാലത്തെ തളർച്ചയ്ക്ക് ശേഷം സാമ്പത്തിക മേഖല വീണ്ടും ഉണർവിന്റെ പാതയിലേക്ക് എത്തുകയാണെന്ന് അനലിസ്‌റ്റുകൾ പറയുന്നു. ഐഷർ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഹീറോ ഓട്ടോകോർപ്പ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നിവയുടെ ഓഹരി വിലയിൽ എട്ട് ശതമാനം വർദ്ധനയുണ്ടായി.
ഐ.ടി മേഖലയിൽ വിശ്വാസമേറുന്നു
ഡൊണാൾഡ് ട്രംപ് അമേരിക്കയുടെപ്രസിഡന്റ് പദവിയിലേക്ക് വീണ്ടും എത്തുന്നതും രൂപയുടെ മൂല്യയിടിവും ആഗോള തലത്തിൽ ഇന്ത്യൻ ഐ. ടി കമ്പനികൾക്ക് വലിയ അവസരമാകുമെന്ന് നിക്ഷേപകർ വിലയിരുത്തുന്നു. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം രണ്ട് തവണ മുഖ്യ പലിശ നിരക്ക് കുറയ്ക്കാനുള്ള സാദ്ധ്യത വിപണിയിൽ ഉണർവ് സൃഷ്ടിക്കും. ഇതോടെ ഐ.ടി രംഗത്ത് കൂടുതൽ കരാറുകൾ ഇന്ത്യൻ കമ്പനികൾക്ക് ലഭിക്കുമെന്നും വിലയിരുത്തുന്നു.
നിലയുറക്കാതെ രൂപ
തുടർച്ചയായ എട്ടാം ദിവസവും അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം പുതിയ റെക്കാഡ് താഴ്ചയിലെത്തി. ഇന്നലെ ഡോളറിനെതിരെ രൂപ പത്ത് പൈസ നഷ്‌ടത്തോടെ 85.75ൽ വ്യാപാരം പൂർത്തിയാക്കി. ഒരവസരത്തിൽ രൂപ 85.79 വരെ താഴ്ന്നെങ്കിലും റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ട് കനത്ത തകർച്ച ഒഴിവാക്കി.
നിക്ഷേപകർക്ക് ലാഭം 8.52 ലക്ഷം കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |