
തിരുവനന്തപുരം: ആശയകുഴപ്പങ്ങളുണ്ടെന്ന പരാതികളിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ
പത്ത് ലക്ഷം രൂപയിലധികം മൂല്യമുള്ള സ്വർണം കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ ഏർപ്പെടുത്തിയ വിജ്ഞാപനം സർക്കാർ ഇന്നലെ മരവിപ്പിച്ചു. സർക്കാർ വിജ്ഞാപനത്തിൽ വ്യക്തതയില്ലെന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ ആക്ഷേപം ജനുവരി രണ്ടിന് 'കേരളകൗമുദി' പ്രസിദ്ധീകരിച്ചിരുന്നു.
അൻപത് കിലോമീറ്ററിനുള്ളിൽ ഹ്രസ്വദൂര ചലനങ്ങൾ, കൊറിയർ, ഇ കൊമേഴ്സ് ഓപ്പറേറ്റർമാർ, നോൺ സപ്ലൈ വിഭാഗങ്ങളിലെ സ്റ്റോക്ക് ട്രാൻസ്ഫറുകൾ, പ്രദർശനങ്ങൾ, അറ്റകുറ്റപ്പണികൾ തുടങ്ങിയവയിൽ സ്വർണാഭരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇ-വേ ബാധകമാണോയെന്ന ആശങ്ക ഉയർന്നിരുന്നു. സ്വർണാഭരണവുമായി നടന്നുപോകുന്നവർക്ക് ഇത് ബാധകമാണോയെന്നും 10 ലക്ഷം രൂപയുടെ പരിധി നികുതി വിധേയമായ മൂല്യമാണോ നികുതി ഉൾപ്പെടെയുള്ള ഇൻവോയ്സ് മൂല്യമാണോയെന്നും വ്യക്തതയില്ലെന്ന് വ്യാപാരികൾ പരാതി പറഞ്ഞിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന സ്വർണത്തെക്കുറിച്ചും വിജ്ഞാപനത്തിൽ പരാമർശം ഉണ്ടായിരുന്നില്ല.
കേസുകൾ പിൻവലിക്കണമെന്ന് എ.കെ.ജി.എസ്.എം.എ
ഉത്തരവ് മരവിപ്പിച്ച സാഹചര്യത്തിൽ ജനുവരി ഒന്ന് മുതൽ എട്ട് വരെയെടുത്ത കേസുകൾ പിൻവലിക്കണമെന്നും, പിഴത്തുക തിരിച്ചു നൽകണമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ(എ.കെ.ജി.എസ്.എം.എ) സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |