
കൊച്ചി: കേരളത്തിൽ വൻകിട വ്യവസായങ്ങൾക്ക് പ്രസക്തിയില്ലെങ്കിലും അവയ്‌ക്ക് സാങ്കേതികസേവനം നൽകുന്ന കമ്പനികളുടെ ഇഷ്ടസ്ഥലമായി സംസ്ഥാനം മാറിയെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഐ.ടി സേവന മേഖലയ്ക്കപ്പുറം മറ്റ് സാങ്കേതിക കമ്പനികളും കേരളത്തിലേയ്‌ക്ക് വരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന വ്യവസായ വകുപ്പിന്റെ മിഷൻ 1000 സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓട്ടോമോട്ടീവ്, ജെനറേറ്റീവ് എ.ഐ., മെഷീൻ ലേണിംഗ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ ഹബ്ബായി കേരളം മാറുകയാണ്. നാല് വർഷത്തിനുള്ളിൽ 1,000 ചെറുകിട സൂക്ഷ്‌മ വ്യവസായ സംരംഭങ്ങളെ 100 കോടി രൂപയിലധികം വിറ്റുവരവുള്ളവരാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് മിഷൻ 1000.
സംരംഭ വർഷം പദ്ധതിയിലൂടെ മൂന്നുവർഷത്തിനിടെ 3,40.202 സംരംഭങ്ങളിലൂടെ 7,21,000 തൊഴിലവസരമുണ്ടായി. 21,838 കോടി രൂപയാണ് നിക്ഷേപമായി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ മിർ മുഹമ്മദ് അലി, അഡിഷണൽ ഡയറക്ടർമാരായ രാജീവ് ജി, ഡോ. കെ.എസ്. കൃപകുമാർ, എസ്.എൽ.ബി.സി കൺവീനർ പ്രദീപ് കെ.എസ്, കെഡിസ്‌ക് എക്‌സിക്യുട്ടീവ് ഡയറക്ടർ പി.എം. റിയാസ്, കെ.എസ്.എസ്.ഐ.എ വൈസ് പ്രസിഡന്റ് പി.ജെ. ജോസ്, ഫിക്കി കേരള ഹെൽത്ത് കമ്മിറ്റി ചെയർമാൻ ബിബു പുന്നാരൻ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |