
വ്യാപാര കമ്മിയിലെ വർദ്ധന നിയന്ത്രിക്കാൻ സമ്മർദ്ദം
കൊച്ചി: ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന 2025-26 വർഷത്തെ കേന്ദ്ര ബഡ്‌ജറ്റിൽ സ്വർണത്തിന്റെ എക്‌സൈസ് തീരുവ വർദ്ധിപ്പിച്ചേക്കും. കഴിഞ്ഞ വർഷം ജൂലായ് 23ന് അവതരിപ്പിച്ച 2025ലെ സമ്പൂർണ ബഡ്‌ജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി നിർമ്മല സീതാരാമൻ കുറച്ചിരുന്നു. വിപണിയിൽ വില സ്ഥിരത ഉറപ്പാക്കുന്നതിനും കള്ളക്കടത്തിന് തടയിടുന്നതിനുമാണ് തീരുവ കുറച്ചതെങ്കിലും ഇതോടെ സ്വർണ ഇറക്കുമതി കുതിച്ചുയർന്നതാണ് പുനർവിചിന്തനത്തിന് കേന്ദ്ര സർക്കാരിനെ പ്രേരിപ്പിക്കുന്നത്. ആഗസ്റ്റിൽ സ്വർണ ഇറക്കുമതി 104 ശതമാനം ഉയർന്ന് 1,006 കോടി ഡോളറിലെത്തിയിരുന്നു. സ്വർണ ഇറക്കുമതിയിലെ വർദ്ധന ഇന്ത്യയുടെ വ്യാപാര കമ്മി ഉയർത്തുന്ന സാഹചര്യത്തിലാണ് തീരുവ വീണ്ടും കൂട്ടാൻ ആലോചിക്കുന്നത്. സ്വർണ കള്ളക്കടത്ത് ഒരു പരിധി വരെ കുറഞ്ഞെങ്കിലും തീരുവയിലെ ഇളവ് ഉപഭോഗം ഉയർത്തുന്നുവെന്ന് വിലയിരുത്തുന്നു.
സ്വർണം വാങ്ങാൻ അനുകൂല കാലം
ബഡ്‌ജറ്റിൽ തീരുവ വർദ്ധനയുണ്ടായില്ലെങ്കിലും സ്വർണം വാങ്ങുന്നതിന് അനുകൂല സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് നിക്ഷേപ വിദഗ്ദ്ധർ പറയുന്നു. ആഗോള ധനകാര്യ മേഖലയിലെ അനിശ്ചിതത്വം സ്വർണ വില വരും മാസങ്ങളിൽ പുതിയ ഉയരങ്ങളിലേക്ക് നീങ്ങാൻ സഹായിക്കും. ട്രംപിന്റെ വ്യാപാര യുദ്ധവും ആഗോള നാണയപ്പെരുപ്പ ഭീഷണിയും സ്വർണ വിപണിക്ക് അനുകൂല സാഹചര്യമാണ്. രാജ്യാന്തര വിപണിയിൽ നിലവിൽ ഔൺസിന് 2,710 ഡോളറിലുള്ള സ്വർണ വില നടപ്പുവർഷം മൂവായിരം ഡോളർ കവിയാനിടയുണ്ട്. കേരളത്തിൽ പവൻ വില 65,000 രൂപ കവിഞ്ഞേക്കുമെന്ന് വ്യാപാരികൾ പറയുന്നു.
സ്വർണ ഇറക്കുമതി
മാസം ഇറക്കുമതി മൂല്യം
ആഗസ്‌റ്റ് 1,006 കോടി ഡോളർ
സെപ്തംബർ 439 കോടി ഡോളർ
ഒക്‌ടോബർ 719 കോടി ഡോളർ
നവംബർ 908 കോടി ഡോളർ
ഡിസംബർ 470 കോടി ഡോളർ
ബഡ്‌ജറ്റിന് ശേഷം ഇന്ത്യയുടെ സ്വർണ ഇറക്കുമതി
3,542 കോടി ഡോളർ(മൂന്ന് ലക്ഷം കോടി രൂപ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |