SignIn
Kerala Kaumudi Online
Friday, 23 October 2026 4.59 PM IST

ലോകം ട്രംപണോമിക്‌സ് കാലത്തേക്ക്

trump

വ്യാപാര, തീരുവ യുദ്ധ ഭീതിയിൽ വിപണികൾ

കൊച്ചി: അമേരിക്കയുടെ പ്രസിഡന്റായി ഇന്ന് ചുമതലയേൽക്കുന്ന ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക, രാഷ്‌ട്രീയ, തീരുവ നയങ്ങൾ ഉറ്റുനോക്കുകയാണ് ലോകമൊട്ടാകെയുള്ള ധനകാര്യ വിപണികൾ. ആഗോളവൽക്കരണ സങ്കൽപ്പങ്ങൾ ഉടച്ചുവാർക്കുന്ന നയ സമീപനത്തിലേക്ക് അമേരിക്ക നീങ്ങുമോയെന്ന ആശങ്കയിലാണ് നിക്ഷേപകർ. ഇന്ത്യയുടെ ഓഹരി, നാണയ, കടപ്പത്ര വിപണികളിൽ ദൂരവ്യാപകമായ മാറ്റങ്ങൾ ട്രംപ് 2.0 കാലം വഴിതെളിച്ചേക്കും.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിബന്ധം സൂക്ഷിക്കുന്ന ഡൊണാൾഡ് ട്രംപ് സാമ്പത്തിക നയത്തിലും ഉദാര സമീപനം സ്വീകരിക്കുമോയെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. ചൈനയ്ക്കെതിരെ വലിയ തീരുവ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ട്രംപിന്റെ നടപടികൾ ഏഷ്യയിലെ ബദൽ നിക്ഷേപ കേന്ദ്രമായി മാറാൻ ഇന്ത്യയ്ക്ക് അവസരമൊരുക്കും. വിദേശ നിക്ഷേപ ഒഴുക്കിനെ മുതൽ കയറ്റുമതി, എച്ച്.വൺ ബി വിസ അനുവദിക്കുന്നതിൽ വരെ മുൻകാല ഭരണകൂടങ്ങളിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് ഡൊണാൾഡ് ട്രംപിനുള്ളത്. 'അമേരിക്ക ഫസ്‌റ്റ്' എന്ന നയസമീപനത്തിലുള്ള നീക്കങ്ങൾ ഇന്ത്യയ്ക്ക് ഗുണവും ദോഷവുമുണ്ടാക്കുമെന്ന് വിദഗ്ദ്ധർ പ്രവചിക്കുന്നു.

ഓഹരി വിപണിയിൽ സമ്മർദ്ദമേറും

ട്രംപ് 2.0 കാലം ലോകമെമ്പാടും വിലക്കയറ്റം രൂക്ഷമാക്കുമെന്നാണ് വിലയിരുത്തുന്നത്. പലിശ നിരക്ക് നിശ്ചയിക്കുന്നതിൽ നാണയപ്പെരുപ്പം പ്രധാന ഘടകമാകുമെന്ന് അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ പലിശ കുറയാൻ സാദ്ധ്യതകൾ കുറഞ്ഞേക്കും. അമേരിക്കൻ ബാേണ്ടുകളുടെയും ഡോളറിന്റെയും മൂല്യം ഗണ്യമായി കൂടാൻ ഇതോടെ സാഹചര്യമൊരുങ്ങും. ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം പുറത്തേക്ക് നീങ്ങാനും ഇടയുണ്ട്.

രൂപയ്ക്കും നിർണായകം

തിരഞ്ഞെടുപ്പ് കാലത്ത് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച നയങ്ങൾ വെള്ളം ചേർക്കാതെ നടപ്പിലാക്കിയാൽ അമേരിക്കൻ ഡോളർ കൂടുതൽ ശക്തിയാർജിക്കും. ഇതോടൊപ്പം ചൈനയ്ക്കെതിരെയുള്ള നടപടികൾ യുവാന് വെല്ലുവിളിയാകും. ഇന്ത്യൻ രൂപയുടെ മൂല്യം റെക്കാഡുകൾ പുതുക്കി താഴേക്ക് നീങ്ങാനാണ് സാദ്ധ്യത. വിദേശ നാണയ ശേഖരത്തിന് ഭീഷണിയാകുമെന്നതിനാൽ രൂപയ്ക്ക് പിന്തുണ നൽകാൻ വിപണിയിൽ ഇടപെടാൻ റിസർവ് ബാങ്ക് ഒരു പരിധിയിലധികം തയ്യാറാകില്ലെന്നും വിലയിരുത്തുന്നു. ഒരു ഡോളറിന് നൂറ് രൂപ വരെ നൽകേണ്ട സാഹചര്യം അകലെയല്ലെന്നും നാണയ വിപണിയിലുള്ളവർ പറയുന്നു.

ഇന്ത്യൻ വ്യാപാര മേഖലയ്ക്ക് പ്രതീക്ഷ

ചൈനയിലേക്കുള്ള വ്യാപാര, നിക്ഷേപ ഒഴുക്ക് ഇല്ലാതാക്കാൻ ലക്ഷ്യമിടുന്ന ട്രംപ് നയങ്ങൾ ഇന്ത്യയ്‌ക്ക് വലിയ അവസരങ്ങൾ തുറന്നിട്ടേക്കും. ഏഷ്യയിലെ സാമ്പത്തിക ഭൂമികയിൽ മാറ്റം വരുത്താനും ട്രംപണോമിക്സ് കാരണമാകും. തീരുവയിലും വ്യാപാര ഇടപാടുകളിലും അമേരിക്കൻ താത്പര്യങ്ങൾ സംരംക്ഷിക്കാൻ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നടപടികൾ അമേരിക്കയെ ഏറെ ആശ്രയിക്കുന്ന സാമ്പത്തിക മേഖലകളായ ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. ഇന്ത്യൻ കയറ്റുമതിക്കാർക്ക് കൂടുതൽ വിപണി നേടാനും രാജ്യത്തേക്ക് അധിക വ്യവസായ നിക്ഷേപം എത്താനും സഹായിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360