
കൊച്ചി: നടപ്പു സാമ്പത്തിക വർഷം മൂന്നാം ത്രൈമാസക്കാലയളവിലെ കമ്പനികളുടെ പ്രവർത്തന ഫലങ്ങളിലെ നിരാശയും ഡോളർ കരുത്താർജിക്കുന്നതും കണക്കിലെടുത്ത് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ വില്പന സമ്മർദ്ദം ശക്തമാക്കി. ജനുവരിയിൽ ആദ്യ രണ്ടാഴ്ചയ്ക്കിടെ 44,396 കോടി രൂപയാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്. ഡിസംബറിൽ വിദേശ ഫണ്ടുകൾ ഇന്ത്യയിൽ 15,446 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായി റെക്കാഡുകൾ പുതുക്കി താഴേക്ക് നീങ്ങുന്നതിനാൽ വിദേശ ഫണ്ടുകൾ കനത്ത വരുമാന നഷ്‌ടം നേരിടുകയാണെന്ന് നിക്ഷേപ വിദഗ്ദ്ധർ പറയുന്നു.
ഈയിടെ വിപണിയിൽ ഏറെ തിരുത്തലുണ്ടായെങ്കിലും ഇന്ത്യൻ ഓഹരികളുടെ വില ഇപ്പോഴും ഉയർന്ന തലത്തിൽ തുടരുകയാണെന്ന് അവർ പറയുന്നു. കമ്പനികളുടെ നിരാശാജനകമായ പ്രവർത്തന ഫലങ്ങൾക്കൊപ്പം സാമ്പത്തിക മേഖലയിലെ തളർച്ചയും വിദേശ പണം പുറത്തേക്ക് ഒഴുകാൻ കാരണമാകുന്നു.
വിദേശ നിക്ഷേപ ഒഴുക്ക്
2022ൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1.21 ലക്ഷം കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്. എന്നാൽ 2023ൽ ഇന്ത്യൻ സാമ്പത്തിക മേഖല ആവേശകരമായ വളർച്ച നേടിയതോടെ വിദേശ ഫണ്ടുകൾ 1.71 ലക്ഷം കോടി രൂപയുടെ ഓഹരികൾ ഇന്ത്യയിൽ വാങ്ങി. കഴിഞ്ഞ വർഷം വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപം കേവലം 427 കോടി രൂപ മാത്രമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |